ഒരു മയവുമില്ലാത്ത അടി, സിംബാബ്വെയെ കളി പഠിപ്പിച്ച് ഇന്ത്യ; ഞെട്ടിച്ച തോൽവിക്ക് ഇതിലും നല്ല മറുപടിയില്ല
Second T20I Match
Mail This Article
ഹരാരെ∙ അപ്രതീക്ഷിതമായേറ്റ തോൽവിയുടെ കണക്കു തീർത്തുകൊടുത്ത് സിംബാബ്‍വെയ്ക്കെതിരായ ട്വന്റി20 പരമ്പരയിൽ ടീം ഇന്ത്യയുടെ അതിഗംഭീര തിരിച്ചുവരവ്. ട്വന്റി20 ലോകകപ്പ് കളിക്കാന്‍ യോഗ്യത പോലും നേടാനാകാതിരുന്ന സിംബാബ്‍വെയോട് നിലവിലെ ലോകചാംപ്യൻമാർ 13 റണ്‍സിനു തോറ്റതിന് പിറ്റേന്ന് വീണ്ടുമൊരു ഏറ്റുമുട്ടൽ. പ്രധാന താരങ്ങൾക്കെല്ലാം വിശ്രമമനുവദിച്ചിട്ടും, ശുഭ്മൻ ഗില്ലിന്റെ നേതൃത്വത്തില്‍ ടീം ഇന്ത്യയ്ക്കു 100 റൺസിന്റെ മിന്നും ജയം. ബെഞ്ചിലുള്ള താരങ്ങളുടേയും ‘ഭാവി ടീമിന്റെയും’ കരുത്ത് പരീക്ഷിക്കുക മാത്രമായിരുന്നു സിംബാബ്‍വെയ്ക്കെതിരായ ട്വന്റി20 പരമ്പരയിൽനിന്ന് ബിസിസിഐ ഉദ്ദേശിച്ചിട്ടുണ്ടാകുക. ആദ്യ പരമ്പര കളിക്കാനിറങ്ങിയ ഐപിഎല്ലിലെ സൺറൈസേഴ്സിന്റെ സിക്സടി വീരൻ അഭിഷേക് ശർമയാണ് ഇന്ത്യയെ മുന്നിൽനിന്ന് നയിച്ചത്. അർധ സെഞ്ചറിയുമായി ഋതുരാജ് ഗെയ്‍ക്‌വാദും തകർപ്പൻ കാമിയോ റോളുമായി റിങ്കു സിങ്ങും തിളങ്ങിയപ്പോള്‍ 235 റൺസായിരുന്നു ഇന്ത്യ ഉയർത്തിയ വിജയലക്ഷ്യം. റൺമലയ്ക്കു മുന്നിൽ പകച്ചുനിന്ന സിംബാബ്‍വെ 18.4 ഓവറിൽ 134 റൺസിന് ഓൾഔട്ട്.
റൺമഴയല്ല, അഭിഷേകം
ഹരാരെയിൽ നടന്ന ആദ്യ മത്സരത്തിൽ നേരിട്ട നാലാം പന്തിൽ തന്നെ റണ്ണൊന്നുമെടുക്കാതെ പുറത്തായ അഭിഷേക് ശർമയ്ക്ക് ‘ക്ഷീണം മാറ്റിയെടുക്കലായിരുന്നു’ രണ്ടാം മത്സരത്തിലെ പ്രകടനം. 47 പന്തിൽ താരം അടിച്ചത് 100 റൺസ്. രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറ്റത്തിന് തൊട്ടുപിന്നാലെ തകര്‍പ്പൻ സെഞ്ചറി നേടാൻ അഭിഷേക് ബൗണ്ടറി കടത്തിവിട്ടത് എട്ട് സിക്സുകളും ഏഴു ഫോറുകളും. നേരിട്ട ആദ്യ പന്തിൽ തന്നെ സിക്സടിച്ചാണ് തുടങ്ങിയതെങ്കിലും ആദ്യ 30 പന്തുകളിൽ 41 റൺസ് മാത്രമായിരുന്നു അഭിഷേകിന്റെ ബാറ്റിൽനിന്നു പിറന്നത്. പിന്നീടങ്ങോട്ട് ബൗണ്ടറികളുടെ പെരുമഴ തീർത്താണ് അഭിഷേക് അതിവേഗ സെഞ്ചറിയിലെത്തിയത്. 43 പന്തിൽ 82 റൺസെടുത്ത അഭിഷേക് അടുത്ത മൂന്നു പന്തുകൾ സിക്സർ പറത്തി സെഞ്ചറി ഉറപ്പിച്ചു.
ട്വന്റി20യിൽ ഒരു ഇന്ത്യന്‍ താരത്തിന്റെ മൂന്നാമത് വേഗമേറിയ സെഞ്ചറിയാണിത്. രോഹിത് ശർമ 35 പന്തുകളിലും സൂര്യകുമാർ യാദവ് 45 പന്തുകളിലും സെഞ്ചറിയിലെത്തിയിട്ടുണ്ട്. അർധ സെഞ്ചറിയിൽനിന്ന് 100 ലേക്കെത്താൻ 15 പന്തുകൾ മാത്രമായിരുന്നു അഭിഷേകിന് ആവശ്യമായി വന്നത്. ആദ്യ 11 ഓവറുകളിൽ ഇന്ത്യ 100 കടന്നു. സ്കോർ 147 ൽ നിൽക്കെ അഭിഷേകിനെ നഷ്ടമായെങ്കിലും ഋതുരാജ് ഗെയ്ക്‌വാദും റിങ്കു സിങ്ങും ചേർന്ന് ഇന്ത്യൻ സ്കോർ 200 ഉം കടത്തി. അർധ സെഞ്ചറി നേടിയ ഋതുരാജ് 47 പന്തിൽ നേടിയത് 77 റൺസ്. 22 പന്തിൽ അഞ്ച് സിക്സുകൾ പറത്തിയ റിങ്കുസിങ് 48 റൺസെടുത്തു.
എറിഞ്ഞൊതുക്കി ബോളർമാർ
235 റൺസെന്ന വിജയലക്ഷ്യത്തിലേക്ക് എത്തണമെങ്കിൽ ആദ്യ പന്തു മുതൽ തന്നെ തകർത്തടിക്കണമെന്നു സിംബാബ്‍വെ താരങ്ങൾക്ക് അറിയാഞ്ഞിട്ടല്ല. പക്ഷേ ഇന്ത്യയുടെ രണ്ടാം നിര ബോളർമാര്‍ക്കെതിരെ പോലും അങ്ങനെയൊരു പ്രകടനത്തിനുള്ള ശേഷി ഇന്നത്തെ സിംബാബ്‍വെയ്ക്ക് ഉണ്ടായിരുന്നില്ല. വെസ്‍ലി മാഥവരെ (39 പന്തിൽ 43), ലൂക് ജോങ്‍വെ (26 പന്തിൽ 33), ബ്രയാൻ ബെന്നറ്റ് (ഒൻപതു പന്തിൽ 26) എന്നിവർ മാത്രമാണു മറുപടി ബാറ്റിങ്ങിൽ കുറച്ചെങ്കിലും പിടിച്ചുനിന്നത്. 18.4 ഓവറിൽ 134 ന് സിംബാബ്‍വെ പുറത്തായി. ഇന്ത്യയ്ക്കായി പേസര്‍മാരായ മുകേഷ് കുമാറും ആവേശ് ഖാനും മൂന്നു വിക്കറ്റുകൾ വീതം വീഴ്ത്തി. സ്പിന്നർ രവി ബിഷ്ണോയി രണ്ടു വിക്കറ്റുകളും വാഷിങ്ടൻ സുന്ദർ ഒരു വിക്കറ്റും സ്വന്തമാക്കി.
റൺസ് അടിസ്ഥാനത്തിൽ ട്വന്റി20യിൽ സിംബാബ്‍വെയുടെ ഏറ്റവും വലിയ തോൽവിയാണിത്. 2018ൽ ഇതേ സ്റ്റേഡിയത്തിൽ ഓസ്ട്രേലിയയോടും സിംബാബ്‍വെ 100 റൺസിനു തോറ്റിട്ടുണ്ട്. അടുത്ത മത്സരങ്ങളിൽ സഞ്ജു സാംസൺ, യശസ്വി ജയ്സ്വാൾ, ശിവം ദുബെ എന്നിവർ കൂടി പ്ലേയിങ് ഇലവനിലെത്തുന്നതോടെ, ആദ്യ മത്സരത്തിലേതുപോലെ ഒരു വിജയം നേടാൻ സിംബാബ്‍വെയ്ക്ക് കഠിനാധ്വാനം തന്നെ വേണ്ടിവരും. ഇനിയുള്ള മത്സരങ്ങൾ ജയിച്ച് അനായാസം പരമ്പര സ്വന്തമാക്കാനാകും ഇന്ത്യയുടെ ശ്രമങ്ങള്‍.