വിഷ്ണു വിനോദിന് അതിവേഗ സെഞ്ചറി (45 പന്തിൽ 139); ആലപ്പിക്കെതിരെ തൃശൂരിന് 8 വിക്കറ്റ് ജയം
Mail This Article
തിരുവനന്തപുരം∙ കേരള ക്രിക്കറ്റ് ലീഗിൽ ഇന്നലെ തൃശൂർ ടൈറ്റൻസ്– ആലപ്പി റിപ്പിൾസ് മത്സരം കാണാനെത്തിയവർക്ക് ആകാശത്തുനിന്നു കണ്ണെടുക്കാൻ സമയം കിട്ടിക്കാണില്ല! സെഞ്ചറിയുമായി തൃശൂർ താരം വിഷ്ണു വിനോദും (45 പന്തിൽ 139) സെഞ്ചറിക്ക് 10 റൺ അകലെ അവസാനിച്ച തകർപ്പൻ ഇന്നിങ്സുമായി ആലപ്പി ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീനും മാറിമാറി സിക്സർ മഴ പെയ്യിച്ച മത്സരത്തിൽ ആലപ്പിക്കെതിരെ തൃശൂരിന് 8 വിക്കറ്റ് ജയം.
വിഷ്ണുവിന്റെ സെഞ്ചറിക്ക് 17 സിക്സറുകൾ അകമ്പടി ചേർന്നപ്പോൾ അസ്ഹറുദ്ദീൻ (53 പന്തിൽ 90) പന്ത് ബൗണ്ടറി കടത്തിയത് 7 തവണ. മത്സരത്തിൽ ആകെ 35 സിക്സറുകൾ ! 33 പന്തിൽ സെഞ്ചറി തികച്ച വിഷ്ണു, കെസിഎലിലെ വേഗമേറിയ സെഞ്ചറിയെന്ന ബഹുമതിയും പേരിലാക്കി. സ്കോർ: ആലപ്പി 20 ഓവറിൽ 6ന് 181. തൃശൂർ 12.4 ഓവറിൽ 2ന് 187.
സിക്സ് അടിക്കുന്നത് വിനോദമാക്കി മാറ്റിയ വിഷ്ണു വിനോദിന്റെ ബാറ്റ് തുടക്കം മുതൽ സംസാരിച്ചത് ബൗണ്ടറികളിലൂടെയാണ്. സഹഓപ്പണർ ഇമ്രാൻ അഹമ്മദിനെ (18 പന്തിൽ 24) തുടക്കത്തിലേ നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റിൽ അക്ഷയ് മനോഹറിനെ (13 പന്തിൽ 16 നോട്ടൗട്ട്) ഒരു എൻഡിൽ കാഴ്ചക്കാരനാക്കി നിർത്തിയ വിഷ്ണു, ആലപ്പി ബോളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ചു. ഒടുവിൽ 12–ാം ഓവറിലെ രണ്ടാം പന്തിൽ സിക്സിലൂടെ വിജയ റൺ നേടാൻ ശ്രമിച്ച് വിഷ്ണു പുറത്താകുമ്പോൾ, തൃശൂരിന് ജയിക്കാൻ 2 റൺസ് കൂടി മതിയായിരുന്നു.