ടീം ബസിൽ കയറാതെ യശസ്വി ജയ്സ്വാൾ, ഹോട്ടൽ വിട്ടത് കാറിൽ; രോഹിത് ശർമയ്ക്ക് അതൃപ്തി

Mail This Article
അഡ്‍ലെയ്ഡ്∙ ബ്രിസ്ബെയ്നിലേക്കുള്ള യാത്രയ്ക്കായി കൃത്യസമയത്ത് ബസിൽ കയറാതെ ഇന്ത്യൻ ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍. അഡ്‍ലെയ്ഡിലെ ഹോട്ടലിൽനിന്ന് വിമാനത്താവളത്തിലേക്കു യാത്ര ചെയ്യാനുള്ള ബസ് യശസ്വി ജയ്സ്വാളില്ലാതെയാണു പുറപ്പെട്ടത്. 20 മിനിറ്റോളം വൈകിയാണ് ജയ്സ്വാൾ ഹോട്ടൽ ലോബിയിലെത്തിയത്. അപ്പോഴേക്കും ബസ് പുറപ്പെട്ടിരുന്നു. തുടർന്ന് ഹോട്ടലിലെ കാറിൽ കയറിയാണ് ജയ്സ്വാൾ വിമാനത്താളത്തിലേക്കു പോയത്.
10 മണിക്കുള്ള വിമാനത്തില്‍ കയറുന്നതിനായി രാവിലെ 8.30നാണ് ഇന്ത്യൻ ടീം ഹോട്ടൽ വിട്ടത്. താരങ്ങൾക്കും സപ്പോർട്ടിങ് സ്റ്റാഫുകൾക്കും വേണ്ടി രണ്ടു ബസുകളാണ് തയാറാക്കിയിരുന്നത്. എന്നാൽ സമയത്ത് എത്താതിരുന്നതോടെ ജയ്സ്വാളിന് രണ്ടു ബസുകളിലും കയറാൻ സാധിച്ചില്ല.
ജയ്സ്വാൾ വൈകിയതിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ അതൃപ്തി പ്രകടിപ്പിച്ചതായാണ് റിപ്പോർട്ടുകള്‍. ഹോട്ടലിനു പുറത്തു കാത്തുനിന്നിരുന്ന കാറിൽ യശസ്വി ജയ്സ്വാളിനായി ഒരു സുരക്ഷാ ഉദ്യോഗസ്ഥനും ഉണ്ടായിരുന്നു. ഹോട്ടൽ ലോബിയിലെത്തിയപ്പോഴാണ് ബസ് പോയ കാര്യം ജയ്സ്വാൾ അറിയുന്നത്.
ഡിസംബർ 14 ന് ബ്രിസ്ബെയ്നിലാണ് ഇന്ത്യ– ഓസ്ട്രേലിയ പരമ്പരയിലെ മൂന്നാം മത്സരം നടക്കേണ്ടത്. പെര്‍ത്തിലെ ആദ്യ ടെസ്റ്റിൽ ഇന്ത്യ 295 റണ്‍സിന് വിജയിച്ചിരുന്നു. എന്നാൽ രണ്ടാം മത്സരത്തിൽ 10 വിക്കറ്റ് വിജയം നേടി ഓസ്ട്രേലിയ പരമ്പരയിൽ ഒപ്പമെത്തി. ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനൽ ഉറപ്പിക്കാന്‍ ഇന്ത്യയ്ക്ക് പരമ്പരയിലെ ഇനിയുള്ള മത്സരങ്ങൾ ജയിക്കണം.