പെൺകുട്ടികളെ പരിശീലകൻ പീഡിപ്പിച്ച സംഭവം; കെസിഎ വിശദീകരണം നൽകണമെന്ന് മനുഷ്യാവകാശ കമ്മിഷൻ
Mail This Article
തിരുവനന്തപുരം∙ ക്രിക്കറ്റ് പരിശീലനത്തിനെത്തുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പരിശീലകൻ പീഡിപ്പിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്ത് കേരള ക്രിക്കറ്റ് അസോസിയേഷനു (കെസിഎ) നോട്ടിസ് അയച്ചു. ഇത്തരം ഒരു സംഭവം ഉണ്ടാകാനിടയായ സാഹചര്യം കെസിഎ വിശദീകരിക്കണം. പീഡന കേസിൽ പ്രതിയായ പരിശീലകൻ മനു കഴിഞ്ഞ 10 വർഷമായി കെസിഎയിൽ പരിശീലകനാണ്.
തെങ്കാശിയിൽ കൊണ്ടുപോയി കുട്ടികളെ പീഡിപ്പിെച്ചന്നാണു പരാതി. ഇയാൾ പോക്സോ കേസിൽ പ്രതിയായി റിമാൻഡിലാണ്. കുട്ടികളുടെ നഗ്ന ചിത്രം ഇയാൾ പകർത്തിയെന്നും ആരോപണമുണ്ട്. പ്രതീക്ഷയോടെ ക്രിക്കറ്റ് പരിശീലനത്തിനെത്തുന്ന കുട്ടികളെയാണ് ഇയാൾ പീഡിപ്പിക്കുന്നത്. കുട്ടികളും രക്ഷിതാക്കളും സംഭവത്തിനു ശേഷം മാനസിക സമ്മർദ്ദത്തിലാണ്. എന്നാൽ ഇതൊന്നും കെസിഎ അറിഞ്ഞില്ലെന്നാണ് പറയുന്നതെന്നും മനുഷ്യാവകാശ കമ്മിഷൻ പറയുന്നു.
സംഭവത്തിൽ ഒരു പെൺകുട്ടി പരാതിയുമായി വന്നതോടെ കൂടുതൽ കുട്ടികൾ പരാതി നൽകുകയായിരുന്നു. മാധ്യമങ്ങളിൽ വന്ന വാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മിഷൻ സ്വമേധയാ റജിസ്റ്റർ ചെയ്ത കേസിലാണു നടപടി.