കെസിഎൽ ടീമുകളിലെ താരങ്ങളുടെ ശരാശരി പ്രായം 25.85; കേരള ക്രിക്കറ്റിന്റെ യൂത്ത് ഫെസ്റ്റിവൽ!
Mail This Article
തിരുവനന്തപുരം ∙ ഇന്ത്യയിലെ ആഭ്യന്തര ഫ്രാഞ്ചൈസി ക്രിക്കറ്റ് ലീഗുകളിൽ ഇളമുറക്കാരായ കേരള ക്രിക്കറ്റ് ലീഗ്, കളിക്കാരുടെ പ്രായത്തിന്റെ കാര്യത്തിലും ചെറുപ്പം. 6 ടീമുകളിലായി 110 പേർ പങ്കെടുക്കുന്ന കെസിഎലിൽ കളിക്കാരുടെ ശരാശരി പ്രായം 25.85 ആണ്. ടീമുകളിൽ 28.6 വയസ്സ് ശരാശരി പ്രായമുള്ള ഏരീസ് കൊല്ലം സെയ്‌ലേഴ്സാണ് വല്യേട്ടൻമാർ. 23.9 ശരാശരി പ്രായമുള്ള തൃശൂർ ടൈറ്റൻസാണ് കുഞ്ഞൻമാർ.
∙ 30 ക്ലബ്
30 വയസ്സിൽ കൂടുതൽ പ്രായമുള്ള 26 താരങ്ങളാണ് കെസിഎൽ പ്രഥമ സീസണിൽ വിവിധ ടീമുകളിലായി ഇറങ്ങുന്നത്. 18 വയസ്സോ അതിൽ താഴെയോ പ്രായമുള്ള 3 ‘പയ്യൻമാരും’ ഇത്തവണ വിവിധ ടീമുകളിലായുണ്ട്.
∙ സീനിയർ തേജസ്, ജൂനിയർ ഇനാൻ
40 വയസ്സു പ്രായമുള്ള ഏരീസ് കൊല്ലം സെയ്‌ലേഴ്സ് താരം കണ്ണൂർ ചക്കരക്കൽ സ്വദേശി സി.എം. തേജസാണ് പ്രഥമ കെസിഎൽ സീസണിലെ സീനിയർ. 17 വയസ്സും 10 മാസവും പ്രായമുള്ള കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ ലെഗ് സ്പിന്നർ തൃശൂർ അയ്യന്തോൾ സ്വദേശി മുഹമ്മദ് ഇനാനാണ് കൂട്ടത്തിലെ ബേബി.