വെൽകം അറ്റ്കിൻസൻ, ഗുഡ്ബൈ ആൻഡേഴ്സൻ; ഒന്നാം ടെസ്റ്റിൽ വിൻഡീസിനെതിരെ ഇംഗ്ലണ്ടിന് കൂറ്റൻ ജയം
Mail This Article
ലണ്ടൻ∙ രാജ്യാന്തര ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച ഗസ് അറ്റ്കിൻസന് ഉജ്വല വിജയത്തിന്റെ മേമ്പൊടി ചാലിച്ച ‘വെൽകം’; ഒപ്പം, രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിക്കുന്ന പേസ് ഇതിഹാസം ജയിംസ് ആൻഡേഴ്സന് അവിസ്മരണീയ വിജയത്തിന്റെ തൊങ്ങൽ ചാർത്തിയ ‘ഗുഡ് ബൈ’. അരങ്ങേറ്റവും വിരമിക്കലും ഒരുപോലെ ഗംഭീരമാക്കിയ ഇരുവരുടെയും തകർപ്പൻ പ്രകടനത്തിന്റെ കരുത്തിൽ വെസ്റ്റിൻഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിന് തകർപ്പൻ വിജയം. വിഖ്യാതമായ ലോർഡ്സ് മൈതാനത്തു നടന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്നിങ്സിനും 114 റൺസിനുമാണ് ഇംഗ്ലണ്ട് വിൻഡീസിനു വീഴ്ത്തിയത്.
ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സ് സ്കോറായ 371 റൺസിനെതിരെ 250 റൺസിന്റെ ഒന്നാം ഇന്നിങ്സ് കടവുമായി ബാറ്റിങ്ങിന് ഇറങ്ങിയ വിൻഡീസ്, രണ്ടാം ഇന്നിങ്സിൽ സമാനമായ കൂട്ടത്തകർച്ച നേരിട്ട് 136 റൺസിന് പുറത്തായി. രണ്ടു ദിവസത്തെ മത്സരം ബാക്കിനിൽക്കെയാണ്, ഇംഗ്ലണ്ട് വിൻഡീസിനെതിരെ കൂറ്റൻ വിജയം കുറിച്ചത്. സ്കോർ: വെസ്റ്റിൻഡീസ് – 121 & 136, ഇംഗ്ലണ്ട് – 371.
കരിയറിലെ അവസാന ടെസ്റ്റ് കളിക്കുന്ന ആൻഡേഴ്സൻ രണ്ടാം ഇന്നിങ്സിൽ 3 വിക്കറ്റ് വീഴ്ത്തി വിരമിക്കൽ ടെസ്റ്റ് അവിസ്മരണീയമാക്കി. അരങ്ങേറ്റ ടെസ്റ്റ് കളിക്കുന്ന ഗസ് അറ്റ്കിൻസൻ രണ്ടാം ഇന്നിങ്സിലും 5 വിക്കറ്റ് നേട്ടം കൈവരിച്ചു. ഇത്തവണ 14 ഓവറിൽ 61 റൺസ് വഴങ്ങിയാണ് 5 വിക്കറ്റ് വീഴ്ത്തിയത്. രണ്ട് ഇന്നിങ്സിലുമായി അറ്റ്കിൻസൻ 12 വിക്കറ്റ് വീഴ്ത്തി അരങ്ങേറ്റവും ഗംഭീരമാക്കി. ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് രണ്ടു വിക്കറ്റ് സ്വന്തമാക്കി.
വിൻഡീസ് നിരയിൽ രണ്ടാം ഇന്നിങ്സിൽ രണ്ടക്കം കണ്ടത് നാലു പേർ മാത്രം. 35 പന്തിൽ അഞ്ച് ഫോറുകൾ സഹിതം 31 റൺസുമായി പുറത്താകാതെ നിന്ന ഗുഡകേശ് മോട്ടിയാണ് അവരുടെ ടോപ് സ്കോറർ. അലിക് അതാൻസ് 47 പന്തിൽ നാലു ഫോറുകൾ സഹിതം 22 റൺസെടുത്തും ജേസൻ ഹോൾഡർ 59 പന്തിൽ രണ്ടു ഫോറുകൾ സഹിതം 20 റൺസെടുത്തും പുറത്തായി. ഓപ്പണർ മികൈൽ ലൂയിസ് 49 പന്തിൽ രണ്ടു ഫോറുകൾ സഹിതം 14 റൺസെടുത്ത് രണ്ടക്കത്തിലെത്തി.
ക്യാപ്റ്റൻ കൂടിയായ ക്രെയ്ഗ് ബ്രാത്‌വയ്‌റ്റ് (26 പന്തിൽ നാല്), കിർക് മക്കൻസി (0), കാവെം ഹോഡ്ജ് (4), ജോഷ്വ ഡസിൽവ (9), അൽസാരി ജോസഫ് (8), ഷമാർ ജോസഫ് (3), ജയ്ഡൻ സീൽസ് (ആറ്) എന്നിവർ നിരാശപ്പെടുത്തി. ജയ്ഡൻ സീൽസ് 12 പന്തിൽ ഒരു ഫോർ സഹിതം എട്ടു റൺസുമായി പത്താമനായി പുറത്തായി. രണ്ടാം ഇന്നിങ്സിൽ 16 ഓവറിൽ ഏഴു മെയ്ഡനുകൾ സഹിതം 30 റൺസ് വഴങ്ങിയാണ് ആൻഡേഴ്സൻ 3 വിക്കറ്റ് വീഴ്ത്തിയത്. അറ്റ്കിൻസൻ 13 ഓവറിൽ 55 റൺസ് വഴങ്ങി നാലു വിക്കറ്റും സ്വന്തമാക്കി. 10 ഓവർ ബോൾ ചെയ്ത സ്റ്റോക്സ് 25 റൺസ് വഴങ്ങി രണ്ടു വിക്കറ്റും സ്വന്തമാക്കി.
നേരത്തെ, അഞ്ച് താരങ്ങൾ അർധസെഞ്ചറിയുമായി തിളങ്ങിയതോടെയാണ് ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്സിൽ ഭേദപ്പെട്ട സ്കോറിലെത്തിയത്. 90 ഓവർ ക്രീസിൽനിന്ന് ഇംഗ്ലണ്ട്, 371 റൺസിന് എല്ലാവരും പുറത്തായി. 89 പന്തിൽ 14 ഫോറുകൾ സഹിതം 76 റൺസെടുത്ത സാക് ക്രൗളി ടോപ് സ്കോററായി. ഒലി പോപ്പ് (74 പന്തിൽ 57), ജോ റൂട്ട് (114 പന്തിൽ 68), ഹാരി ബ്രൂക് (64 പന്തിൽ 50), ജാമി സ്മിത്ത് (119 പന്തിൽ 70) എന്നിവരാണ് അർധസെഞ്ചറി നേടിയ മറ്റു താരങ്ങൾ. ക്രിസ് വോക്സ് 43 പന്തിൽ നാലു ഫോറുകൾ സഹിതം 23 റൺസുമെടുത്തു. വിൻഡീസിനായി ജയ്ഡൻ സീൽസ് 20 ഓവറിൽ 77 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി. ജേസൻ ഹോൾഡർ, മോട്ടി എന്നിവർ രണ്ടു വിക്കറ്റ് വീതം സ്വന്തമാക്കിയപ്പോൾ ഒരു വിക്കറ്റ് അൽസാരി ജോസഫ് നേടി.
ഒന്നാം ഇന്നിങ്സിൽ 41.4 ഓവറിൽ വെസ്റ്റിൻഡീസ് 121 റൺസിന് ഓൾഔട്ടായിരുന്നു. ഒന്നാം ഇന്നിങ്സിൽ 58 പന്തിൽ നാലു ഫോറും ഒരു സിക്സും സഹിതം 27 റൺസുമായി ഓപ്പണർ മികൈൽ ലൂയിസ് ടോപ് സ്കോററായി. 12 ഓവറിൽ 45 റൺസ് വഴങ്ങി ഏഴു വിക്കറ്റ് വീഴ്ത്തിയ അറ്റ്കിൻസനാണ് ഒന്നാം ഇന്നിങ്സിലും കൂടുതൽ വിക്കറ്റ് വീഴ്ത്തിയത്. ആൻഡേഴ്സൻ, ക്രിസ് വോക്സ്, ബെൻ സ്റ്റോക്സ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.