വമ്പന്മാരുടെ ‘ബ്ലാങ്ക് ചെക്ക്’ വേണ്ട, രാഹുൽ ദ്രാവിഡിന് സഞ്ജുവിന്റെ രാജസ്ഥാനെ മതി!

Mail This Article
ജയ്പൂർ∙ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞ രാഹുൽ ദ്രാവിഡ് പുതിയ ദൗത്യത്തിലേക്കു കടന്നിരിക്കുകയാണ്. സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ് അടുത്ത സീസണിൽ ഐപിഎല്ലിന് ഒരുങ്ങുന്നത് രാഹുൽ ദ്രാവിഡിനു കീഴിലാണ്. മുൻപ് രാജസ്ഥാന്റെ മെന്റർ റോളിൽ പ്രവർത്തിച്ചിരുന്ന ദ്രാവിഡിന് റോയൽസിലേക്ക് തിരികെ വരാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നിട്ടില്ലെന്നാണു പുറത്തുവരുന്ന വിവരം. വമ്പൻ ക്ലബ്ബുകളുടെ ഓഫറുകൾ ഒഴിവാക്കിയാണ് ദ്രാവിഡ്, സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാന്റെ ഭാഗമായതെന്ന് ഒരു സ്പോർട്സ് മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യൻ പരിശീലക സ്ഥാനം രാജി വച്ചതിനു പിന്നാലെ ദ്രാവിഡിനെ ടീമിലെത്തിക്കാൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഉൾപ്പടെയുള്ള വമ്പൻമാർ ശ്രമം തുടങ്ങിയിരുന്നു. ദ്രാവിഡിനു വേണ്ടി ബ്ലാങ്ക് ചെക്കുകൾ നൽകാൻ വരെ ചില ടീമുകൾ തയാറായിരുന്നെന്നും ഒരു സ്പോര്‍ട്സ് മാധ്യമം റിപ്പോർട്ട് ചെയ്തു. എന്നാൽ ഈ ഓഫറുകളെല്ലാം വേണ്ടെന്നു വയ്ക്കാനായിരുന്നു ദ്രാവിഡിന്റെ തീരുമാനം. രാജസ്ഥാൻ റോയൽസിലേക്കു മടങ്ങാനുള്ള ഓഫറിന് രാഹുൽ ദ്രാവിഡ് സമ്മതം മൂളുകയും ചെയ്തു.
2011 ൽ ഐപിഎല്ലിന്റെ മാർക്വീ താരമായിരുന്ന ദ്രാവിഡിനെ ഒരു ഘട്ടത്തിൽ സംരക്ഷിച്ചു നിർത്തിയത് രാജസ്ഥാൻ റോയൽസായിരുന്നു. മൂന്നു വർഷം കളിച്ചിരുന്ന റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു താരത്തെ ബിഡ് ചെയ്യാൻ മടിച്ചതോടെ ദ്രാവിഡിനെ ലേലത്തിൽ വാങ്ങാൻ ആളില്ലാത്ത സാഹചര്യം ഉണ്ടായിരുന്നു. എന്നാൽ വൈകിയാണെങ്കിലും, രാഹുല്‍ ദ്രാവിഡിനെ ടീമിനൊപ്പം ചേർക്കാൻ രാജസ്ഥാൻ റോയൽസ് തയാറായി. തുടർന്നു നടന്ന മൂന്ന് ഐപിഎൽ എഡിഷനുകളിൽ രാജസ്ഥാന്റെ ക്യാപ്റ്റനായിരുന്നു ദ്രാവിഡ്.
2014, 2015 വർഷങ്ങളിൽ രാജസ്ഥാന്റെ മെന്ററായും ദ്രാവിഡ് പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ കഴിഞ്ഞ സീസണില്‍ പ്ലേ ഓഫ് കളിച്ച ടീമാണു രാജസ്ഥാൻ റോയൽസ്. രണ്ടാം ക്വാളിഫയറിൽ സൺറൈസേഴ്സ് ഹൈദരാബാദിനോടു തോറ്റാണ് സഞ്‍ജു സാംസൺ നയിച്ച ടീം പുറത്തായത്. അടുത്ത സീസണിലും മലയാളി താരം തന്നെ രാജസ്ഥാന്റെ ക്യാപ്റ്റനാകും. യശസ്വി ജയ്സ്വാൾ, ജോസ് ബട്‍ലർ തുടങ്ങിയ പ്രധാന താരങ്ങൾ ടീമിനൊപ്പം തുടരാനാണു സാധ്യത.