ടീം ഇന്ത്യയുടെ ബോളിങ് പരിശീലകനായി മോണി മോർക്കൽ ഗംഭീറിന്റെ സംഘത്തിൽ; ഇനി ബോളിങ് ഗംഭീരമാകട്ടെ!
Mail This Article
മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ബോളിങ് പരിശീലകനായി ദക്ഷിണാഫ്രിക്കയുടെ മുൻ താരം മോണി മോർക്കലിനെ നിയമിച്ചു. മുഖ്യ പരിശീലകനായി ചുമതലയേറ്റ മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീറിന്റെ പ്രത്യേക താൽപര്യപ്രകാരമാണ് മോണി മോർക്കലിന്റെ നിയമനം. സഹീർ ഖാനെ ഇന്ത്യയുടെ ബോളിങ് പരിശീലകനായി നിയമിക്കാനായിരുന്നു ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന് താൽപര്യമെങ്കിലും, ഗംഭീറിന്റെ അഭ്യർഥനപ്രകാരമാണ് മോർക്കലിന്റെ പേര് അംഗീകരിച്ചത്.
ഗൗതം ഗംഭീർ പരിശീലകനായ അരങ്ങേറ്റം കുറിച്ച ശ്രീലങ്കൻ പര്യടനത്തിൽ ബിസിസിഐ സ്ഥിരമായി ബോളിങ് പരിശീലകനെ നിയമിച്ചിരുന്നില്ല. താൽക്കാലിക ക്രമീകരണമെന്ന നിലയിൽ മോണി മോർക്കലിനെ സംഘത്തിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചിരുന്നെങ്കിലും വ്യക്തിപരമായ കാരണങ്ങളാൽ അദ്ദേഹത്തിന് ടീമിനൊപ്പം ചേരാനായില്ല. ഇനി സെപ്റ്റംബർ 19ന് ചെന്നൈയിൽ നടക്കുന്ന ഒന്നാം ടെസ്റ്റോടെ ആരംഭിക്കുന്ന ബംഗ്ലദേശിനെതിരായ പരമ്പരയ്ക്കു മുന്നോടിയായിട്ടാകും മോർക്കൽ ടീമിനൊപ്പം ചേരുക.
ഇക്കഴിഞ്ഞ ഏകദിന ലോകകപ്പിൽ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ ബോളിങ് പരിശീലകനായിരുന്നു മുപ്പത്തൊൻപതുകാരനായ മോർക്കൽ. എന്നാൽ, പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡുമായുള്ള (പിസിബി) കരാർ കാലാവധി പൂർത്തിയാകും മുൻപേ അദ്ദേഹം ജോലി രാജിവച്ചു. 2006 മുതൽ 2018 വരെ രാജ്യാന്തര ക്രിക്കറ്റിൽ സജീവമായിരുന്ന മോർക്കൽ, ദക്ഷിണാഫ്രിക്കയ്ക്കായി 86 ടെസ്റ്റുകളും 117 ഏകദിനങ്ങളും 44 ട്വന്റി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. ടെലിവിഷൻ അവതാരകയായ ഭാര്യയ്ക്കും രണ്ടു മക്കൾക്കുമൊപ്പം ഓസ്ട്രേലിയയിലാണ് മോർക്കൽ സ്ഥിരതാമസം.
ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) ലക്നൗ സൂപ്പർ ജയന്റ്സിൽ ഒരുമിച്ചു പ്രവർത്തിച്ചുള്ള പരിചയമാണ് മോർക്കലിനെ ഇന്ത്യൻ ടീമിന്റെ പരിശീലക സംഘത്തിലേക്ക് എത്തിക്കാനുള്ള ഗംഭീറിന്റെ നീക്കങ്ങൾക്കു പിന്നിൽ. ലക്നൗവിൽ ഗംഭീർ ടീമിന്റെ മെന്ററായിരുന്ന ഘട്ടത്തിൽ രണ്ടു വർഷവും ടീമിന്റെ ബോളിങ് പരിശീലകനായിരുന്നു മോർക്കൽ.
ഗംഭീർ പിന്നീട് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിലേക്കും മുഖ്യ പരിശീലകൻ ആൻഡി ഫ്ലവർ ആർസിബിയിലേക്കും പോയെങ്കിലും, പുതിയ പരിശീലകൻ ജസ്റ്റിൻ ലാംഗറിനു കീഴിൽ മോർക്കൽ ലക്നൗവിൽ തുടർന്നു. രാജ്യാന്തര ക്രിക്കറ്റിലും ഐപിഎലിലും മികച്ച പരിശീലകനെന്ന നിലയിൽ മുദ്ര പതിപ്പിച്ചിട്ടുള്ള താരമാണ് മോർക്കൽ.