ആഭ്യന്തര ക്രിക്കറ്റിൽ പോലും സെഞ്ചറിയില്ല, ഇംഗ്ലണ്ട് ജഴ്സിയിൽ കന്നി സെഞ്ചറി, അതും ലോർഡ്സിൽ; ചരിത്രമെഴുതി അറ്റ്കിൻസൻ
Mail This Article
ലണ്ടൻ∙ ആഭ്യന്തര ക്രിക്കറ്റിൽപ്പോലും ഇതുവരെ ഒരു സെഞ്ചറി നേടാനാകാത്ത ഒരു വാലറ്റക്കാരൻ രാജ്യാന്തര ക്രിക്കറ്റിൽ തന്റെ കന്നി സെഞ്ചറി കുറിക്കുക; അതും ക്രിക്കറ്റിന്റെ മെക്ക എന്നറിയപ്പെടുന്ന സാക്ഷാൽ ലോർഡ്സിൽ! ഗസ് അറ്റ്കിൻസൻ എന്ന ഇംഗ്ലിഷുകാരന്റെ ജീവിതത്തിൽ സംഭവിക്കുന്നത് സ്വപ്നസമാനമായ കാര്യങ്ങളാണ്! ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലാണ് തകർപ്പൻ സെഞ്ചറിയുമായി അറ്റ്കിൻസൻ ചരിത്രമെഴുതിയത്. 115 പന്തുകൾ നേരിട്ട അറ്റ്കിൻസൻ, 14 ഫോറും നാലു സിക്സും സഹിതം 118 റൺസെടുത്ത് പുറത്തായി. ജോ റൂട്ടിനു പിന്നാലെ അറ്റ്കിൻസനും സെഞ്ചറി നേടിയതോടെ, ഒന്നാം ഇന്നിങ്സിൽ 102 ഓവറിൽ ഇംഗ്ലണ്ട് നേടിയത് 427 റൺസ്.
206 പന്തിൽ 18 ഫോറുകളോടെ 143 റൺസെടുത്ത റൂട്ടാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ. ഓപ്പണർ ബെൻ ഡക്കറ്റ് (40), ഹാരി ബ്രൂക് (33), ജാമി സ്മിത്ത് (21), മാത്യു പോട്സ് (21), ഒലി സ്റ്റോൺ (15) എന്നിവരാണ് ഇംഗ്ലിഷ് നിരയിൽ രണ്ടക്കം കണ്ട മറ്റുള്ളവർ. ഡാൻ ലോറൻസ് (9), ക്യാപ്റ്റൻ ഒലി പോപ്പ് (1), ക്രിസ് വോക്സ് (6) എന്നിവർ നിരാശപ്പെടുത്തി. ഷോയ്ബ് ബഷിർ ഏഴു റൺസുമായി പുറത്താകാതെ നിന്നു. ശ്രീലങ്കയ്‌ക്കായി അസിത ഫെർണാണ്ടോ അഞ്ച് വിക്കറ്റ് വീഴ്ത്തി.
രാജ്യാന്തര കരിയറിലെ അഞ്ചാമത്തെ മാത്രം ടെസ്റ്റ് മത്സരത്തിലാണ്, കരിയറിലെ കന്നി സെഞ്ചറിയുമായി അറ്റ്കിൻസൻ വിസ്മയിപ്പിച്ചത്. ഇതോടെ, വിഖ്യാതമായ ലോർഡ്സിൽ എട്ടാമതോ അതിനു താഴെയോ ഉള്ള ബാറ്റിങ് പൊസിഷനിലെത്തി സെഞ്ചറി നേടുന്ന ആറാമത്തെ മാത്രം താരമായും അറ്റ്കിൻസൻ മാറി. നിലവിൽ ഇന്ത്യൻ ചീഫ് സിലക്ടറായ അജിത് അഗാർക്കറും പട്ടികയിലുണ്ട്. 2002ൽ ഇംഗ്ലണ്ടിനെതിരെ അഗാർക്കർ ഇവിടെ പുറത്താകാതെ 109 റൺസ് നേടിയിരുന്നു.
ലോർഡ്സിൽ സെഞ്ചറിയും 10 വിക്കറ്റ് നേട്ടവും സ്വന്തമാക്കുന്ന ആറാമത്തെ മാത്രം താരം കൂടിയാണ് അറ്റ്കിൻസൻ. ഗബ്ബി അലൻ (ഇംഗ്ലണ്ട്), കെയ്ത് മില്ലർ (ഓസ്ട്രേലിയ), ഇയാൻ ബോതം (ഇംഗ്ലണ്ട്), സ്റ്റുവാർട്ട് ബ്രോഡ് (ഇംഗ്ലണ്ട്), ക്രിസ് വോക്സ് (ഇംഗ്ലണ്ട്) എന്നിവരാണ് ഇക്കാര്യത്തിൽ അറ്റ്കിൻസനു മുന്നിലുള്ളത്. അതേസമയം, ഒറ്റ സീസണിൽ ഈ നേട്ടങ്ങൾ കൈവരിച്ചത് അറ്റ്കിൻസനു പുറമേ ഇയാൻ ബോതം (1974) മാത്രം.
ഇതിനു പുറമെ, ഒരു ടെസ്റ്റ് ഇന്നിങ്സിൽ ലോർഡ്സിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്ന മൂന്നാമത്തെ താരമായും അറ്റ്കിൻസൻ മാറി. 9 സിക്സറുകളുമായി ബെൻ സ്റ്റോക്സ് മുന്നിൽ നിൽക്കുന്ന പട്ടികയിൽ അഞ്ച് സിക്സറുമായി ആൻഡ്രൂ ഫ്ലിന്റോഫാണ് രണ്ടാമത്. നാലു സിക്സറുകൾ വീതം നേടിയ കപിൽ ദേവ്, ഗ്രഹാം ഗൂച്ച്, ക്രിസ് കെയ്ൻസ്‍ എന്നിവർക്കൊപ്പം അറ്റ്കിൻസൻ മൂന്നാം സ്ഥാനം പങ്കിടുന്നു.