ADVERTISEMENT

തിരുവനന്തപുരം∙ കേരള ക്രിക്കറ്റ് അസോസിയേഷന്‍ (കെസിഎ) സംഘടിപ്പിക്കുന്ന കേരള ക്രിക്കറ്റ് ലീഗിന് (കെസിഎല്‍) ഒരുങ്ങി ഏരീസ് കൊല്ലം സെയ്‌ലേഴ്‌സ്. തിരുവനന്തപുരം പ്രസ് ക്ലബില്‍ നടന്ന ചടങ്ങില്‍ ടീം ലോഗോ പ്രകാശനം ചെയ്തു. ഏരീസ് ഗ്രൂപ്പ് ചെയര്‍മാൻ സോഹന്‍ റോയ് ആണ് ടീമുടമ. മുന്‍ ഇന്ത്യന്‍ താരം എസ്.ശ്രീശാന്താണ് ടീമിന്റെ അംബാസിഡർ. മുന്‍ കേരള രഞ്ജി ടീം ക്യാപ്റ്റനും ഐപിഎല്‍ താരവുമായ സച്ചിന്‍ ബേബി ഐക്കൺ താരമാകും. ടീമിന്റെ ഔദ്യോഗിക പതാകയും, ടാഗ്‌ലൈനും  പുറത്തിറക്കി. ‘എടാ മോനെ, കൊല്ലം പൊളിയല്ലേ...’ എന്നതാണ് ടാഗ്‌ലൈൻ.

കെസിഎലിൽ നിന്നു ലഭിക്കുന്ന ലാഭം വയനാട് ഉരുൾപ്പൊട്ടലിൽ അനാഥരായ കുട്ടികളുടെ പഠനം മുതൽ ജോലി ലഭിക്കുന്നതുവരെയുള്ള മുഴുവന്‍ ചിലവുകൾക്കായും, മാതാപിതാക്കളില്‍ ഒരാള്‍ നഷ്ടമായ 10 കുട്ടികളുടെ പഠന ചെലവും ഏറ്റെടുക്കുന്നതിനായി ഉപയോഗിക്കുമെന്ന് സോഹൻ റോയ് വ്യക്തമാക്കി. 

‘‘കെസിഎലിന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ സന്തോഷം. കേരളത്തില്‍ വളര്‍ന്നു വരുന്ന ക്രിക്കറ്റ് താരങ്ങള്‍ക്ക് മികച്ച അവസരമാണ് കൊല്ലം ടീമിലൂടെ സാക്ഷാത്കരിക്കുന്നത്. ഇവർക്ക് എല്ലാവിധ സഹായങ്ങളും ഏരീസ് ഗ്രൂപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടാകും. ജില്ലയിലെ എല്ലാ സ്കൂളുകളിലും കോളജുകളിലും ഈ വർഷം തന്നെ ക്രിക്കറ്റ് ക്ലബ്ബുകളും കൊല്ലം സെയിലേഴ്സിന്റെ ഫാൻസ് ക്ലബ്ബുകളും തുടങ്ങും. ഫാൻസിന് സൗജന്യമായി സ്റ്റേഡിയത്തിൽ വന്ന് കളി കാണാനുള്ള അവസരവും ഒരുക്കും’’ – സോഹൻ റോയ് പറഞ്ഞു.

സിംബാബ്‌വെയിൽ നടന്ന ‘സിം ആഫ്രോ ടിടെന്‍’ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കളിച്ച ‘ഹരാരെ ഹരി കെന്‍സിന്റെ’ ഉടമകളായിരുന്നു ഏരീസ് ഗ്രൂപ്പ്. ഇന്ത്യന്‍ താരങ്ങളായ എസ്.ശ്രീശാന്ത്, ഇര്‍ഫാന്‍ പഠാന്‍, റോബിന്‍ ഉത്തപ്പ, ഒയിൻ മോര്‍ഗന്‍, ജെ.പി. ഡുമിനി, മുഹമ്മദ് നബി തുടങ്ങി വിദേശ താരങ്ങളും ആ ടീമിന്റെ ഭാഗമായിരുന്നു.

ചടങ്ങില്‍ ഏരീസ് ഗ്രൂപ്പ് ചെയര്‍മാനും ടീം ഉടമയുമായ സോഹന്‍ റോയ്, ഏരീസ് ഗ്രൂപ്പ് എംഡിയും ടീം സിഇഒയുമായ ഡോ. എന്‍.പ്രഭിരാജ്, കൊല്ലം ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി സജികുമാര്‍, മുഖ്യ പരിശീലകന്‍ വി.എ. ജഗദീഷ്, മുൻ കൊല്ലം ജില്ല ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറിയും കേരള ക്രിക്കറ്റ് അസോസിയേഷൻ അംഗവുമായ  ബി.ആർ.ബിജു, കേരള ക്രിക്കറ്റ് അസോസിയേഷൻ അംഗം ആർ. അരുൺകുമാർ തുടങ്ങിയവർ പങ്കെടുത്തു.

English Summary:

Aries Kollam Sailor's logo launch

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com