ADVERTISEMENT

തിരുവനന്തപുരം∙ കേരളാ ക്രിക്കറ്റ് ലീഗിന്റെ എട്ടാംദിവസത്തെ ആദ്യ മത്സരത്തില്‍ ട്രിവാന്‍ഡ്രം റോയല്‍സിന് അഞ്ച് വിക്കറ്റ് ജയം. കൊച്ചി ബ്ലൂ ടൈഗേഴ്സ് ഉയർത്തിയ 132 റണ്‍സ് വിജയലക്ഷ്യം 19.5 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ ട്രിവാന്‍ഡ്രം മറികടന്നു. ട്രിവാന്‍ഡ്രത്തിനു വേണ്ടി ക്യാപ്റ്റന്‍ അബ്ദുൽ ബാസിത് പുറത്താവാതെ നേടിയ 50 റണ്‍സ് വിജയത്തിൽ നിർണായകമായി. അബ്ദുൽ ബാസിതാണ് പ്ലെയര്‍ ഓഫ് ദ മാച്ച്.

ടോസ് നേടിയ ട്രിവാന്‍ഡ്രം, കൊച്ചിയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ട്രിവാന്‍ഡ്രം ക്യാപ്റ്റന്റെ തീരുമാനം ശരിവച്ച് ടി.എസ് വിനില്‍ എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ കൊച്ചിയുടെ ഓപ്പണര്‍ ജോബിന്‍ ജോബി (ഒന്ന്) യുടെ വിക്കറ്റ് നഷ്ടമായി. അബ്ദുൽ ബാസിതിന് ക്യാച്ച് നൽകിയാണ് ജോബിന്‍ പുറത്തായത്. അഞ്ജു ജോതി (15 റണ്‍സ്), ആനന്ദ് കൃഷ്ണന്‍ (ആറ്), ഷോണ്‍ റോജര്‍(20), പവന്‍ ശ്രീധര്‍(ഒന്ന്) എന്നിവര്‍ വേഗത്തില്‍ പുറത്തായതോടെ കൊച്ചി 9.4 ഓവറില്‍ അഞ്ചിന് 48 എന്ന നിലയിലായി.

നിഖില്‍ തോട്ടത്ത്- സിജോമോന്‍ കൂട്ടുകെട്ട് ടീം സ്‌കോര്‍ 87ൽ എത്തിച്ചു. 18 പന്തില്‍ നിന്ന് 13 റണ്‍സെടുത്ത സിജോമോനെ ക്യാപ്റ്റന്‍ അബ്ദുൽ ബാസിത് പുറത്താക്കിയതോടെ കൊച്ചി കൂടുതല്‍ പ്രതിരോധത്തിലായി. 20 പന്തില്‍നിന്നും രണ്ട് സിക്‌സും നാലു ബൗണ്ടറിയും ഉള്‍പ്പെടെ 37 റണ്‍സെടുത്ത നിഖില്‍ തോട്ടത്തെ അബ്ദുൽ ബാസിത് ക്ലീന്‍ ബൗള്‍ഡാക്കി. ഉണ്ണികൃഷ്ണന്‍ മനുകൃഷ്ണന്‍(12), ബേസില്‍ തമ്പി(12) എന്നിവര്‍ക്ക് കാര്യമായ സംഭാവന ചെയ്യാനായില്ല. ഇന്നിങ്സിലെ അവസാന പന്തില്‍ ഷൈന്‍ ജോണ്‍ ജേക്കബിനെ വിനോദ്കുമാറിന്റെ പന്തില്‍ അബ്ദുൽ ബാസിത് പുറത്താക്കിയതോടെ കൊച്ചി 131 റണ്‍സിന് ഓള്‍ ഔട്ട്.

132 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ട്രിവാന്‍ഡ്രത്തിന് സ്‌കോര്‍ 36 ലെത്തിയപ്പോള്‍ ആദ്യ വിക്കറ്റ് നഷ്ടമായി. 16 റണ്‍സെടുത്ത റിയാ ബഷീറിനെ ഉണ്ണികൃഷ്ണന്റെ പന്തില്‍ സിജോമോന്‍ പുറത്താക്കി. ഉണ്ണികൃഷ്ണന്റെ ഇതേ ഓവറില്‍ തന്നെ ഗോവിന്ദ് പൈയും റണ്‍സൊന്നുമെടുക്കുന്നതിനു മുന്‍പേ പുറത്തായി. ക്യാപ്റ്റന്‍ അബ്ദുൽ ബാസിതും എ.കെ ആകര്‍ഷും ചേര്‍ന്ന് ടീമിനെ വിജയത്തിലേക്ക് എത്തിച്ചു. അവസാന ഓവറില്‍ നാലു റണ്‍സ് വിജയ ലക്ഷ്യം മുന്നിലുള്ളപ്പോള്‍ ഓവറിലെ രണ്ടാം പന്തില്‍ സിംഗിളെടുത്ത് അബ്ദുൽ ബാസിത് അര്‍ധസെഞ്ചറി തികച്ചു. 32 പന്തില്‍ അഞ്ചു സിക്‌സും ഒരു ബൗണ്ടറിയും ഉള്‍പ്പെടെയായിരുന്നു ഇന്നിങ്സ്. 25 റണ്‍സുമായി നിന്ന ആകര്‍ഷ് അവസാന ഓവറിലെ നാലാംപന്തില്‍ സിജോമോന്‍ ജോസഫിന്റെ ഗംഭീര ക്യാച്ചിലൂടെ പുറത്തായി. ഇതോടെ ഗ്യാലറികളിൽ ആകെ ആകാംക്ഷ നിറഞ്ഞു. എന്നാൽ ഒരു പന്ത് ബാക്കി നില്‌ക്കെ ജോഫിന്‍ അനൂപിന്റെ പന്ത് ബൗണ്ടറിയിലേക്ക് പായിച്ച് റോയല്‍സിന് വിജയം സമ്മാനിച്ചു.

English Summary:

Trivandrum Royals vs Kochi Blue Tigers

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com