ബാറ്റർക്കു നേരെ പന്തു വലിച്ചെറിഞ്ഞു, ‘ഫീൽഡിങ് തടസ്സപ്പെടുത്തിയതിന്’ നാടകീയ അപ്പീൽ; നാണംകെട്ട് ബംഗ്ലദേശ് പേസർ– വിഡിയോ

Mail This Article
സെന്റ് കിറ്റ്സ്∙ വെസ്റ്റിൻഡീസിനെതിരായ രണ്ടാം ഏകദിനത്തിനിടെ ബ്രാണ്ടൻ കിങ്ങുമായി തർക്കിച്ച് ബംഗ്ലദേശ് പേസർ തൻസിം ഹസൻ സാക്കിബ്. വിൻഡീസ് ബാറ്റർക്കു നേരെ തൻസിം ഹസന്‍ പന്തു വലിച്ചെറിഞ്ഞതോടെയാണു പ്രശ്നങ്ങളുടെ തുടക്കം. മത്സരത്തിൽ എവിൻ ലൂയിസും ബ്രാണ്ടൻ കിങ്ങും തകർപ്പൻ ബാറ്റിങ് തുടരുന്നതിനിടെ ബംഗ്ലദേശ് ബോളർ വിൻഡീസ് താരത്തെ പ്രകോപിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. സാക്കിബിന്റെ ലെങ്ത് ബോൾ ബ്രാണ്ടൻ കിങ് പ്രതിരോധിച്ചെങ്കിലും ബംഗ്ലദേശ് പേസറുടെ കൈകളിലേക്കാണ് പന്തു പോയത്.
പന്ത് പിടിച്ച സാക്കിബ് അത് വിൻഡീസ് ബാറ്റർക്കു നേരെ തന്നെ വലിച്ചെറിയുകയായിരുന്നു. ബ്രാണ്ടൻ കിങ്ങിന്റെ കാലിൽ തട്ടിയാണു പന്തു തെറിച്ചത്. പന്തു നേരിട്ട ശേഷം ക്രീസിൽ ഉറച്ചുനിൽക്കുകയായിരുന്ന ബ്രാണ്ടൻ കിങ്ങിനെ ‘റൺഔട്ടാക്കാനായിരുന്നു’ ബംഗ്ലദേശ് ബോളറുടെ ശ്രമം. ഈ സമയത്ത് എന്താണു സംഭവമെന്ന ഭാവത്തിൽ നിൽക്കുകയായിരുന്നു വിൻഡീസ് ബാറ്റർ.
അനാവശ്യമായി പന്തു വലിച്ചെറിഞ്ഞത് ഇഷ്ടപ്പെടാതിരുന്ന ബ്രാണ്ടൻ കിങ് ബംഗ്ലദേശ് ബോളറോട് തർക്കിച്ചു. തന്‍സിം ഹസൻ സാക്കിബും തിരിച്ചടിച്ചു. ഇരുവരും തമ്മിലുള്ള വാക്കേറ്റത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. വിൻഡീസ് താരത്തിന്റെ കാലിൽ തട്ടി പന്തു തെറിച്ചതോടെ ഫീൽഡിങ് തടസപ്പെടുത്തിയതിന് അപ്പീൽ ചെയ്യാനും ബംഗ്ലദേശ് ബോളർ ശ്രമം നടത്തി. പക്ഷേ അംപയർമാർ ഇതു പരിഗണിച്ചില്ല.
രണ്ടാം മത്സരത്തിൽ 76 പന്തുകൾ നേരിട്ട ബ്രാണ്ടൻ കിങ് 82 റൺസെടുത്താണു പുറത്തായത്. മത്സരത്തിൽ വെസ്റ്റിൻഡീസ് ഏഴു വിക്കറ്റ് വിജയം സ്വന്തമാക്കി. ആദ്യം ബാറ്റു ചെയ്ത ബംഗ്ലദേശ് 45.5 ഓവറിൽ 227 റൺസെടുത്തു പുറത്തായിരുന്നു. മറുപടി ബാറ്റിങ്ങിൽ 36.5 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ വെസ്റ്റിൻഡീസ് വിജയത്തിലെത്തി. ജയത്തോടെ പരമ്പര 2–0ന് വിന്‍ഡീസ് സ്വന്തമാക്കി.