കേരള ടീം കോച്ചാകാൻ അപേക്ഷ നൽകി ഓസീസ് മുൻ പേസ് ബോളർ; ഒരു അതിഥി താരം തമിഴ്നാട്ടിൽനിന്ന്
Mail This Article
തിരുവനന്തപുരം∙ കേരള സീനിയർ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനാകാൻ അപേക്ഷയുമായി മുൻ ഓസ്ട്രേലിയൻ താരവും പാക്കിസ്ഥാൻ ടീമിന്റെ മുൻ പരിശീലകനുമായ ഷോൺ ടെയ്റ്റ്. അദ്ദേഹമടക്കം പത്തിലധികം പേരാണ് ഇതുവരെ അപേക്ഷ നൽകിയിരിക്കുന്നത്.
ഓസ്ട്രേലിയക്കാരനായ പ്രമുഖ രാജ്യാന്തര പരിശീലകൻ ഡേവ് വാട്മോർ മുൻപ് 2 സീസണുകളിൽ കേരള ടീമിന്റെ പരിശീലകനായിരുന്നു. ടീമിനെ ആദ്യമായി രഞ്ജി ട്രോഫി സെമിഫൈനൽ വരെ എത്തിച്ചാണ് അദ്ദേഹം മടങ്ങിയത്. കഴിഞ്ഞ സീസണിൽ കോച്ചായിരുന്ന മുൻ ഇന്ത്യൻ താരം എം.വെങ്കിട്ട രമണ പരിശീലക സ്ഥാനത്തു തുടരാൻ അസൗകര്യം അറിയിച്ചിരുന്നു. ഇതോടെയാണ് പുതിയ കോച്ചിനായുള്ള അപേക്ഷ ക്ഷണിച്ചത്.
കഴിഞ്ഞ സീസണിൽ രഞ്ജി ട്രോഫിയിൽ കേരളം നോക്കൗട്ട് റൗണ്ടിൽ കടന്നിരുന്നില്ല. അതേസമയം കേരള വനിത ടീമിന്റെ പുതിയ പരിശീലകരായി മുംബൈ ഇന്ത്യൻസ് വനിത ടീം കോച്ച് ദേവിക പൽഷിക്കറിനെയും മുൻ ഇന്ത്യൻ താരം റുമേലി ധറിനെയും നിയമിച്ചു.
∙ അതിഥി താരമായി ബാബ അപരാജിത്
പുരുഷ ടീമിൽ അതിഥി താരമായി തമിഴ്നാടിന്റെ ബാബ അപരാജിത് എത്തും. കഴിഞ്ഞ സീസണിൽ കളിച്ച കർണാടക താരം ശ്രേയസ് ഗോപാലിന് പകരമാണ് വലം കൈ ബാറ്ററും ഓഫ് സ്പിന്നറുമായ അപരാജിതിനെ ഉൾപ്പെടുത്തുന്നത്. 2012ൽ ഇന്ത്യയുടെ അണ്ടർ 19 ലോകകപ്പ് താരമായിരുന്ന അപരാജിത്, ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ മീഡിയ മാനേജർ ഡോ.കെ.എൻ.ബാബയുടെ മകനും തമിഴ്നാട് സീനിയർ ടീം അംഗം ബാബ ഇന്ദ്രജിത്തിന്റെ ഇരട്ട സഹോദരനുമാണ്.
ഏറെക്കാലമായി കേരള ടീമിൽ സ്ഥിരം അതിഥി താരമായ മധ്യപ്രദേശുകാരനായ ഓൾ റൗണ്ടർ ജലജ് സക്സേനയെ ടീമിൽ നിലനിർത്തിയേക്കും. എന്നാൽ കഴിഞ്ഞ സീസണിൽ ബാറ്റിങ്ങിൽ ഫോം കണ്ടെത്താൻ ബുദ്ധിമുട്ടിയ ജലജിനെ ഏകദിന, ട്വന്റി20 ടീമുകളിൽ ഉൾപ്പെടുത്തിയേക്കില്ല.