10 റൺസിന് പുറത്ത്, പിന്നാലെ ഗ്ലൗസ് ഡഗ്ഔട്ടിനു മുന്നിൽ ‘ഉപേക്ഷിച്ച്’ രോഹിത്; വിരമിക്കൽ സൂചനയെന്ന് സമൂഹമാധ്യമങ്ങൾ

Mail This Article
ബ്രിസ്ബെയ്ൻ∙ ഓസ്ട്രേലിയയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ 10 റൺസിനു പുറത്തായതിനു പിന്നാലെ, രോഹിത് ശർമ വിരമിക്കൽ പ്രഖ്യാപിച്ചേക്കുമെന്ന് സമൂഹമാധ്യമങ്ങളിൽ അഭ്യൂഹം പ്രചരിക്കുന്നു. ഓസീസിനെതിരെ പുറത്തായതിനു പിന്നാലെ നിരാശനായി മൈതാനം വിട്ട രോഹിത്, ഡഗ്ഔട്ടിൽ എത്തുന്നതിനു മുൻപ് ഗ്ലൗസ് ഉപേക്ഷിച്ചതോടെയാണ് വിരമിക്കൽ അഭ്യൂഹം സജീവമായത്.
ഡഗ്ഔട്ടിനു സമീപം പരസ്യബോർഡിനു പിന്നിലായി രോഹിത് ഗ്ലൗസ് ഉപേക്ഷിച്ചിരിക്കുന്നതിന്റെ ദൃശ്യങ്ങൾ സഹിതമാണ്, ഇത് വിരമിക്കൽ പ്രഖ്യാപനത്തിന്റെ സൂചനയാണെന്ന തരത്തിൽ അഭ്യൂഹം പ്രചരിക്കുന്നത്.
പരമ്പരയിൽ ഇതുവരെ ഫോം കണ്ടെത്താൻ സാധിക്കാത്ത രോഹിത് ശർമ, ബ്രിസ്ബെയ്ൻ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ 10 റൺസെടുത്ത് പുറത്തായിരുന്നു. 27 പന്തിൽ രണ്ടു ഫോറുകളോടെയാണ് രോഹിത് 10 റൺസെടുത്തത്. പാറ്റ് കമിൻസിന്റെ പന്തിൽ വിക്കറ്റ് കീപ്പർ അലക്സ് കാരിക്ക് ക്യാച്ച് സമ്മാനിച്ചാണ് രോഹിത് പുറത്തായത്. ഇതിനു പിന്നാലെ നിരാശനായി ക്രീസ് വിട്ട രോഹിത്, ഡഗ്ഔട്ടിലേക്ക് കടക്കുന്നതിനു മുൻപ് ഗ്ലൗസ് വലിച്ചെറിയുകയായിരുന്നു.
രണ്ടാമത്തെ കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് നാട്ടിലായിരുന്നതിനാൽ, പെർത്തിൽ നടന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ രോഹിത് കളിച്ചിരുന്നില്ല. ഈ മത്സരത്തിൽ രോഹിത്തിന്റെ അസാന്നിധ്യത്തിൽ, ജസ്പ്രീത് ബുമ്രയുടെ നേതൃത്വത്തിൽ ഇന്ത്യൻ ടീം തകർപ്പൻ വിജയം നേടിയിരുന്നു. രണ്ടാം ടെസ്റ്റിനു മുന്നോടിയായി രോഹിത് ടീമിനൊപ്പം ചേർന്നെങ്കിലും, പെർത്തിലെ തകർപ്പൻ വിജയത്തിൽ നിർണായക പങ്കുവഹിച്ച ഓപ്പണിങ് കൂട്ടുകെട്ട് പൊളിക്കാതിരിക്കാൻ മധ്യനിരയിലേക്ക് മാറി. അഡ്‌ലെയ്ഡിലും ബ്രിസ്ബെയ്നിലും മധ്യനിരയിലാണ് കളിച്ചതെങ്കിലും കാര്യമായ ചലനം സൃഷ്ടിക്കാനായില്ല.
ഇതിനു പുറമേ, രോഹിത്തിന്റെ ക്യാപ്റ്റൻസിയുമായി ബന്ധപ്പെട്ടും കടുത്ത വിമർശനങ്ങൾ ഉയർന്നിരുന്നു. അഡ്‌ലെയ്ഡിലും ബ്രിസ്ബെയ്നിലും സെഞ്ചറി നേടിയ ഓസീസ് താരം ട്രാവിസ് ഹെഡിനെതിരായ രോഹിത്തിന്റെ ഫീൽഡിങ് വിന്യാസം കടുത്ത വിമർശനങ്ങൾക്ക് കാരണമായി. ബോളിങ് മാറ്റങ്ങളിൽ രോഹിത് സ്വീകരിച്ച ശൈലിയുടെ വിമർശനമേറ്റുവാങ്ങി.