ഫോളോഓൺ ഒഴിവായപ്പോൾ ഡഗ്ഔട്ടിൽ ‘വൻ ആഘോഷം’, മുന്നിൽ കോലി, ഗംഭീർ; വൈറലായി ദൃശ്യങ്ങൾ– വിഡിയോ

Mail This Article
ബ്രിസ്ബെയ്ൻ∙ നാടകീയ നിമിഷങ്ങൾക്കൊടുവിൽ ബ്രിസ്ബെയ്ൻ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ ഫോളോഓണിൽനിന്ന് രക്ഷപ്പെട്ടപ്പോൾ, ഡ്രസിങ് റൂമിൽ ‘വൻ ആഘോഷം’. ആകാംക്ഷയുടെ നിമിഷങ്ങൾക്കൊടുവിൽ സൂപ്പർതാരം വിരാട് കോലിയുടെ നേതൃത്വത്തിലായിരുന്നു ഡ്രസിങ് റൂമിലെ ആഘോഷം. പാറ്റ് കമിൻസിന്റെ പന്ത് ആകാശ്ദീപിന്റെ ബാറ്റിൽത്തട്ടി ഗള്ളിക്കു മുകളിലൂടെ ബൗണ്ടറിയിലേക്കു പായുമ്പോൾ, സീറ്റിൽനിന്ന് ചാടിയെഴുന്നേറ്റ കോലി അടുത്തിരുന്ന പരിശീലകൻ ഗൗതം ഗംഭീറിന്റെയും ക്യാപ്റ്റൻ രോഹിത് ശർമയുടെയും കൈകളിലടിച്ച് സന്തോഷം പങ്കുവച്ചു. പരിശീലക സ്ഥാനമേറ്റ ശേഷം ടെസ്റ്റിൽ കടുത്ത വിമർശനം നേരിടുന്ന ഗംഭീറും സന്തോഷാധിക്യത്തിലായിരുന്നു.
ഫോളോ ഓൺ ഭീഷണിക്കിടെ ഒരറ്റത്ത് വിക്കറ്റുകൾ കൊഴിയുമ്പോഴും, മറുവശത്ത് ക്രീസിൽ അക്ഷോഭ്യനായി നിലയുറപ്പിച്ച രവീന്ദ്ര ജഡേജയിലായിരുന്നു ഇന്ത്യയുടെ സകല പ്രതീക്ഷകളും. ബോളർമാർക്ക് കാര്യമായ അവസങ്ങളൊന്നും നൽകാതെ ക്രീസിൽ നിന്ന ജഡേജ, നിതീഷ് റെഡ്ഡിയും പുറത്തായതോടെയാണ് സമ്മർദ്ദത്തിലേക്കു വഴുതിയത്. ഇതോടെ വൻ ഷോട്ടുകളിലൂടെ സ്കോർ ഉയർത്തി ഫോളോ ഓൺ ഭീഷണി ഒഴിവാക്കുകയായി ജഡേജയുടെ ലക്ഷ്യം. നേഥൻ ലയോണിനെതിരെ സിക്സും അടുത്ത ഓവറിൽ പാറ്റ് കമിൻസിനെതിരെ ഫോറും കണ്ടെത്തി ജഡേജ ലക്ഷ്യത്തിലേക്കു കുതിക്കുന്നതിനിടെയാണ്, കമിൻസിന്റെ പന്തിൽ മിച്ചൽ മാർഷിന്റെ ക്യാച്ചിൽ ഒൻപതാമനായി പുറത്താകുന്നത്.
ഒരു വിക്കറ്റ് മാത്രം കയ്യിലിരിക്കെ ഫോളോ ഓൺ ഒഴിവാക്കാൻ ഇന്ത്യയ്ക്ക് വേണ്ടിയിരുന്നത് 33 റൺസ്. ഇന്ത്യ ഫോളോ ഓൺ ചെയ്യുമെന്ന് എല്ലാവരും ഉറപ്പിച്ചിരിക്കെ, പത്താം വിക്കറ്റിൽ ബുമ്ര – ആകാശ്ദീപ് സഖ്യത്തിന്റെ ‘ഗോൾഡൻ’ കൂട്ടുകെട്ടിന് തുടക്കമായി. രണ്ട് റൺസ് മാത്രം പിറന്ന മിച്ചൽ സ്റ്റാർക്കിന്റെ ഓവറിനു ശേഷം, ഇന്ത്യൻ ക്യാംപിൽ ഏറ്റവും അപകടം സൃഷ്ടിച്ച ഓസീസ് ക്യാപ്റ്റൻ പാറ്റ് കമിൻസിനെതിരെ തകർപ്പൻ സിക്സറുമായി ബുമ്രയാണ് തിരിച്ചടിക്ക് തുടക്കമിട്ടത്. ആത്മവിശ്വാസത്തോടെ ബാറ്റേന്തിയ ആകാശ്ദീപും ബുമ്രയും ചേർന്ന് സിംഗിളുകളും ഡബിളുകളും ഇടയ്‌ക്കിടെ ബൗണ്ടറികളുമായി ഫോളോ ഓണിൽനിന്നുള്ള ദൂരം കുറച്ചുകൊണ്ടുവന്നു.
ഒരേയൊരു വിക്കറ്റ് മാത്രം കയ്യിലിരിക്കെ, ഞാണിൻമേൽക്കളിക്കു തുല്യമായ ഇവരുടെ പ്രകടനം ആകാംക്ഷയോടെയാണ് എല്ലാവരും വീക്ഷിച്ചത്. നാലാം ദിനം നാലു തവണ മത്സരം തടപ്പെടുത്തിയ മഴ പോലും മാറിനിന്ന നിമിഷങ്ങൾക്കൊടുവിൽ പാറ്റ് കമിൻസിന്റെ പന്ത് ബൗണ്ടറിയിലേക്ക് തിരിച്ചുവിട്ട് ആകാശ്ദീപ് ഇന്ത്യയെ ഫോളോ ഓൺ ഭീഷണിയിൽനിന്ന് കരകയറ്റി.
പന്തു ബൗണ്ടറി കടന്നതിനു പിന്നാലെ നെഞ്ചിൽ ആഞ്ഞിടിച്ചാണ് ആകാശ്ദീപ് സമ്മർദ്ദം അഴിച്ചുവിട്ടത്. കളത്തിലേക്കാൾ വലിയ ആഘോഷമായിരുന്നു കളത്തിനു പുറത്ത്. ഡ്രസിങ് റൂമിൽ അലറിക്കൊണ്ട് ചാടിയെഴുന്നേറ്റ വിരാട് കോലി ഗംഭീറിന്റെയും രോഹിത്തിന്റെയും കൈകളിലടിച്ച് സന്തോഷം പങ്കുവച്ചു. ഇതിനു പിന്നാലെ പാറ്റ് കമിൻസിനെതിരെ ആകാശ്ദീപ് നേടിയ പടുകൂറ്റൻ സിക്സർ ഗാലറിയിൽ അപ്രത്യക്ഷമാകുമ്പോൾ, അതിനാടകീയമായിരുന്നു കോലിയുടെ പ്രതികരണം. ഇതിന്റെയെല്ലാം ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു.