ADVERTISEMENT

ബെംഗളൂരു∙ കപ്പില്ലെങ്കിലും കോടികൾ വരുന്നതിൽ മുന്നിൽ തന്നെയാണ് ആർസിബി. ഐപിഎലിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ വരുമാനം 163 ശതമാനം വർധിച്ചതായാണ് റിപ്പോർട്ട്. 2023-24 സാമ്പത്തിക വർഷത്തിലാണ് ആർസിബിയുടെ വരുമാനം കുതിച്ചുയർന്നത്. ടീമിന്റെ ഉടമകളായ യുണൈറ്റഡ് സ്പിരിറ്റ്‌സിന്റെ (യുഎസ്എൽ) ലാഭത്തിൽ 16 ശതമാനവും ആർസിബിയുടെ വകയാണ്. രണ്ടു വർഷം മുൻപ് ഇത് 8 ശതമാനം മാത്രമായിരുന്നു. രാജ്യത്തെ തന്നെ മുൻനിര മദ്യ ഉൽപാദകരാണ് യുണൈറ്റഡ് സ്പിരിറ്റ്‌സ്. 

ഐപിഎലിൽ ഇതുവരെ കിരീടം നേടാൻ സാധിക്കാത്ത ആർസിബി, 2023 സീസണിൽ ആറാം സ്ഥാനത്തും 2024 സീസണിൽ നാലാം സ്ഥാനത്തുമായിരുന്നു. 2023–24 സാമ്പത്തിക വർഷത്തിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിൻറെ വരുമാനത്തിൽ 163 ശതമാനം വർധനവാണ് ഉണ്ടായത്. 247 കോടി രൂപയായിരുന്ന വരുമാനം 650 കോടി രൂപയായി ഉയർന്നു. മുൻവർഷത്തെ 15 കോടി നഷ്ടത്തിൽനിന്ന് 222 കോടി രൂപയുടെ ലാഭം രേഖപ്പെടുത്താനും ആർസിബിക്കായി.

യുണൈറ്റഡ് സ്പിരിറ്റ്സിന്റെ വാർഷിക റിപ്പോർട്ടിലാണ് ലാഭകണക്കുള്ളത്. 2008ലാണ് യുണൈറ്റഡ് സ്പിരിറ്റ്സിന്റെ മുൻ ഉടമ വിജയ് മല്യ 11.6 കോടി ഡോളറിന് ആർസിബിയെ സ്വന്തമാക്കിയത്. ഇതിനെ യുണൈറ്റഡ് സ്പിരിറ്റ്സിന്റെ അനുബന്ധ സ്ഥാപനമാക്കുകയായിരുന്നു. ഇന്ന് കമ്പനിയുടെ മറ്റ് 65 ബ്രാൻഡുകളേക്കാൾ വലിയ കമ്പനിയാണ് ആർസിബി. കഴിഞ്ഞ വർഷം വനിതാ ടീമിനെ ഇറക്കിയ ആർസിബി പ്രഥമ ലീഗിൽ ചാംപ്യൻമാരായിരുന്നു. ഇതും വരുമാനം ഉയരാൻ കാരണമായി.

ബിസിസിഐ നൽകുന്ന സെൻട്രൽ റൈറ്റ്സ് വരുമാനത്തിൽ നിന്നുള്ള വർധനവാണ് ആർസിബിയുടെ ലാഭം ഉയർത്തിയത്. ടീം ജഴ്സി, വെബ്‍സൈറ്റ് എന്നിവയിലൂടെയുള്ള സ്പോൺസർഷിപ്പ് വരുമാനം, ബ്രാൻഡ് നെയിം ഉപയോഗിക്കുന്നതിലൂടെയുള്ള റോയൽറ്റി, ലൈസൻസിങ് വരുമാനം എന്നിവയും കമ്പനിക്കുണ്ട്. ടിക്കറ്റ് വരുമാനത്തിൽനിന്ന് ബിസിസിഐ നൽകുന്ന വരുമാനം, പ്ലേഓഫ് വരുമാനം, മറ്റു വാണിജ്യ വരുമാനങ്ങൾ എന്നിവയാണ് കമ്പനിയുടെ വരുമാന വഴികൾ.

English Summary:

RCB, cricket contributed 16% to United Spirits net profit for 2023-24

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com