ADVERTISEMENT

തിരുവനന്തപുരം∙ തന്റെ കരിയറിലെ ഏറ്റവും മികച്ച 3–4 മാസങ്ങളാണ് ഇപ്പോൾ കടന്നുപോയതെന്ന് വ്യക്തമാക്കി ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ. ഇത്തവണ ഐപിഎൽ സീസൺ മുതൽ ഇന്ത്യ കിരീടം നേടിയ ട്വന്റി20 ലോകകപ്പിലും പിന്നീട് സിംബാബ്‌വെ, ശ്രീലങ്ക പര്യടനങ്ങളിലുമെല്ലാം മികച്ച അനുഭവമാണ് ഉണ്ടായതെന്ന് സഞ്ജു വ്യക്തമാക്കി. ഏകദിന ലോകകപ്പിൽ കളിക്കണമെന്നാണ് ആഗ്രഹിച്ചിരുന്നതെങ്കിലും, ട്വന്റി20 ലോകകപ്പിൽ കളിക്കണമെന്നാണ് മുകളിലുള്ളയാൾ തീരുമാനിച്ചതെന്നും സഞ്ജു പറഞ്ഞു. കേരള രഞ്ജി ടീമിൽ കളിക്കണമെന്ന് ആഗ്രഹിച്ച ഒരാൾ ലോകകപ്പ് ജയിച്ച ഇന്ത്യൻ ടീമിന്റെ ഭാഗമായി എന്നത് സന്തോഷം നൽകുന്ന കാര്യമാണെന്നും സഞ്ജു പറഞ്ഞു.

‘‘എന്റെ കരിയറിലെ ഏറ്റവും മികച്ച 3–4 മാസമാണ് കഴിഞ്ഞത്. ഐപിഎലിൽനിന്നാണ് തുടങ്ങിയത്. അവിടെ നന്നായി ചെയ്യാൻ പറ്റി. പ്രതീക്ഷിച്ചതുപോലെ ഫൈനലിലെത്താനായില്ല. എങ്കിലും മികച്ച പ്രകടനം എനിക്കും ടീമിനും കാഴ്ചവയ്ക്കാൻ പറ്റി. അതിനു പിന്നാലെ ലോകകപ്പ് ടീമിൽ ഇടംലഭിച്ചതും വലിയൊരു നേട്ടമായി. പണ്ട് ഇന്ത്യൻ ടീമിൽ കളിക്കണമെന്നായിരുന്നു ഏറ്റവും വലിയ ആഗ്രഹം. അവിടെ എത്തിക്കഴിഞ്ഞപ്പോൾ ഇനി എന്ത് എന്ന ചോദ്യത്തിനുള്ള ഉത്തരമായിരുന്നു ലോകകപ്പ് ടീമിൽ ഇടം പിടിക്കുക എന്നത്. 3–4 വർഷം മുൻപു മുതൽ ഞാൻ ആഗ്രഹിക്കുന്ന കാര്യമാണ്.

‘‘ഇക്കഴിഞ്ഞ ഏകദിന ലോകകപ്പ് കളിക്കണമെന്നാണ് ഞാൻ ആഗ്രഹിച്ചത്. പക്ഷേ, മുകളിലുള്ള ആൾ തീരുമാനിച്ചത് ട്വന്റി20 ലോകകപ്പ് ടീമിൽ വരണമെന്നാണ്. അങ്ങനെ ട്വന്റി20 ലോകകപ്പ് ടീമിനൊപ്പം ഒരു മലയാളിയായി ട്രാവൽ ചെയ്യാനായി. ആ ഒരു മാസം ഇന്ത്യൻ ടീം ക്യാപ്റ്റനും ഡ്രസിങ് റൂമിലും അനുഭവിക്കുന്ന സമ്മർദ്ദം മനസ്സിലാക്കി ഒരു ലോകകപ്പ് ശരിക്ക് അനുഭവിക്കാൻ സാധിച്ചു. കരിയറിലെ ഏറ്റവും വലിയ നേട്ടമായിട്ടാണ് അത് കാണുന്നത്.

‘‘ലോകകപ്പ് ജയിച്ചപ്പോഴാണ് ഇന്ത്യൻ താരമായിരിക്കുക എന്നത് അത്ര ചെറിയ കാര്യമല്ല എന്ന് ഒന്നു കൂടി മനസ്സിലായത്. ഓരോ ദിവസത്തെയും സമ്മർദ്ദിന്റെ പിന്നാലെ ഓടുമ്പോൾ മൊത്തത്തിലുള്ള ഒരു ചിത്രം കാണാറില്ല. കേരള രഞ്ജി ടീമിൽ കളിക്കണമെന്ന് ആഗ്രഹിച്ച ഒരാൾ ലോകകപ്പ് ജയിച്ച ഇന്ത്യൻ ടീമിന്റെ ഭാഗമായി എന്നത് സന്തോഷം നൽകുന്ന കാര്യമാണ്. 

‘‘അതിനു ശേഷം നാട്ടിൽ വന്ന് കുടുംബത്തനൊപ്പം ഒരാഴ്ചയുണ്ടായിരുന്നു. വീട്ടിൽ പോയി അച്ഛനും അമ്മയ്‌ക്കും ഒപ്പം മീൻകറി കൂട്ടി കപ്പയൊക്കെ കഴിച്ചു. പിന്നീട് സിംബാബ്‌വെ പര്യടനത്തിനു പോയി. അവിടെ നന്നായി ചെയ്യാൻ പറ്റി. അതിനുശേഷം ശ്രീലങ്ക പര്യടനത്തിനു പോയെങ്കിലും അവിടെ പ്രതീക്ഷിച്ചതുപോലെ ചെയ്യാൻ പറ്റിയില്ല. 

‘‘സഞ്ജു വൈറ്റ്ബോൾ ക്രിക്കറ്റിലാണ് കൂടുതൽ ശ്രദ്ധിക്കുന്നത്, അവിടെയാണ് എനിക്ക് അവസരം കിട്ടുന്നത് എന്ന് ആളുകൾ ചിന്തിക്കുന്നുണ്ടാകും. വർഷങ്ങളായി കേരളത്തിനായി സാധിക്കുന്നത്ര രഞ്ജി ട്രോഫി മത്സരങ്ങൾ ഞാൻ കളിക്കുന്നുണ്ട്. എന്റെ പ്രായം വച്ചു നോക്കുമ്പോൾ ഒരു ഫോർമാറ്റിൽ മാത്രം ശ്രദ്ധിക്കുന്ന ഒരാളല്ല ഞാൻ. മൂന്നു ഫോർമാറ്റിലും ഇന്ത്യയ്ക്കായി കളിക്കണമെന്ന് ആഗ്രഹിച്ച് അതിനായി പരിശീലിക്കുന്ന ആളാണ്. മൂന്നു ഫോർമാറ്റിലും കളിക്കണമെന്നു തന്നെയാണ് എന്റെ ആഗ്രഹം.

‘‘സമൂഹമാധ്യമങ്ങളിലൊക്കെ നാട്ടിലെ ആളുകളിൽനിന്ന് ലഭിക്കുന്ന പിന്തുണ വളരെ വലുതാണ്. ന്യൂസീലൻ‍ഡ് മുതൽ വെസ്റ്റിൻഡീസ് വരെ പോകുമ്പോൾ നല്ല പിന്തുണയാണ് ലഭിക്കുന്നത്. ‘എടാ മോനേ, കളിക്കെടാ’ എന്നെല്ലാം പറഞ്ഞ് വൻ പിന്തുണയാണ് തരുന്നത്. അതൊന്നും ചെറിയ കാര്യമല്ല. ഇന്ത്യൻ ഡ്രസിങ് റൂമിൽ ഇതെല്ലാം വലിയ ചർച്ചയാണ്. എടാ ചേട്ടാ, നീ എവിടെപ്പോയാലും വലിയ സപ്പോർട്ടാണല്ലോ, നീ അങ്ങനെയാണ്, ഇങ്ങനെയാണ് എന്നെല്ലാം അവർ പറയും.

‘‘ഇത്രയും പിന്തുണ ഞാൻ അർഹിക്കുന്നുണ്ടോ എന്ന് എനിക്കു തന്നെ സംശയമുണ്ട്. ഈ പിന്തുണയ്ക്ക് നന്ദി. ഇത്ര വലിയ പിന്തുണ ലഭിക്കുമ്പോൾ ടീമിൽ ഇടം ലഭിക്കാത്തപ്പോഴും, ഇനി ടീമിൽ ഇടം ലഭിച്ചാൽ ശ്രീലങ്കയിൽ സംഭവിച്ചതുപോലെ രണ്ട് ഡക്ക് ഒക്കെ അടിച്ചിട്ടു വരുമ്പോഴും അതിന്റേതായ പ്രതികരണമുണ്ടാകും. അതൊക്കെ മനസ്സിലാക്കാനുള്ള പക്വത എനിക്കുണ്ട്.’’ – സഞ്ജു പറഞ്ഞു.

English Summary:

Sanju Samson Reflects on Career Highlights: From IPL to World Cup Glory

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com