രോഹിത്തിനേക്കാൾ നന്നായി ജസ്പ്രീത് ബുമ്ര ബോളർമാരെ ഉപയോഗിച്ചു; ‘ക്യാപ്റ്റൻസി’ പോരെന്ന് വിമർശനം
Mail This Article
ബ്രിസ്ബെയ്ൻ∙ ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ഇന്ത്യയുടെ മോശം പ്രകടനത്തിൽ രോഹിത് ശർമയുടെ ക്യാപ്റ്റൻസിയെ പഴിച്ച് ഓസ്ട്രേലിയയുടെ മുൻ ക്രിക്കറ്റ് താരം സൈമൺ കാറ്റിച്ച്. മൂന്നാം ടെസ്റ്റിൽ രോഹിത് ശർമയിൽനിന്ന് കുറച്ചുകൂടി മികച്ച ക്യാപ്റ്റൻസി പ്രതീക്ഷിക്കുന്നതായി ഓസ്ട്രേലിയ മുൻ താരം വ്യക്തമാക്കി. ‘‘കഴിഞ്ഞ രണ്ടു മത്സരങ്ങളുടെയും ഫലം നോക്കിയാൽ ബുമ്രയുടെ കീഴിൽ ബോളർമാർ പന്തെറിഞ്ഞ രീതി അഡ്‍ലെയ്ഡിലേക്കാൾ എത്രയോ മികച്ചതായിരുന്നു.’’– സൈമൺ കാറ്റിച്ച് ഒരു പോഡ്കാസ്റ്റിൽ പ്രതികരിച്ചു.
ഗ്രൗണ്ടിലുള്ളപ്പോൾ രോഹിത് ശർമയിൽനിന്ന് കൂടുതൽ ആക്ടീവായ പ്രതികരണങ്ങളാണു പ്രതീക്ഷിക്കുന്നതെന്നും കാറ്റിച്ച് വ്യക്തമാക്കി. ഫീൽഡ് ചെയ്യുമ്പോൾ ബോളർമാർക്ക് ആവശ്യമായ നിർദേശങ്ങൾ കൂടുതലായി നൽകാൻ രോഹിത് ശർമ ശ്രമിക്കണമെന്നും കാറ്റിച്ച് പ്രതികരിച്ചു. ആദ്യ രണ്ടു ടെസ്റ്റുകളിൽ ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, ഹർഷിത് റാണ എന്നിവരായിരുന്നു ഇന്ത്യയുടെ പേസർമാർ. നിതീഷ് റെഡ്ഡിയെയും ഇന്ത്യ പേസ് നിരയിൽ ഉപയോഗിച്ചിരുന്നു.
പെർത്തിൽ നന്നായി പന്തെറിഞ്ഞ സിറാജും ഹർഷിത് റാണയും അഡ്‍ലെയ്ഡിൽ നടന്ന രണ്ടാം ടെസ്റ്റിൽ നിറംമങ്ങിപ്പോയത് വൻ ചർച്ചയായിരുന്നു. ബ്രിസ്ബെയ്നിൽ നടക്കുന്ന മൂന്നാം ടെസ്റ്റിൽ ആകാശ് ദീപിനെ കളിപ്പിക്കണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്. 14ന് തുടങ്ങുന്ന ബ്രിസ്ബെയ്ൻ ടെസ്റ്റിൽ ഇന്ത്യന്‍ ബോളിങ്ങിൽ മാറ്റങ്ങൾ കൊണ്ടുവരാൻ സാധ്യതയുണ്ട്. പരമ്പരയിലെ അവസാന രണ്ടു ടെസ്റ്റുകളിൽ മുഹമ്മദ് ഷമിയെ ഇറക്കുന്ന കാര്യവും ബിസിസിഐയുടെ പരിഗണനയിലുണ്ട്.