ഇംഗ്ലണ്ട് താരങ്ങൾക്ക് പാക്കിസ്ഥാൻ സൂപ്പർ ലീഗ് കളിക്കാനാകില്ല; ഐപിഎല്ലിന് പ്രത്യേക അനുമതി
Mail This Article
ലണ്ടൻ∙ ആഭ്യന്തര സീസണിനിടെ ഇംഗ്ലിഷ് താരങ്ങൾ വിദേശ ക്രിക്കറ്റ് ലീഗുകൾ കളിക്കുന്നതു വിലക്കി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്. ഇതോടെ പാക്കിസ്ഥാൻ സൂപ്പർ ലീഗിൽ ഇംഗ്ലണ്ട് താരങ്ങൾക്കു കളിക്കാൻ സാധിക്കില്ലെന്ന അവസ്ഥയായി. ഇംഗ്ലണ്ടിലെ ആഭ്യന്തര ക്രിക്കറ്റ് സീസണിന്റെ സമയത്ത് പാക്ക് ലീഗ്, ശ്രീലങ്ക പ്രീമിയർ ലീഗ് തുടങ്ങിയ വിദേശ ലീഗുകളിൽ കളിക്കാൻ താരങ്ങൾ പോകരുതെന്നാണ് പുതിയ കരട് നയത്തിലുള്ളത്.
ഇംഗ്ലണ്ടിലെ ആഭ്യന്തര ലീഗുകളായ കൗണ്ടി ചാംപ്യൻഷിപ്, വൈറ്റാലിറ്റി ബ്ലാസ്റ്റ്, ദ് ഹണ്ട്രഡ് എന്നിവയിൽ ഇംഗ്ലണ്ടിന്റെ പ്രധാന താരങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കി കൂടുതൽ ജനകീയമാക്കാനാണ് ഇങ്ങനെയൊരു നീക്കം. താരങ്ങൾ ഒരേ സമയത്ത് രണ്ട് ടീമുകളുടെ ഭാഗമാകുന്നതിനും ഇംഗ്ലണ്ട് ബോർഡ് നിയന്ത്രണം കൊണ്ടുവരും. ഉദാഹരണത്തിന് ഒരേ സമയത്തു നടക്കുന്ന രണ്ടു ലീഗുകളിലെ ടീമുകളിൽ ഒരു താരത്തിനു ഭാഗമാകാം. ഒരു ലീഗിലെ ടീം നേരത്തേ ടൂർണമെന്റിൽനിന്നു പുറത്തായാൽ, താരത്തിന് മറ്റൊരു ലീഗിലെത്തി ശേഷിക്കുന്ന മത്സരങ്ങൾ കളിക്കാൻ അവസരമുണ്ടായിരുന്നു.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിക്കാൻ ഇംഗ്ലിഷ് ബോർഡുമായി കരാറുള്ള താരങ്ങൾക്കു വരെ വിദേശ ലീഗുകളിൽ ഇതേ സമയത്ത് കളിക്കാനുള്ള എൻഒസി ലഭിക്കാതെ വരും. കഴിഞ്ഞ വർഷം മാത്രം 74 ഇംഗ്ലണ്ട് താരങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ക്ലബ്ബ് ക്രിക്കറ്റുകളിൽ കളിച്ചിട്ടുണ്ടെന്നാണു കണക്ക്.
എല്ലാ വർഷവും ഏപ്രിൽ– മേയ് മാസങ്ങളിൽ ഇംഗ്ലണ്ട് താരങ്ങൾക്ക് നിയമങ്ങളിൽ ഇളവു നൽകാനും ധാരണയായിട്ടുണ്ട്. ഇന്ത്യൻ പ്രീമിയർ ലീഗ് സീസൺ ഈ സമയത്ത് ആയതിനാലാണ് താരങ്ങൾക്ക് പ്രത്യേക അനുമതി നൽകുന്നത്. അതുകൊണ്ടുതന്നെ ഐപിഎല്ലിൽ ഇംഗ്ലണ്ട് താരങ്ങൾ കളിക്കുന്നതിനു പുതിയ നിയമങ്ങൾ ബാധകമാകില്ല.