‘വെറൈറ്റി’ക്കു ശ്രമിച്ച് നോബോളിൽ കുരുങ്ങി പരാഗ്, ബംഗാളിയിൽ ‘പ്രോത്സാഹിപ്പിച്ച്’ സഞ്ജു; പിന്നാലെ വിക്കറ്റ്– വിഡിയോ
Mail This Article
ന്യൂഡൽഹി∙ ബംഗ്ലദേശിനെതിരായ രണ്ടാം ട്വന്റി20 മത്സരത്തിനിടെ റിയാൻ പരാഗിനെ ബംഗാളി ഭാഷയിൽ പ്രോത്സാഹിപ്പിക്കുന്ന മലയാളി താരം സഞ്ജു സാംസണിന്റെ വിഡിയോ വൈറൽ. മെഹ്ദി ഹസൻ മിറാസിനെതിരെ റിയാൻ പരാഗ് ബോൾ ചെയ്യുമ്പോഴാണ് സഞ്ജു തന്റെ ‘ബംഗാളി വിജ്ഞാനം’ ഉപയോഗിച്ചത്. സഞ്ജുവിന്റെ ബംഗാളി ഭാഷ കമന്ററി ബോക്സിൽ ഇതിഹാസ താരം സുനിൽ ഗാവസ്കർ ഉൾപ്പെടെയുള്ളവരുടെ ശ്രദ്ധ കവരുകയും ചെയ്തു. തൊട്ടടുത്ത പന്തിൽ പരാഗ് വിക്കറ്റും വീഴ്ത്തിയതോടെ, സഞ്ജുവിന്റെ ‘ബംഗാളി പ്രോത്സാഹനം’ വൈറലായി.
ഇന്ത്യ ഉയർത്തിയ 222 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ബംഗ്ലദേശിനെതിരെ, 11–ാം ഓവറിലാണ് റിയാൻ പരാഗിന് ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പന്തു നൽകുന്നത്. ആദ്യ പന്തിൽത്തന്നെ പടുകൂറ്റൻ സിക്സറുമായാണ് മഹ്മുദൂല്ല പരാഗിനെ വരവേറ്റത്. അടുത്ത രണ്ടു പന്തുകളിൽ സിംഗിൾ.
ഇതിനിടെ നാലാം പന്തിലാണ് റിയാൻ പരാഗ് ആക്ഷനിൽ വ്യത്യസ്ത കൊണ്ടുവരാൻ ശ്രമിച്ച് നോബോളിൽ കുരുങ്ങിയത്. മുൻ ഇന്ത്യൻ താരം കേദാർ ജാദവിനെ അനുസ്മരിപ്പിക്കുന്ന ആക്ഷനായിരുന്നു ശ്രമമെങ്കിലും, പിച്ചിനു പുറത്തുമാറിയുള്ള ബോളിങ് വിശദമായ പരിശോധനയ്ക്കു ശേഷം അംപയർ നോബോൾ വിളിച്ചു. അടുത്ത പന്തിൽ മഹ്മൂദുല്ലയ്ക്ക് റണ്ണെടുക്കാനായില്ല.
അഞ്ചാം പന്തിൽ മഹ്മൂദുല്ല സിംഗിൾ നേടിയതിനു പിന്നാലെയായിരുന്നു സഞ്ജുവിന്റെ ‘ബംഗാളി ഡയലോഗ്’. മഹ്മൂദുല്ലയെ സിംഗിളിൽ ഒതുക്കിയ ബോളിനു പിന്നാലെ ബോളിങ് കൊള്ളാം എന്ന അർഥത്തിൽ ‘ഖൂബ് ബാലോ, ഖൂബ് ബാലോ’ എന്നായിരുന്നു സഞ്ജുവിന്റെ ബംഗാളിയിലുള്ള ഡയലോഗ്.
എന്തായാലും സഞ്ജുവിന്റെ പ്രോത്സാഹനം ‘ഏറ്റു’. തൊട്ടടുത്ത പന്തിൽ മെഹ്ദി ഹസൻ മിറാസിനെ ബൗണ്ടറിക്കു സമീപം രവി ബിഷ്ണോയിയുടെ കൈകളിലെത്തിച്ച് റിയാൻ പരാഗ് ഇന്ത്യയ്ക്ക് അഞ്ചാം വിക്കറ്റ് സമ്മാനിച്ചു. 16 പന്തിൽ ഒരു ഫോർ സഹിതം 16 റൺസെടുത്തായിരുന്നു മെഹ്ദി ഹസന്റെ മടക്കം.