36 വയസ്സുകാരന്റെ ബൗണ്ടറി മേളം; കൊൽക്കത്തയ്ക്ക് ‘ചുളുവിലയ്ക്ക്’ കിട്ടിയ ലോട്ടറി, നയിക്കാൻ രഹാനെ വരുമോ?

Mail This Article
ബെംഗളൂരു∙ രാജ്യാന്തര ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവ് അവസാനിച്ചെങ്കിലും, ആഭ്യന്തര ക്രിക്കറ്റിൽ അങ്ങനെയല്ലെന്നു തെളിയിച്ച് 36 വയസ്സുകാരൻ അജിൻക്യ രഹാനെ. സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി20 ടൂർണമെന്റിൽ തകർപ്പൻ ഫോമിൽ കളിക്കുന്ന രഹാനെ, വിദർഭയ്ക്കെതിരായ ക്വാര്‍ട്ടർ ഫൈനലിലും അതു തുടർന്നു. ക്യാപ്റ്റൻ ശ്രേയസ് അയ്യർ ബാറ്റിങ്ങിൽ നിരാശപ്പെടുത്തിയപ്പോൾ 45 പന്തിൽ 85 റൺസെടുത്താണ് രഹാനെ ടീമിന്റെ രക്ഷകനായത്. മത്സരത്തിൽ 222 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈ ആറു വിക്കറ്റ് വിജയവുമായി സെമി ഫൈനൽ ഉറപ്പിക്കുകയും ചെയ്തു.
റെക്കോർഡ് ബുക്കിൽ ഇടം നേടിയ പ്രകടനമാണ് മുംബൈ വിദർഭയ്ക്കെതിരെ നടത്തിയത്. പുരുഷ ട്വന്റി20 ക്രിക്കറ്റിലെ നോക്കൗട്ട് റൗണ്ടിൽ പിന്തുടർന്നു ജയിക്കുന്ന ഏറ്റവും മികച്ച സ്കോറാണിത്. 220 റൺസോ, അതിനു മുകളിലോ സ്കോർ ഒരു ടീം നോക്കൗട്ടിൽ പിന്തുടർന്നു ജയിക്കുന്നതും ആദ്യമായാണ്. 2010ൽ പാക്കിസ്ഥാനിലെ ഫൈസൽ ബാങ്ക് ട്വന്റി20യിൽ റാവൽപിണ്ടി രാംസിനെതിരെ കറാച്ചി ഡോൾഫിന്‍സ് 210 റൺസ് പിന്തുടര്‍ന്നു ജയിച്ച റെക്കോർഡാണ് മുബൈ ബുധനാഴ്ച പഴങ്കഥയാക്കിയത്.
വിദർഭയ്ക്കെതിരായ മത്സരത്തിൽ ഓപ്പണറായി ഇറങ്ങിയ രഹാനെ 16–ാം ഓവറിൽ യാഷ് താക്കൂറിന്റെ പന്തിലാണു പുറത്താകുന്നത്. അപ്പോഴേക്കും 15.1 ഓവറിൽ നാലിന് 157 റൺസെന്ന നിലയിൽ മുംബൈ എത്തിയിരുന്നു. പത്ത് ഫോറുകളും മൂന്നു സിക്സുകളും ഉൾപ്പെടുന്നതായിരുന്നു ക്വാർട്ടറിൽ രഹാനെയുടെ ഇന്നിങ്സ്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ ആറ് ഇന്നിങ്സുകളിൽ 334 റൺസാണ് രഹാനെ ഇതുവരെ നേടിയത്. നാല് അർധ സെഞ്ചറികൾ താരം ഇതുവരെ നേടിയിട്ടുണ്ട്. ആന്ധ്രപ്രദേശിനെതിരെ 54 പന്തിൽ 95 റൺസെടുത്തതാണ് ടൂർണമെന്റിൽ രഹാനെയുടെ മികച്ച സ്കോർ.
രഹാനെയുടെ വെടിക്കെട്ട് ഫോം സത്യത്തിൽ ആശ്വാസം നൽകുന്നത് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനാണ്. കഴിഞ്ഞ ഐപിഎൽ ലേലത്തിൽ 1.5 കോടി രൂപയ്ക്കാണ് കൊൽക്കത്ത രഹാനെയെ വാങ്ങിയത്. ടീമിനെ 2024 ഐപിഎല്ലിൽ കിരീടത്തിലെത്തിച്ച ക്യാപ്റ്റൻ ശ്രേയസ് അയ്യർ ടീം വിട്ട സാഹചര്യത്തിൽ പുതിയ നായകനെ തേടുകയാണ് കൊൽക്കത്ത. മികച്ച ഫോമിലുള്ള അജിൻക്യ രഹാനെയെ തന്നെ ഫ്രാഞ്ചൈസി ക്യാപ്റ്റൻസി ഏൽപിച്ചേക്കും. ഇന്ത്യന്‍ ടീമിനെയും ഐപിഎല്ലിൽ റൈസിങ് പുണെ സൂപ്പർ ജയന്റ്സ്, രാജസ്ഥാൻ റോയല്‍സ് ടീമുകളെയും നയിച്ചിട്ടുള്ള താരമാണ് രഹാനെ.
വൻ തുകകൾ നൽകി കൊൽക്കത്ത കളിപ്പിക്കുന്ന വെങ്കടേഷ് അയ്യർ, റിങ്കു സിങ്, സുനിൽ നരെയ്ൻ തുടങ്ങിയ സൂപ്പർ താരങ്ങളെ നയിക്കാൻ ഒന്നര കോടി പ്രതിഫലം വാങ്ങുന്ന രഹാനെ എത്തുന്ന കാഴ്ച അടുത്ത സീസണില്‍ ഏറക്കുറെ ഉറപ്പാണ്. വെങ്കടേഷ് അയ്യര്‍ ക്യാപ്റ്റനാകാൻ താൽപര്യം അറിയിച്ചിട്ടുണ്ടെങ്കിലും സീനിയര്‍ താരമായ രഹാനെയ്ക്കു തന്നെ ചുമതല നൽകാനാണു സാധ്യത.