ADVERTISEMENT

ഹരാരെ∙ സിംബാബ്‍വെയ്ക്കെതിരായ മൂന്നാം ട്വന്റി20യില്‍ ഇന്ത്യയ്ക്ക് 23 റൺസ് വിജയം. ഇന്ത്യ ഉയർത്തിയ 183 റൺസ് വിജയലക്ഷ്യം പിന്തുടർന്ന സിംബാബ്‍വെയ്ക്ക് 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 159 റൺസെടുക്കാനേ സാധിച്ചുള്ളു. വിജയത്തോടെ പരമ്പരയിൽ ഇന്ത്യ 2–1ന് മുന്നിലെത്തി. 13 ന് ഹരാരെയിലാണ് നാലാം മത്സരം.

മറുപടി ബാറ്റിങ്ങിൽ 19 റൺസെടുക്കുന്നതിനിടെ മൂന്നു വിക്കറ്റുകൾ നഷ്ടമായെങ്കിലും മികച്ച പോരാട്ടം നടത്തിയ ശേഷമാണ് ട്വന്റി20 ലോകകപ്പിന് യോഗ്യത നേടാൻ പോലുമാകാത്ത സിംബാബ്‍വെ ഇന്ത്യയ്ക്കു മുന്നിൽ കീഴടങ്ങിയത്. 49 പന്തിൽ 65 റൺസെടുത്ത് പുറത്താകാതെ നിന്ന ഡിയോൺ മയർസാണ് സിംബാബ‍്‍വെയ്ക്കായി പൊരുതിയത്. വിക്കറ്റ് കീപ്പർ ബാറ്റർ ക്ലിവ് മദന്ദെ 26 പന്തിൽ 37 റൺസെടുത്തു പുറത്തായി. ഇന്ത്യയ്ക്കായി വാഷിങ്ടൻ സുന്ദർ മൂന്നും, ആവേശ് ഖാൻ രണ്ടും വിക്കറ്റുകൾ വീഴ്ത്തി. ഖലീൽ അഹമ്മദിന് ഒരു വിക്കറ്റുണ്ട്.

india-3
ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ ആഹ്ലാദം. Photo: X@BCCI
india-2
ഇന്ത്യൻ താരങ്ങൾ മത്സരത്തിനിടെ. Photo: X@BCCI

ഗില്ലിന് അർധ സെഞ്ചറി, തിളങ്ങി ഋതുരാജും യശസ്വിയും

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 182 റൺസെടുത്തു. ക്യാപ്റ്റൻ ശുഭ്മൻ ഗിൽ അർധ സെഞ്ചറി നേടി. 49 പന്തുകൾ നേരിട്ട ഗിൽ 66 റണ്‍സെടുത്തു പുറത്തായി. 28 പന്തുകളിൽനിന്ന് ഋതുരാജ് ഗെയ്ക്‌വാദ് 49 റൺസെടുത്തു. യശസ്വി ജയ്സ്വാൾ 27 പന്തിൽ 36 റൺസും സ്വന്തമാക്കി.

ഓപ്പണിങ് വിക്കറ്റിൽ 67 റൺസിന്റെ കൂട്ടുകെട്ടാണ് യശസ്വി ജയ്സ്വാളും ശുഭ്മൻ ഗില്ലും ഇന്ത്യയ്ക്കായി ചേർത്തത്. ഒന്‍പതാം ഓവറിൽ സിക്കന്ദർ‌ റാസയുടെ പന്തിൽ ബ്രയാന്‍ ബെന്നറ്റ് ക്യാച്ചെടുത്ത് ജയ്സ്വാളിനെ പുറത്താക്കി. കഴിഞ്ഞ മത്സരത്തിൽ സെഞ്ചറി നേടിയ അഭിഷേക് ശർമയ്ക്ക് ഇത്തവണ തിളങ്ങാനായില്ല. ഒൻപതു പന്തുകൾ നേരിട്ട താരം 10 റൺസ് മാത്രമെടുത്താണു പുറത്തായത്. സിക്കന്ദർ റാസയുടെ പന്തിൽ മറുമനി ക്യാച്ചെടുത്തായിരുന്നു അഭിഷേകിനെ മടക്കിയത്. 

india-4
ശുഭ്മൻ ഗില്ലും യശസ്വി ജയ്സ്വാളും ബാറ്റിങ്ങിനിടെ. Photo: X@BCCI

തകർപ്പൻ ബൗണ്ടറികളുമായി ഗില്ലിനൊപ്പം ഋതുരാജ് ഗെയ്ക്‌വാദും തിളങ്ങിയതോടെ 12.4 ഓവറിൽ ഇന്ത്യ 100 പിന്നിട്ടു. സ്കോർ 153 ൽ നിൽക്കെ ശുഭ്മൻ ഗില്ലിനെ സിക്കന്ദർ റാസ ക്യാച്ചെടുത്തു പുറത്താക്കി. അവസാന ഓവറിൽ മുസരബനിയെ ബൗണ്ടറി കടത്താനുള്ള ശ്രമത്തിനിടെ െവസ്‍ലി മാഥവരെ ക്യാച്ചെടുത്ത് ഗെയ്ക്‌വാദിനെ മടക്കി. മലയാളി താരം സഞ്ജു സാംസൺ ഏഴു പന്തിൽ 12 റൺസെടുത്തു പുറത്താകാതെ നിന്നു. സിംബാബ്‍വെയ്ക്കായി ക്യാപ്റ്റൻ സിക്കന്ദർ റാസയും ബ്ലെസിങ് മുസരബനിയും രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തി.

gill-batting
ശുഭ്മൻ ഗില്ലിന്റെ ബാറ്റിങ്. Photo: X@BCCI

ഇന്ത്യ പ്ലേയിങ് ഇലവൻ– യശസ്വി ജയ്സ്വാൾ, അഭിഷേക് ശർമ, ശുഭ്മൻ ഗില്‍ (ക്യാപ്റ്റന്‍), ഋതുരാജ് ഗെയ്ക്‌വാദ്, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ശിവം ദുബെ, റിങ്കു സിങ്, വാഷിങ്ടൻ സുന്ദർ, രവി ബിഷ്ണോയി, ആവേശ് ഖാൻ, ഖലീൽ അഹമ്മദ്.

സിംബാബ്‍വെ പ്ലേയിങ് ഇലവൻ– റ്റഡിവനാഷെ മറുമനി, വെസ്‌‍ലി മാഥവരെ, ബ്രയാൻ ബെന്നറ്റ്, ‍ഡിയോൺ മയഴ്സ്, സിക്കന്ദർ‌ റാസ (ക്യാപ്റ്റൻ), ജൊനാതൻ കാംബെൽ, ക്ലിവ് മദന്ദെ (വിക്കറ്റ് കീപ്പർ), വെല്ലിങ്ടൻ മസകദ്സ, റിച്ചഡ് എൻഗാരവ, ബ്ലെസിങ് മുസരബനി, തെന്റായി ചറ്റാര

English Summary:

India vs Zimbabwe Third Twenty20 Match Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com