പന്ത് തലയിലിടിച്ചു, ചോരയൊലിപ്പിച്ച് ദക്ഷിണാഫ്രിക്കൻ പേസ് ബോളർ; ഓവർ പൂർത്തിയാക്കാതെ മടങ്ങി
Mail This Article
മോറിസ്‍വിൽ∙ യുഎസിലെ മേജർ ലീഗ് ക്രിക്കറ്റിനിടെ പന്തുകൊണ്ട് പരുക്കേറ്റ് ചോരയൊലിപ്പിച്ച് ദക്ഷിണാഫ്രിക്കൻ ഫാസ്റ്റ് ബോളർ കാർമി ലെ റൂക്സ്. സാന്‍ഫ്രാൻസിസ്കോ യുണികോൺസും സിയാറ്റിൽ ഒർകാസും തമ്മിലുള്ള മത്സരത്തിനിടെയാണ് യുണികോൺസ് താരമായ കാർമി ലെ റൂക്സിനു തലയ്ക്കു പരുക്കേറ്റത്. തലയ്ക്കു പരുക്കു പറ്റിയതോടെ മെഡിക്കൽ സ്റ്റാഫെത്തി താരത്തെ ഉടൻ തന്നെ ഗ്രൗണ്ടിൽനിന്നും കൊണ്ടുപോയി. സിയാറ്റിൽ ബാറ്റർ റയാൻ റിക്ക്ൾട്ടൻ അടിച്ച പന്ത് ബോളറുടെ തലയിൽ ഇടിക്കുകയായിരുന്നു.
മത്സരത്തിന്റെ മൂന്നാം ഓവർ എറിയുന്നതിനിടെയാണ് ദക്ഷിണാഫ്രിക്കൻ പേസര്‍ക്ക് പരുക്കേറ്റത്. യുഎസ് താരമായ കോറി ആൻഡേഴ്സനാണു പിന്നീട് ഈ ഓവറിലെ പന്തുകൾ എറിഞ്ഞു പൂർത്തിയാക്കിയത്. മെഡിക്കല്‍ സംഘത്തിന്റെ പരിശോധനയിൽ താരത്തിനു മറ്റു പ്രശ്നങ്ങളില്ലെന്നു വ്യക്തമായി. മത്സരത്തിൽ സാൻഫ്രാൻസിസ്കോ യുണികോൺസ് 23 റൺസ് വിജയമാണു നേടിയത്.
ആദ്യം ബാറ്റു ചെയ്ത യുണികോൺസ് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 165 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ സിയാറ്റിൽ 20 ഓവറിൽ ആറിന് 142 റൺസ് മാത്രമാണു നേടിയത്. മത്സരത്തിൽ 1.4 ഓവറുകൾ പന്തെറിഞ്ഞ കാർമി ലെ റൂക്സ് 11 റണ്‍സ് വഴങ്ങി. പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനക്കാരാണ് സാൻഫ്രാൻസിസ്കോ.