ഐപിഎൽ ടീമുകളേ... നിങ്ങൾ ഇത് കാണുക! മുംബൈയുടെ കണക്കുകൂട്ടലുകൾ തെറ്റിച്ച സൽമാൻ– രോഹൻ കോംബോ
Mail This Article
ഹൈദരാബാദ് ∙ ഈ മത്സരം ഐപിഎൽ താരലേലത്തിന് മുൻപായിരുന്നെങ്കിൽ! മുഷ്താഖ് അലി ട്വന്റി20 ക്രിക്കറ്റിൽ മുംബൈയ്ക്കെതിരെ കേരളത്തിന്റെ തകർപ്പൻ വിജയം കണ്ട പലരും ഇങ്ങനെ ചിന്തിച്ചിട്ടുണ്ടാകും. ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർതാരങ്ങൾ നിറഞ്ഞ മുംബൈയ്ക്കെതിരെ കേരളം 43 റൺസിന്റെ അട്ടിമറി വിജയം നേടിയ മത്സരത്തിൽ ശ്രദ്ധേയമായത് ഐപിഎൽ ലേലത്തിൽ അവസരം ലഭിക്കാതെ പോയ 2 കേരള താരങ്ങളുടെ ബാറ്റിങ് വെടിക്കെട്ട്.
49 പന്തിൽ പുറത്താകാതെ 99 റൺസുമായി സൽമാൻ നിസാറും 48 പന്തിൽ 87 റൺസുമായി രോഹൻ കുന്നുമ്മലും തകർത്തടിച്ച കളിയിൽ 234 റൺസിന്റെ കൂറ്റൻ സ്കോറുയർത്തിയ കേരളം മുംബൈയുടെ കരുത്തുറ്റ ബാറ്റിങ് നിരയെ 191 റൺസിൽ പിടിച്ചുകെട്ടി. സ്കോർ: കേരളം– 20 ഓവറിൽ 5ന് 234. മുംബൈ– 20 ഓവറിൽ 9ന് 191. സൽമാനാണ് പ്ലെയർ ഓഫ് ദ് മാച്ച്. മുഷ്താഖ് അലി ഗ്രൂപ്പ് റൗണ്ടിൽ കേരളത്തിന്റെ മൂന്നാം വിജയമാണിത്.
ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തെ വെടിക്കെട്ടിന്റെ പൂരപ്പറമ്പാക്കി മാറ്റുകയായിരുന്നു കേരള താരങ്ങൾ ഇന്നലെ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കേരളത്തിന് നാലാം പന്തിൽ ക്യാപ്റ്റൻ സഞ്ജു സാംസണെ (4) നഷ്ടമായി. നാലാം ഓവറിൽ മുഹമ്മദ് അസ്‌ഹറുദ്ദീൻ (13) പുറത്തായപ്പോൾ പിന്നാലെയെത്തിയ സച്ചിൻ ബേബി (7) പരുക്കേറ്റ് റിട്ടയേഡ് ഹർട്ടായി.
മുംബൈ ബോളർമാരുടെ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ച് സൽമാൻ– രോഹൻ സഖ്യം ക്രീസിൽ തകർത്താടിയത് അതിനുശേഷമാണ്. ഇടംകൈ ബാറ്ററായ സൽമാനും വലംകൈ ബാറ്ററായ രോഹനും ചേർന്നുള്ള കൂട്ടുകെട്ടിൽ മൂന്നാം വിക്കറ്റിൽ പിറന്നത് 74 പന്തിൽ 131 റൺസ്. 5 ഫോറും 8 സിക്സും സൽമാന്റെ ബാറ്റിൽ നിന്നു പറന്നപ്പോൾ 5 ഫോറും 7 സിക്സും അടങ്ങുന്നതായിരുന്നു ഓപ്പണർ രോഹന്റെ ഇന്നിങ്സ്. 18–ാം ഓവറിൽ രോഹൻ പുറത്തായെങ്കിലും അവസാന 15 പന്തിൽ 47 റൺസ് നേടിയാണ് സൽമാൻ നിസാർ ടീം സ്കോർ 234ൽ എത്തിച്ചത്.