‘വിശ്വനായകൻ’ ആയി വിടവാങ്ങി രോഹിത്, ലോകം കീഴടക്കി കോലിയുടെ പടിയിറക്കം; ഈ കിരീടം നിങ്ങൾക്കാണ്... നന്ദി
Mail This Article
ബാർബഡോസ്∙ കൃത്യം ഏഴു മാസവും പത്തു ദിവസവും മുൻപ് ഇതുപോലൊരു ഫൈനൽ മത്സരശേഷം നെഞ്ചുതകർന്ന് നിൽകുന്ന ക്യാപ്റ്റൻ രോഹിത് ശർമയെയാണ് ഇന്ത്യൻ ആരാധകർ കണ്ടത്. തോൽവിയിലും ചെറുപുഞ്ചിരിയോടെ മാത്രം എപ്പോഴും കാണുന്ന രോഹിത്തിന്റെ കണ്ണുകളിൽ നനവ് പടർന്നിരുന്നു. 2023 നവംബർ 19ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഏകദിന ലോകകപ്പ് ഫൈനലിൽ നാലാം ലോക കിരീടമെന്ന സ്വപ്നം പൊലിഞ്ഞതിന്റെ ദുഃഖഭാരം ആ കണ്ണുകളിൽ നിഴലിക്കുന്നുണ്ടായിരുന്നു. ഒരു ഐസിസി കപ്പു പോലും നേടാനാകാത്ത നായകനായി കരിയർ അവസാനിപ്പിക്കേണ്ടി വരുമോ എന്ന ചോദ്യം ചുറ്റുമുയർന്നപ്പോൾ ആ വേദന രോഹിത്തിനെയും അലട്ടിയിരിക്കാം.
എന്നാൽ കരീബിയൻ മണ്ണിൽവച്ച്, ഈ സങ്കടങ്ങൾക്കും ചോദ്യമുനകൾക്കുമെല്ലാം പകരംവീട്ടിയിരിക്കുകയാണ് ഹിറ്റ്മാൻ. 37–ാം വയസ്സിൽ, നായകനായും ബാറ്ററായുമെല്ലാം ടീമിനെ മുന്നിൽനിന്നു നയിച്ച് ഇന്ത്യയ്ക്ക് നാലാം ലോകകിരീടം (രണ്ട് ഏകദിന കിരീടങ്ങൾ, രണ്ടു ട്വന്റി20 കിരീടങ്ങൾ) നേടിക്കൊടുത്തിരിക്കുന്നു ഈ മറാഠക്കാരൻ. 21–ാം നൂറ്റാണ്ടിൽ ഇന്ത്യൻ ക്രിക്കറ്റിനെ മാറ്റിമറിച്ച ക്യാപ്റ്റന്മാരിൽനിന്നെല്ലാം വ്യത്യസ്തനായിരുന്നു രോഹിത്. സൗരവ് ഗാംഗുലി, മഹേന്ദ്ര സിങ് ധോണി, വിരാട് കോലി എന്നിവർ പിന്തുടർന്നിരുന്ന ശൈലിയായിരുന്നില്ല അയാളുടേത്.
സഹതാരങ്ങൾക്ക് സുഹൃത്തായ ‘ഭായ്’ ആണ് രോഹിത്. ഗലി ക്രിക്കറ്റും ഗലി ഭാഷയും മനസ്സിലാക്കുന്ന ഒരു സാധാരണക്കാരൻ. ജയിക്കാൻ ആഗ്രഹിക്കുന്ന, എന്നാൽ സമ്മർദ നിമിഷങ്ങളിൽ വൈകാരികമായി പ്രതികരിക്കുന്ന ഒരാൾ. സെമിഫൈനലിൽ ഇംഗ്ലണ്ടിനെ തോൽപ്പിച്ചപ്പോഴും വികാരഭരിതനായ രോഹിത്തിനെയാണ് ഡ്രസിങ് റൂമിൽ കണ്ടത്. കിരീടനേട്ടശേഷം മൈതാനത്ത് കുമ്പിടുന്ന രോഹിത്തിനെയും. ഈ വൈകാരികത തന്നെയാണ് ഈ ലോകകപ്പ് കിരീടം രോഹിത്തിനും ഇന്ത്യൻ ആരാധകർക്കും നൽകുന്നത്. 11 വർഷത്തെ കാത്തിരിപ്പ് അവസാനിച്ചതിന്റെ ആനന്ദവും ആശ്വാസവും. 2013ൽ ചാംപ്യൻസ് ട്രോഫിയാണ് ഇതിനു മുൻപ് ഇന്ത്യയ്ക്ക് കിട്ടിയ ഐസിസി കിരീടം.
എക്കാലത്തെയും മികച്ച ക്യാപ്റ്റന്മാരുടെ ചുരുക്കപ്പട്ടികയിൽ രോഹിത് ഈ ടൂർണമെന്റിനു മുൻപു വരെയും ഉൾപ്പെട്ടിരുന്നില്ല. എന്നാൽ ഇന്ത്യയ്ക്ക് ലോകകിരീടം നേടിത്തന്ന നായകന്മാരുടെ പട്ടികയിൽ ഇനി രോഹിത്തിന്റെ പേരുമുണ്ടാകും. വിശ്വം കീഴടക്കിയ വിശ്വനായകനായി. ഒരു കളിക്കാരൻ/ക്യാപ്റ്റൻ എന്ന നിലയിൽ, ടീമിന്റെ ആവശ്യമനുസരിച്ച് നിസ്വാർഥമായ ക്രിക്കറ്റാണ് രോഹിത് കളിക്കുന്നത്. വ്യക്തിഗത പ്രകടനങ്ങളേക്കാളും ടീം മികച്ചതാക്കുന്നതിനെക്കുറിച്ചും ക്യാപ്റ്റൻമാർ സംസാരിക്കുന്നത് ക്ലീഷെയാണ്. എന്നാൽ ഈ ക്ലീഷെ രോഹിത്തിന്റെ കാര്യത്തിൽ ശരിയാണ്. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ക്യാപ്റ്റൻസി ഒരു ജോലിയാണ്, ഒരു ദൗത്യമല്ല. ആ ഉത്തരവാദിത്തം ഒരു ഭാരമായി അദ്ദേഹം കാണുന്നില്ല.
അലസൻ എന്നു തോന്നിക്കുന്ന ശരീരഭാഷയുള്ള, വാർത്താസമ്മേളനങ്ങളിൽ ചോദ്യങ്ങളോട് എപ്പോഴും സരസമായി പെരുമാറുന്ന രോഹിത്, സിക്സർ അടിക്കാൻ സിക്സ് പായ്ക്ക് വേണ്ടെന്ന് കൂടി തെളിയിച്ചിട്ടുള്ള ആളാണ്. ഫിറ്റ്നസിന്റെ പേരിൽ എന്നും പഴി കേട്ടിട്ടുള്ള രോഹിത്തിനു പക്ഷേ ഹിറ്റ്മാൻ എന്ന വിളിപ്പേരു വന്നത് വെറുതെയല്ല. ആ പേര് അന്വർഥമാക്കുന്ന തരത്തിലായിരുന്നു ഈ ടൂർണമെന്റിലും രോഹിത്തിന്റെ പ്രകടനം. റൺവേട്ടക്കാരിൽ രണ്ടാമൻ. ഇന്ത്യ ജയിക്കണമെന്ന് ആരാധകർ എപ്പോഴും ആഗ്രഹിക്കുന്നുണ്ട്. എന്നാൽ രോഹിത്തിനു വേണ്ടി ഇന്ത്യ ജയിക്കണമെന്ന് ആഗ്രഹിക്കുന്നവർ കൂടിയുണ്ട് എന്നതാണ് അയാളുടെ വിജയം. ആ ആഗ്രഹം സഫലമാകുകയും ചെയ്തിരിക്കുന്നു.
രോഹിത്തിന്റെ രണ്ടാം ട്വന്റി20 ലോകകപ്പ് കിരീടമാണ് ഇത്. 2007ലെ പ്രഥമ ട്വന്റി20 ലോകകപ്പിൽ കിരീടം നേടിയ ഇന്ത്യൻ ടീമിൽ രോഹിത് അംഗമായിരുന്നു. രണ്ട് ട്വന്റി20 ലോകകപ്പ് കിരീടം നേടുന്ന ആദ്യ ഇന്ത്യൻ താരമായി രോഹിത് മാറി. 2007ൽ ദക്ഷിണാഫ്രിക്കയിലെ ജൊഹാനസ്ബർഗിൽ പാക്കിസ്ഥാനെ തകർത്തായിരുന്നു ഇന്ത്യയുടെ കിരീടനേട്ടം. ഇന്ന് കരീബിയൻ മണ്ണിൽ ദക്ഷിണാഫ്രിക്കയെ തകർത്തും. കിരീടനേട്ടത്തിലെ ഈ ദക്ഷിണാഫ്രിക്കൻ ബന്ധം കാലം കാത്തുവച്ച കൗതുകമാകാം. 2007 മുതൽ എല്ലാ ട്വന്റി20 ലോകകപ്പ് ടീമുകളിലും രോഹിത് അംഗമായിരുന്നു. രണ്ടു തവണ ടീമിനെ നയിച്ചു. രണ്ടാം തവണ കിരീടനേട്ടവും. അഞ്ച് തവണ മുംബൈ ഇന്ത്യൻസിനായി ഐപിഎൽ കിരീടം നേടിയിട്ടുള്ള രോഹിത്തിനു പൊൻതൂവലായി ഒരു രാജ്യാന്തര ട്വന്റി20 കിരീടം. അതും ട്വന്റി20 ക്രിക്കറ്റിനെ തന്നെ മാറ്റിമറിച്ച ലീഗായ ഐപിഎൽ 2008ൽ ആരംഭിച്ചശേഷമുള്ള ഇന്ത്യയുടെ ആദ്യ ട്വന്റി20 ലോകകപ്പ് കിരീടം.
എങ്കിലും ഏകദിന ലോകകപ്പ് എന്ന മോഹം രോഹിത്തിനുള്ളിൽ വീണ്ടും അവശേഷിക്കും. 2011ൽ ഏകദിന ലോകകപ്പ് നേടിയ ടീമിൽ രോഹിത് അംഗമായിരുന്നില്ല. അതിന്റെ സങ്കടം രോഹിത് തുറന്നുപറഞ്ഞിട്ടുമുണ്ട്. 2027ലെ ഏകദിന ലോകകപ്പ് വരെ രോഹിത്തിന്റെ കരിയർ ഉണ്ടാകുമോ എന്നത് ചോദ്യചിഹ്നമാണ്. രാഹുൽ ദ്രാവിഡ് പരിശീലക സ്ഥാനം ഒഴിയുന്നതോടെ കോച്ചാകുമെന്ന് കരുതുന്ന ഗൗതം ഗംഭീർ, 2027 ഏകദിന ലോകകപ്പ് ടീം രോഹിത്തിന്റെ നേതൃത്വത്തിൽ തന്നെ വേണമെന്ന് ബിസിസിഐയോട് ആവശ്യപ്പെട്ടതായാണ് സൂചന. അങ്ങനെയെങ്കിൽ ഒരു ഏകദിന ലോകകപ്പ് കൂടി രോഹിത് നേടി തരുമെന്ന് ആരാധകർ വിശ്വസിക്കുന്നു. ടീമിനേക്കാൾ ഉപരി രോഹിത് അത് അർഹിക്കുന്നു എന്നതാണ് വസ്തുത.
∙ സീനിയേഴ്സിന്റെ ‘ഫൈനൽ’ ട്വന്റി20
ഈ ഫൈനൽ മത്സരം രോഹിത് ശർമയുടെയും വിരാട് കോലിയുടെയും ‘ഫൈനൽ’ രാജ്യാന്തര ട്വന്റി20 മത്സരം കൂടിയായിരുന്നു. ഫൈനലിലെ പ്ലെയർ ഓഫ് ദ്മാച്ച് പുരസ്കാരം ഏറ്റുവാങ്ങുന്നതിനിടെയാണ് ട്വന്റി20യിൽനിന്നു കോലി വിരമിക്കൽ പ്രഖ്യാപിച്ചത്. മത്സരശേഷമുള്ള വാർത്താസമ്മേളനത്തിൽ രോഹിത്തും. അങ്ങനെ പുതുതലമുറയിലെ രണ്ട് ഇതിഹാസ താരങ്ങൾ ഒരുദിവസം തന്നെ വിരമിക്കൽ പ്രഖ്യാപിക്കുന്ന അപൂർവതയ്ക്കും ഇന്ത്യൻ ക്രിക്കറ്റ് സാക്ഷിയായി. ഇതൊരു പരസ്യമായ രഹസ്യമാണെന്നും കിരീടനേട്ടത്തോടെ പടിയിറങ്ങുന്നതിൽ അഭിമാനമുണ്ടെന്നുമായിരുന്നു കോലിയുടെ വാക്കുകൾ.
‘‘അടുത്ത തലമുറയ്ക്ക് ടി20 മുന്നോട്ട് കൊണ്ടുപോകാനും ഐപിഎലിൽ അവർ ചെയ്യുന്നത് പോലെയുള്ള അദ്ഭുതങ്ങൾ സൃഷ്ടിക്കാനുമുള്ള സമയമാണിത്. അവർ ഇന്ത്യൻ പതാക ഉയർത്തിപ്പിടിച്ച് ഈ ടീമിനെ ഇവിടെനിന്നു കൂടുതൽ മുന്നോട്ട് കൊണ്ടുപോകുമെന്നതിൽ എനിക്ക് സംശയമില്ല. ഐസിസി ടൂർണമെന്റിൽ വിജയിക്കാനായി ഏറെ നാളത്തെ കാത്തിരിപ്പാണ്. ഞാൻ മാത്രമല്ല. നിങ്ങൾ രോഹിതിനെ നോക്കൂ, അദ്ദേഹം 9 ടി20 ലോകകപ്പുകൾ കളിച്ചു, ഇത് എന്റെ ആറാമത്തെ ലോകകപ്പാണ്. സ്ക്വാഡിലെ മറ്റാരെയും പോലെ ഞാനും അതിന് അർഹനാണ്. ഞങ്ങൾക്ക് ജോലി ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. എനിക്ക് തോന്നിയ വികാരങ്ങൾ വിശദീകരിക്കാൻ ശരിക്കും ബുദ്ധിമുട്ടാണ്.’’– കോലി പറഞ്ഞു.
‘‘ഈ ഫോർമാറ്റിനോട് വിടപറയാൻ ഇതിലും നല്ല സമയമില്ല. ഇതിലെ ഓരോ നിമിഷവും ഞാൻ ഇഷ്ടപ്പെട്ടു. ഈ ഫോർമാറ്റിലാണ് ഞാൻ എന്റെ ഇന്ത്യൻ കരിയർ ആരംഭിച്ചത്. ഇതാണ് ഞാൻ ആഗ്രഹിച്ചത്, കപ്പ് നേടണമെന്ന് ഞാൻ ആഗ്രഹിച്ചു. വാക്കുകളിൽ പറഞ്ഞറിയിക്കാൻ വളരെ പ്രയാസമാണ്. ഇത് എനിക്ക് വളരെ വൈകാരികമായ നിമിഷമായിരുന്നു. ഈ കിരീടം നേടുന്നതിനായി ഒരുപാട് ആഗ്രഹിച്ചു. ഒടുവിൽ അതു സാധിച്ചതിൽ സന്തോഷമുണ്ട്.’’– രോഹിത് പറഞ്ഞു.
2022 ട്വന്റി20 ലോകകപ്പ് സെമിഫൈനലിലെ തോൽവിക്കുശേഷം ഈ വർഷം ജനുവരിയിൽ അഫ്ഗാനിസ്ഥാനെതിരായ പരമ്പരയിലാണ് രോഹിത്തും കോലിയും ട്വന്റി20 ടീമിലേക്ക് തിരിച്ചെത്തിയത്. 2024 ലോകകപ്പിൽ ഹാർദിക് പാണ്ഡ്യയുടെ നേതൃത്വത്തിലുള്ള യുവ ടീമാകും കളത്തിലിറങ്ങുകയെന്ന റിപ്പോർട്ടുകൾക്കിടെയായിരുന്നു ട്വന്റി20 ടീമിലേക്കുള്ള ഇരുവരുടെയും മടങ്ങിവരവ്. കിരീടനേട്ടത്തോടെ രാജ്യാന്തര ട്വന്റി20 കരിയർ അവസാനിപ്പിക്കാനുള്ള നിയോഗം പോലെ. രാജ്യാന്തര ട്വന്റി20യിൽനിന്നു വിരമിച്ചാലും ഐപിഎലിൽ ഇരുവരും തുടരാൻ തന്നെയാണ് സാധ്യത.
രോഹിത്തും കോലിയും ട്വന്റി20യിൽനിന്ന് കളമൊഴിഞ്ഞതോടെ വലിയൊരു തലമുറ മാറ്റത്തിനാണ് ഇന്ത്യൻ ടീം സാക്ഷ്യംവഹിക്കുന്നത്. ലോകകപ്പിനു തൊട്ടുപിന്നാലെ ആരംഭിക്കുന്ന സിംബാബ്‌വെ പര്യടനം ട്വന്റി20 ടീമിൽ വരുന്ന മാറ്റങ്ങളിലേക്ക് സൂചന നൽകുന്നതാണ്. ലോകകപ്പിനായി രണ്ടു വർഷം മുൻപെങ്കിലും ഒരു ടീമിനെ വാർത്തെടുക്കേണ്ടതുണ്ട്. ഫൈനൽ മത്സരത്തിൽ തിളങ്ങിയ ഹാർദിക് പാണ്ഡ്യ ഇനി ഇന്ത്യയുടെ സ്ഥിരം ട്വന്റി20 ക്യാപ്റ്റനാകാനാണ് സാധ്യത.
കോലിയെ സംബന്ധിച്ചിടത്തോളം വൈറ്റ് ബോള്‍ ക്രിക്കറ്റിലെ എല്ലാ കിരീടങ്ങളും സ്വന്തമാക്കിയശേഷമാണ് ഈ പടിയിറക്കം. 2011ൽ ഏകദിന ലോകകപ്പും 2013ൽ ചാംപ്യൻസ് ട്രോഫി നേടിയ ടീമിലും അദ്ദേഹം അംഗമായിരുന്നു. ഇപ്പോൾ കരിയറിന്റെ അവസാനഘട്ടത്തിൽ ട്വന്റി20 ലോകകപ്പും. ഏകദിന ലോകകപ്പ് മാത്രമാണ് രോഹിത്തിന്റെ പേരിൽ ഇല്ലാത്തത്. ഐസിസി ട്രോഫികൾ ഇരുവരും നേടിയിട്ടുണ്ടെങ്കിലും അവയെല്ലാം ധോണി, സച്ചിൻ, യുവരാജ് തുടങ്ങിയവരുടെ ക്രെഡിറ്റിലാണ്. അതുകൊണ്ടു തന്നെ ഈ ട്വന്റി20 ലോകകപ്പ് കിരീടം രോഹിത്തിനും കോലിക്കും ഒരുപോലെ സ്പെഷൽ ആകുന്നു.
2014 ട്വന്റി20 ലോകകപ്പ് ഫൈനലിൽ ഇന്ത്യയെ തോൽപ്പിച്ചതിനു പിന്നാലെ ശ്രീലങ്കൻ ഇതിഹാസങ്ങളായ മഹേള ജയവർധനെയും കുമാർ സംഗക്കാരയും ട്വന്റി20യിൽനിന്നു വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. കോലിയുടെയും രോഹിത്തിന്റെയും വിരമിക്കാൽ ചരിത്രത്തിന്റെ തനിയാവർത്തനമായി. 2023 ഏകദിന ലോകകപ്പിൽ പ്ലെയർ ഓഫ് ദ് ടൂർണമെന്റായിരുന്ന കോലിക്ക്, ഈ ടൂർണമെന്റിൽ തുടക്കത്തിൽ തിളങ്ങാനാകാതെ പോയതിന്റെ നിരാശ തീർച്ചയായുമുണ്ടാകും. എങ്കിലും ടീമിന്റെ കിരീടനേട്ടവും ഫൈനൽ മത്സരത്തിലെ പ്ലെയർ ഓഫ് ദ് മാച്ച് പുരസ്കാരവും ആ മുറിവ് ഒരു പരിധിവരെ ഉണക്കിയേക്കാം.
ഒരു സമൂഹമാധ്യമപോസ്റ്റിൽ കണ്ട വാചകങ്ങളാണ് ഓർമവരുന്നത്– ‘‘നോക്കിയ 3310 ഫോൺ പ്രചാരത്തിലായിരുന്നപ്പോഴാണ് അവർ ടീമിലെത്തിയത്. അവരുടെ കരിയർ അവസാനിക്കുമ്പോൾ ഇന്ത്യയിലെ ഓരോ ആൻഡ്രോയിഡ് അല്ലെങ്കിൽ ഐഫോൺ ഉപയോക്താവും ഒരു കോലി ആരാധകനോ രോഹിത് ആരാധകനോ ആയിരിക്കും.’’ അതെ, ഇനി അവർക്ക് ഒന്നും തെളിയിക്കാനില്ല. ഈ കിരീടം അവർക്കുവേണ്ടി ഇന്ത്യ നേടിയതാണ്.