വിജയാഘോഷത്തിനിടെ സിലക്ടർമാർക്ക് രഹാനെയുടെ ‘ടെസ്റ്റ്’, ഒപ്പം അയ്യരും സർഫറാസും; ഇറാനി കപ്പിൽ മൂവർക്കും ഫിഫ്റ്റി
Mail This Article
ലക്നൗ∙ ബംഗ്ലദേശിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ തകർപ്പൻ വിജയം നേടി പരമ്പര തൂത്തുവാരിയതിന്റെ ആഹ്ലാദാരവങ്ങൾക്കിടെ, അതേ ദിവസം കാൻപുരിൽനിന്ന് ഏറെ ദൂരയല്ലാതെ ലക്നൗവിൽ ഇന്ത്യൻ ടെസ്റ്റ് ടീമിൽ ഇടത്തിനായി അവകാശവാദമുന്നയിച്ച് മൂന്നു താരങ്ങൾ. ലക്നൗവിലെ അടൽ ബിഹാരി വാജ്പേയി സ്റ്റേഡിയത്തിൽ നടക്കുന്ന ഇറാനി കപ്പിലെ തകർപ്പൻ പ്രകടനത്തിലൂടെ വെറ്ററൻ താരം അജിൻക്യ രഹാനെ (86*), ശ്രേയസ് അയ്യർ (57), സർഫറാസ് ഖാൻ (54) എന്നിവരാണ് ഇന്ത്യൻ ടെസ്റ്റ് ടീമിലേക്ക് അവകാശവാദം ഉന്നയിച്ചത്.
റെസ്റ്റ് ഓഫ് ഇന്ത്യയ്‌ക്കെതിരായ മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ, ഒന്നാം ദിനം കളി നിർത്തുമ്പോൾ 68 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 237 റൺസ് എന്ന നിലയിലാണ്. അർധസെഞ്ചറികളുമായി ക്യാപ്റ്റൻ അജിൻക്യ രഹാനെയും സർഫറാസ് ഖാനും ക്രീസിൽ. പിരിയാത്ത അഞ്ചാം വിക്കറ്റിൽ ഇരുവരും 97 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട്.
ഇതുവരെ 197 പന്തുകൾ േനരിട്ട രഹാനെ ആറു ഫോറും ഒരു സിക്സും സഹിതമാണ് 86 റൺസെടുത്തത്. ശ്രേയസ് അയ്യർ 84 പന്തിൽ ആറു ഫോറും രണ്ടു സിക്സും സഹിതം 57 റൺസെടുത്ത് പുറത്തായി. ഇതുവരെ 88 പന്തുകൾ നേരിട്ട സർഫറാസ് ഖാൻ ആറു ഫോറുകളോടെ 54 റൺസുമായി ക്യാപ്റ്റനൊപ്പം പുറത്താകാതെ നിൽക്കുന്നു.
നാലാം വിക്കറ്റിൽ അയ്യർക്കൊപ്പം സെഞ്ചറി കൂട്ടുകെട്ടു തീർത്ത രഹാനെ, പിരിയാത്ത അഞ്ചാം വിക്കറ്റിൽ സർഫറാസ് ഖാനൊപ്പം മറ്റൊരു സെഞ്ചറി കൂട്ടുകെട്ടിന്റെ വക്കിലാണ്. നാലാം വിക്കറ്റിൽ അയ്യർ – രഹാനെ സഖ്യം 102 റൺസ് കൂട്ടിച്ചേർത്തു. പിരിയാത്ത അഞ്ചാം വിക്കറ്റിൽ സർഫറാസ് – രഹാനെ സഖ്യം ഇതുവരെ 97 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ നിലവിലെ രഞ്ജി ട്രോഫി ചാംപ്യൻമാരുടെ തുടക്കം പരിതാപകരമായിരുന്നു. സ്കോർ ബോർഡിൽ 37 റൺസ് എത്തുമ്പോഴേക്കും ഓപ്പണർ പൃഥ്വി ഷാ ഉൾപ്പെടെയുള്ളവർ ഡ്രസിങ് റൂമിൽ മടങ്ങിയെത്തി. സ്കോർ ബോർഡിൽ ആറു റൺസുള്ളപ്പോൾ ഒരേ ഓവറിൽ പൃഥ്വി ഷാ, ഹാർദിക് ടാമോർ എന്നിവരെ മുകേഷ് കുമാറാണ് പുറത്താക്കിയത്. ഏഴു പന്തിൽ ഒരു ഫോർ സഹിതം നാലു റൺസെടുത്ത ഷായെ ദേവ്ദത്ത് പടിക്കലും, മൂന്നു പന്തു നേരിട്ട് അക്കൗണ്ട് തുറക്കാനാകാതെ പോയ ഹാർദിക്കിനെ ധ്രുവ് ജുറേലും പിടികൂടി.
ഒരറ്റത്ത് പിടിച്ചുനിൽക്കാൻ ശ്രമിച്ച ഓപ്പണർ ആയുഷ് മാത്രയും പിന്നാലെ മടങ്ങി. 35 പന്തിൽ മൂന്നു ഫോറുകൾ സഹിതം 19 റൺസെടുത്ത ആയുഷിനെയും മുകേഷ് കുമാറിന്റെ പന്തിൽ ജുറേൽ ക്യാച്ചെടുത്ത് പുറത്താക്കി. ഇതിനു ശേഷമായിരുന്നു മുംബൈ ഇന്നിങ്സിന്റെ നട്ടെല്ലായ രഹാനെ – അയ്യർ കൂട്ടുകെട്ട്. നാലാം വിക്കറ്റിൽ സെഞ്ചറി കൂട്ടുകെട്ട് തീർത്താണ് ഇരുവരും ടീമിനെ കരകയറ്റിയത്. റെസ്റ്റ് ഓഫ് ഇന്ത്യയ്ക്കായി മുകേഷ് കുമാർ 14 ഓവറിൽ 60 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. യഷ് ദയാൽ 15 ഓവറിൽ 46 റൺസ് വഴങ്ങി ഒരു വിക്കറ്റും സ്വന്തമാക്കി.