ആദ്യ ഓവറിൽ ഇരട്ട ബൗണ്ടറിയുമായി മികച്ച തുടക്കം, ടസ്കിന്റെ സ്ലോവർ ബോളിൽ ‘കുരുങ്ങി’ മടക്കം; നിരാശനായി ഗംഭീറും– വിഡിയോ
Mail This Article
ന്യൂഡൽഹി∙ ബംഗ്ലദേശിനെതിരായ രണ്ടാം ട്വന്റി20 മത്സരത്തിൽ മികച്ച അവസരം മുന്നിലുണ്ടായിട്ടും സഞ്ജു സാംസണിന് അതു മുതലെടുക്കാനാകാതെ പോയതിൽ നിരാശരായി ആരാധകർ. തുടർച്ചയായി രണ്ടാം മത്സരത്തിലും ഓപ്പണറായി അവസരം ലഭിച്ച സഞ്ജു, മെഹ്ദി ഹസൻ മിറാസിനെതിരെ ഇരട്ടബൗണ്ടറിയുമായി ഒരിക്കൽക്കൂടി മികച്ച തുടക്കമിട്ടതാണ്. ആരാധകരെ മോഹിപ്പിച്ച ശേഷം തൊട്ടടുത്ത ഓവറിൽ സഞ്ജു പുറത്തായി.
ആദ്യ ഓവറിൽ സഞ്ജുവിനു പുറമേ അഭിഷേക് ശർമ കൂടി ബൗണ്ടറി കണ്ടെത്തിയതോടെ ആകെ 15 റൺസാണ് പിറന്നത്. ഇതോടെ ഇന്ത്യയ്ക്ക് മികച്ച തുടക്കമെന്ന പ്രതീതി ഉയർന്നതാണ്. തൊട്ടടുത്ത ഓവറിൽ ടസ്കിൻ അഹമ്മദിന്റെ സ്ലോവർ ബോൾ തന്ത്രം സഞ്ജുവിനെ വീഴ്ത്തുകയായിരുന്നു.
അഭിഷേക് ശർമയെ തുടർച്ചയായി മൂന്നു സ്ലോവർ ബോളുകളുമായി പരീക്ഷിച്ച ടസ്കിൻ അഹമ്മദ്, അവസാന പന്തു നേരിടാനെത്തിയ സഞ്ജുവിനെതിരെയും പയറ്റിയത് അതേ തന്ത്രം. ഷോട്ടിനു ശ്രമിച്ച സഞ്ജു മിഡ് ഓഫിൽ ബംഗ്ലദേശ് നായകൻ നജ്മുൽ ഹുസൈൻ ഷാന്റോയ്ക്ക് ക്യാച്ച് സമ്മാനിച്ച് പുറത്തായി. ഏഴു പന്തിൽ രണ്ടു ഫോറുകൾ സഹിതം സഞ്ജുവിന്റെ സമ്പാദ്യം 10 റൺസ്.
മത്സരശേഷം സഞ്ജുവിനെതിരെ സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ വ്യാപക വിമർശനം ഉയരുകയും ചെയ്തു. ബാറ്റിങ്ങിന് അനുകൂലമായി പിച്ചിൽ താരം അവസരം മുതലെടുക്കേണ്ടതായിരുന്നുവെന്ന് ആരാധകർ ചൂണ്ടിക്കാട്ടി. നിതീഷ് റെഡ്ഡി ഉൾപ്പെടെയുള്ള പുതുമുഖങ്ങൾ അനായാസം ബാറ്റു ചെയ്ത പിച്ചിൽ, കുറച്ചുനേരം കൂടി പിടിച്ചുനിൽക്കാനുള്ള ക്ഷമ സഞ്ജു കാണിച്ചിരുന്നെങ്കിൽ നല്ലൊരു ഇന്നിങ്സ് പ്രതീക്ഷിക്കാമായിരുന്നുവെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.
പ്രത്യേകിച്ചും മധ്യ ഓവറുകളിൽ നിതീഷ് റെഡ്ഡിയും റിങ്കു സിങ്ങും ‘തല്ലിച്ചതച്ച’ ബംഗ്ലദേശ് സ്പിന്നർമാരെ, അതിലേറെ വൈദഗ്ധ്യത്തോടെ നേരിടാനുള്ള മികവ് സഞ്ജുവിനുള്ള സാഹചര്യത്തിൽ. ആദ്യ മത്സരത്തിൽ 19 പന്തിൽ 29 റൺസുമായി തിളങ്ങിയ സഞ്ജുവിന്, ബെസ്റ്റ് സ്ട്രൈക്കർ ഓഫ് ദ് മാച്ച് പുരസ്കാരം ഉൾപ്പെടെ ലഭിച്ചിരുന്നു. ഇനി ഞായറാഴ്ച നടക്കുന്ന അവസാന മത്സരത്തിൽ ജിതേഷ് ശർമ ഉൾപ്പെടെയുള്ളവർക്ക് അവസരം നൽകാൻ ടീം മാനേജ്മെന്റ് തീരുമാനിച്ചാൽ, സഞ്ജു പുറത്തിരിക്കേണ്ടി വരുമോ എന്നതും കാത്തിരുന്നു കാണേണ്ടിവരും.