ബദോനിയുടെ ‘വഴി മുടക്കി’ നിതീഷ് റാണ, ഗ്രൗണ്ടിൽ വൻ തർക്കം; പ്രശ്നം പരിഹരിച്ചത് അംപയർ ഇടപെട്ട്– വിഡിയോ

Mail This Article
ബെംഗളൂരു∙ സയ്യിദ് മുഷ്താഖ് അലി ട്രോഫി ക്വാർട്ടര്‍ ഫൈനലിനിടെ ഗ്രൗണ്ടിൽവച്ച് തർക്കിച്ച് ഉത്തർപ്രദേശ് താരം നിതീഷ് റാണയും ഡൽഹിയുടെ ആയുഷ് ബദോനിയും. ആയുഷ് ബദോനി ബാറ്റു ചെയ്യുന്നതിനിടെയായിരുന്നു നിതീഷ് റാണയുമായുള്ള തർക്കം. അംപയർ ഇടപെട്ടാണ് ഇരു താരങ്ങളെയും സമാധാനിപ്പിച്ചത്. മത്സരത്തിന്റെ 13–ാം ഓവറിലായിരുന്നു സംഭവം. നിതീഷ് റാണയുടെ രണ്ടാം പന്തിൽ ഒരു റണ്ണെടുത്ത ആയുഷ്, നോൺ സ്ട്രൈക്കറുടെ ഭാഗത്തെ ക്രീസിലേക്ക് ഓടുകയായിരുന്നു. ഈ സമയത്ത് ബദോനിയുടെ മുന്നിൽ കയറിനിന്ന നിതീഷ് ബാറ്ററുടെ വഴി തടസ്സപ്പെടുത്തി.
ബദോനി ഇതു ചോദ്യം ചെയ്തതോടെ നിതീഷ് റാണയും തിരിച്ചുപറഞ്ഞു. തുടർന്നാണ് ഇരുവരും കുറച്ചുനേരം തർക്കിച്ചത്. അംപയർ പെട്ടെന്ന് ഇടപെട്ട് ഇരുവരെയും പിന്തിരിപ്പിച്ചു. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഐപിഎൽ മെഗാലേലത്തിൽ 4.20 കോടി രൂപയ്ക്ക് സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ് നിതീഷ് റാണയെ വാങ്ങിയിരുന്നു.
കഴിഞ്ഞ ഐപിഎൽ സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിന്റെ താരമായിരുന്നു നിതീഷ് റാണ. 2022, 2023 സീസണുകളിൽ കൊൽക്കത്തയുടെ ക്യാപ്റ്റനായും കളിച്ചിട്ടുണ്ട്. മത്സരത്തില്‍ യുപിക്കെതിരെ 19 റൺസ് വിജയവുമായി ഡൽഹി സെമി ഫൈനലിൽ കടന്നിരുന്നു. ആദ്യം ബാറ്റു ചെയ്ത ഡൽഹി ഉയർത്തിയ 194 റൺസ് വിജയലക്ഷ്യം പിന്തുടർന്ന യുപി 19.5 ഓവറിൽ 174 റൺസെടുത്തു പുറത്തായി. 13 ന് നടക്കുന്ന സെമി ഫൈനലിൽ മധ്യപ്രദേശാണ് ഡൽഹിയുടെ എതിരാളികൾ.