രാഹുൽ ദ്രാവിഡ് വീണ്ടും രാജസ്ഥാനിലേക്ക്; താരലേലത്തിനു മുൻപായി ടീമിനൊപ്പം ചേരുമെന്ന് റിപ്പോർട്ട്
Mail This Article
ന്യൂഡൽഹി ∙ ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനമൊഴിഞ്ഞ രാഹുൽ ദ്രാവിഡ് അടുത്ത ഐപിഎൽ സീസണിൽ രാജസ്ഥാൻ റോയൽസ് ടീമിന്റെ മുഖ്യ പരിശീലകനായേക്കും. ഈ വർഷത്തെ ട്വന്റി20 ലോകകപ്പ് വിജയത്തിനു പിന്നാലെ ഇന്ത്യൻ ടീമിന്റെ പരിശീലക സ്ഥാനമൊഴിഞ്ഞ ദ്രാവിഡ് നിലവിൽ ക്രിക്കറ്റിൽനിന്നു വിട്ടുനിൽക്കുകയാണ്. ഈ വർഷം അവസാനം നടക്കുന്ന താരലേലത്തിനു മുൻപായി ദ്രാവിഡ് റോയൽസ് ടീമിനൊപ്പം ചേരും.
2012, 2013 സീസണുകളിൽ രാജസ്ഥാൻ ടീമിന്റെ ക്യാപ്റ്റനായിരുന്ന ദ്രാവിഡ്, പിന്നീട് 2 വർഷക്കാലം ടീമിന്റെ മെന്റർ സ്ഥാനവും വഹിച്ചിരുന്നു.
ഐപിഎൽ മെഗാ ലേലത്തിനു മുൻപ് ഏതൊക്കെ താരങ്ങളെ ടീമിൽ നിലനിർത്തണമെന്നതിൽ രാജസ്ഥാൻ ടീം രാഹുൽ ദ്രാവിഡിന്റെ അഭിപ്രായം തേടുമെന്നാണു സൂചന. ഇന്ത്യൻ ടീമിൽ രാഹുൽ ദ്രാവിഡിന്റെ പരിശീലക സംഘത്തിൽ ബാറ്റിങ് കോച്ച് ആയിരുന്ന വിക്രം റാത്തോഡിനെയും രാജസ്ഥാൻ ടീമിലെത്തിക്കും.
2021 മുതൽ രാജസ്ഥാൻ ടീമിന്റെ ഡയറക്ടർ ഓഫ് ക്രിക്കറ്റ് പദവി വഹിക്കുന്ന മുൻ ശ്രീലങ്കൻ ക്രിക്കറ്റർ കുമാർ സംഗക്കാര തൽസ്ഥാനത്തു തുടരും. അതേസമയം, കരീബിയൻ പ്രിമിയർ ലീഗിലും ദക്ഷിണാഫ്രിക്കയിലെ എസ്എ20 ലീഗിലും സംഗക്കാരയ്ക്കു കൂടുതൽ ശ്രദ്ധിക്കാനുള്ള അവസരവും ഇതോടെ ലഭിക്കും.
രാജസ്ഥാൻ റോയൽസുമായി രാഹുൽ ദ്രാവിഡിനു ദീർഘകാലത്തെ ബന്ധമുള്ളതും അദ്ദേഹത്തെ മുഖ്യപരിശീലക സ്ഥാനത്തേക്കു പരിഗണിക്കാൻ കാരണമായി. രാജസ്ഥാൻ റോയൽസിൽ ദ്രാവിഡും ടീമിന്റെ ക്യാപ്റ്റൻ സഞ്ജു സാംസണും വീണ്ടും ഒന്നിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. സഞ്ജുവിന്റെ കരിയറിലെ നിർണായക മാർഗദർശികളിലൊരാളാണ് അൻപത്തിരണ്ടുകാരനായ ദ്രാവിഡ്.