ADVERTISEMENT

തിരുവനന്തപുരം∙ കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) സംഘടിപ്പിക്കുന്ന കേരള ക്രിക്കറ്റ് ലീഗിലെ ടീമുകളുടെ പേരുകളും ജില്ലകളും ഐക്കണ്‍ കളിക്കാരെയും പ്രഖ്യാപിച്ചു. ചലച്ചിത്ര സംവിധായകന്‍ പ്രിയദര്‍ശനും ജോസ് തോമസ് പട്ടാറയും ചേര്‍ന്നുള്ള കണ്‍സോര്‍ഷ്യം തിരുവനന്തപുരം ജില്ലയുടേയും (ട്രിവാന്‍ഡ്രം റോയല്‍സ്) ചലച്ചിത്ര നിര്‍മാതാവും സംവിധായകനുമായ സോഹന്‍ റോയിയുടെ ഏരീസ് ഗ്രൂപ്പ് കൊല്ലം ജില്ലയുടേയും (ഏരീസ് കൊല്ലം സെയ്‌ലേഴ്സ്) കണ്‍സോള്‍ ഷിപ്പിങ് സര്‍വീസസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ആലപ്പുഴ ജില്ലയുടേയും (ആലപ്പി റിപ്പിള്‍സ്), എനിഗ്മാറ്റിക് സ്മൈല്‍ റിവാര്‍ഡ്സ് എറണാകുളം ജില്ലയുടേയും (കൊച്ചി ബ്ലൂ ടൈഗേഴ്സ്) ഫൈനസ് മാര്‍ക്കറ്റ് ലിങ്ക് പ്രൈവറ്റ് ലിമിറ്റഡ് തൃശൂര്‍ ജില്ലയുടേയും (തൃശൂര്‍ ടൈറ്റന്‍സ്) ഇകെകെ ഇന്‍ഫ്രാസ്ട്രെക്ചര്‍ ലിമിറ്റഡ് കോഴിക്കോട് ജില്ലയുടേയും (കാലിക്കറ്റ് ഗ്ലോബ്സ്റ്റേഴ്സ്) ടീമിന്റെ ഫ്രാഞ്ചൈസികളാകും.

കഴിഞ്ഞദിവസം നടന്ന ഫ്രാഞ്ചൈസികളുടെ യോഗത്തിലാണ് ഓരോരുത്തര്‍ക്കുമുള്ള ടീമുകളുടെ ജില്ലകളും പേരുകളും തീരുമാനിച്ചത്.  പി.എ. അബ്ദുള്‍ ബാസിത് ട്രിവാന്‍ഡ്രം റോയല്‍സിന്റെയും സച്ചിന്‍ ബേബി ഏരീസ് കൊല്ലം സെയ്‌ലേഴ്സിന്റെയും മുഹമ്മദ് അസറുദ്ദീന്‍ ആലപ്പി റിപ്പിള്‍സിന്റെയും ബേസില്‍ തമ്പി കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെയും വിഷ്ണു വിനോദ് തൃശൂര്‍ ടൈറ്റന്‍സിന്റെയും രോഹന്‍ എസ് കുന്നമ്മല്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റേഴ്സിന്റെയും ഐക്കണ്‍ കളിക്കാരായിരിക്കും. റജിസ്റ്റർ ചെയ്ത കേരളത്തിലെ താരങ്ങളില്‍നിന്ന് ലേലത്തില്‍ പങ്കെടുക്കാനുള്ള കളിക്കാരെ കേരള ക്രിക്കറ്റ് അസോസിയേഷന്‍ തിരഞ്ഞെടുക്കും. 

ഫ്രാഞ്ചൈസി ലഭിച്ച ടീം ഉടമകള്‍ കളിക്കാരുടെ ലേലത്തിലൂടെ ഇവരില്‍നിന്ന് അവരവരുടെ താരങ്ങളെ സ്വന്തമാക്കും. ഓഗസ്റ്റ് പത്തിന് തിരുവനന്തപുരം ഹയാത്ത് റീജന്‍സിയില്‍വച്ചാണ് കളിക്കാരുടെ ലേലം നടക്കുക. സ്റ്റാര്‍ സ്പോര്‍ട്സ് ത്രീയിലും ഒടിടി പ്ലാറ്റ്ഫോമായ ഫാന്‍ കോഡിലും ലേലം തല്‍സമയം സംപ്രേഷണം ചെയ്യും. സെപ്റ്റംബര്‍ രണ്ടു മുതല്‍ 19 വരെ തിരുവനന്തപുരത്ത് ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ സ്പോർട്സ് ഹബ്ബിലാണ് മത്സരങ്ങള്‍ നടക്കുക. നടന്‍ മോഹന്‍ലാലാണ് കേരള ക്രിക്കറ്റ് ലീഗിന്റെ ബ്രാന്‍ഡ് അംബാസിഡര്‍.

English Summary:

Kerala Cricket League, team names announced

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com