നിതീഷ് റെഡ്ഡിയുടെ സൂപ്പർ താരോദയത്തിന് സെഞ്ചറിത്തിളക്കവും, സുന്ദറിന് ഫിഫ്റ്റി; തകർച്ചയിൽനിന്ന് കരകയറി ഇന്ത്യ– വിഡിയോ

Mail This Article
മെൽബൺ ∙ ഇത്തവണത്തെ ബോർഡർ – ഗാവസ്കർ ട്രോഫിയിൽ ഇന്ത്യയുടെ കണ്ടെത്തലായ നിതീഷ് കുമാർ റെഡ്ഡിയെന്ന ആന്ധ്ര സ്വദേശിയുടെ സൂപ്പർ താരോദയത്തിന് മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ സെഞ്ചറിത്തിളക്കം. ഓസീസിന്റെ കനത്ത ബോളിങ് ആക്രമണത്തെ ചങ്കുറപ്പോടെ നേരിട്ട് നേടിയ കന്നി സെഞ്ചറിയുമായി നെഞ്ചുവിരിച്ച നിതീഷ് റെഡ്ഡിയുടെ കരുത്തിൽ, മെൽബൺ ക്രിക്കറ്റ് ടെസ്റ്റിൽ കൂട്ടത്തകർച്ചയിൽനിന്ന് കരകയറി ഇന്ത്യ. 171 പന്തിൽ 10 ഫോറും ഒരു സിക്സും സഹിതമാണ് റെഡ്ഡി കന്നി സെഞ്ചറി കുറിച്ചത്. വെളിച്ചക്കുറവു നിമിത്തം മൂന്നാം ദിനത്തിലെ കളി പതിവിലും നേരത്തേ നിർത്തുമ്പോൾ, 116 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 358 റൺസ് എന്ന നിലയിലാണ് ഇന്ത്യ. നിതീഷ് റെഡ്ഡി (105), മുഹമ്മദ് സിറാജ് (രണ്ട്) എന്നിവർ ക്രീസിൽ.
ഒരേയൊരു വിക്കറ്റ് കയ്യിലിരിക്കെ ഓസീസിന്റെ ഒന്നാം ഇന്നിങ്സ് സ്കോറിനേക്കാൾ 116 റൺസ് പിന്നിലാണ് ഇന്ത്യ. ഋഷഭ് പന്ത് (28), രവീന്ദ്ര ജഡേജ (17), വാഷിങ്ടൻ സുന്ദർ (50), ജസ്പ്രീത് ബുമ്ര (0) എന്നിവരാണ് ഇന്ന് പുറത്തായ ഇന്ത്യൻ താരങ്ങൾ. അവസാന ഘട്ടത്തിൽ ഒരറ്റത്ത് വിക്കറ്റുകൾ കൊഴിഞ്ഞത് റെഡ്ഡിയുടെ സെഞ്ചറി നഷ്ടമാക്കുമെന്ന ആശങ്ക ഉയർത്തിയെങ്കിലും, മുഹമ്മദ് സിറാജിനെ സാക്ഷിനിർത്തി സ്കോട് ബോളണ്ടിനെതിരെ ഫോറടിച്ചാണ് താരം സെഞ്ചറി തികച്ചത്. റെഡ്ഡിയുടെ കന്നി സെഞ്ചറിക്കൊപ്പം ടെസ്റ്റിൽ വാഷിങ്ടൻ സുന്ദറിന്റെ നാലാം അർധസെഞ്ചറി കൂടി ചേർന്നതോടെയാണ് ഇന്ത്യ തകർച്ച ഒഴിവാക്കിയത്.
146 പന്തിൽ ഒരേയൊരു ഫോർ സഹിതമാണ് വാഷിങ്ടൻ സുന്ദർ അർധസെഞ്ചറി പൂർത്തിയാക്കിയത്. ഒരുവേള ഫോളോ ഓൺ ഭീഷണി പോലും നേരിട്ട ഇന്ത്യയെ, എട്ടാം വിക്കറ്റിൽ തകർപ്പൻ സെഞ്ചറി കൂട്ടുകെട്ടുമായാണ് നിതീഷ് റെഡ്ഡി – വാഷിങ്ടൻ സുന്ദർ സഖ്യമാണ് കരകയറ്റിയത്. 162 പന്തിൽ ഒരേയൊരു ഫോർ സഹിതം 50 റൺസുമായി നേഥൻ ലയണിന് വിക്കറ്റ് സമ്മാനിച്ചാണ് സുന്ദർ പുറത്തായത്. 285 പന്തുകൾ നേരിട്ട റെഡ്ഡി – സുന്ദർ സഖ്യം 127 റൺസാണ് കൂട്ടിച്ചേർത്തത്. വിരാട് കോലി – യശസ്വി ജയ്സ്വാൾ സഖ്യത്തിനു ശേഷം ഇന്ത്യൻ ഇന്നിങ്സിൽ സെഞ്ചറി കൂട്ടുകെട്ടു പടുത്തുയർത്തുന്ന രണ്ടാമത്തെ സഖ്യം കൂടിയാണ് ഇവരുടേത്. ഓസീസ് മണ്ണിൽ ഇന്ത്യയുടെ ഉയർന്ന രണ്ടാമത്തെ എട്ടാം വിക്കറ്റ് കൂട്ടുകെട്ടു കൂടിയാണിത്. മുന്നിലുള്ളത് 2008ൽ സിഡ്നിയിൽ 129 റൺസ് നേടിയ സച്ചിൻ – ഹർഭജൻ സഖ്യം മാത്രം.
ഇതിനു പുറമേ, ഓസ്ട്രേലിയൻ മണ്ണിൽ എട്ടാം നമ്പറിൽ ബാറ്റിങ്ങിനിറങ്ങുന്ന ഇന്ത്യൻ താരത്തിന്റെ ഉയർന്ന സ്കോറെന്ന റെക്കോർഡും നിതീഷ് റെഡ്ഡിയുടെ പേരിലായി. മാത്രമല്ല, ഓസ്ട്രേലിയൻ മണ്ണിൽ ഒരേ ഇന്നിങ്സിൽ ഇന്ത്യയുടെ എട്ട്, ഒൻപത് നമ്പർ താരങ്ങൾ അർധസെഞ്ചറി നേടുന്നത് ഇത് രണ്ടാം തവണ മാത്രം. 2008ൽ അഡ്‍ലെയ്‍ഡിൽ അനിൽ കുംബ്ലെ (87), ഹർഭജൻ സിങ് (63) എന്നിവരാണ് ഇതിനു മുൻപ് എട്ട്, ഒൻപത് നമ്പറുകളിൽ ബാറ്റിങ്ങിനെത്തി ഒരേ ഇന്നിങ്സിൽ അർധസെഞ്ചറി നേടിയ താരങ്ങൾ.
അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 164 റൺസുമായി മൂന്നാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യയ്ക്ക്, വിശ്വസ്തരായ ഋഷഭ് പന്ത് (28), രവീന്ദ്ര ജഡേജ (17) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ന് ആദ്യ സെഷനിൽ നഷ്ടമായത്. 37 പന്തുകൾ നേരിട്ട പന്ത് മൂന്നു ഫോറുകളോടെയാണ് 28 റൺസെടുത്തത്. രവീന്ദ്ര ജഡേജ 51 പന്തിൽ മൂന്നു ഫോറുകളോടെ 17 റൺസുമെടുത്തു.
ഇന്ന് ഇന്ത്യയ്ക്ക് നഷ്ടമായ നാലു വിക്കറ്റുകൾ സ്കോട്ട് ബോളണ്ട്, നേഥൻ ലയോൺ, പാറ്റ് കമിൻസ് എന്നിവർ പങ്കിട്ടു. ഓസീസ് നിരയിൽ മൂന്നു വിക്കറ്റ് വീതം വീഴ്ത്തി കമിൻസ്, ബോളണ്ട് എന്നിവരാണ് വിക്കറ്റ് വേട്ടയിൽ മുന്നിൽ. നേഥൻ ലയണിന് രണ്ടു വിക്കറ്റും ലഭിച്ചു.
∙ ‘വേണ്ടായിരുന്നു’!
നേരത്തെ, ഫോമിലായിരുന്ന ഓപ്പണർ യശസ്വി ജയ്സ്വാളിന്റെ അനാവശ്യ റണ്ണൗട്ടാണ് ഇന്ത്യൻ ഇന്നിങ്സിന്റെ ട്രാക്ക് തെറ്റിച്ചത്. മിഡ് ഓണിൽ പാറ്റ് കമിൻസിന്റെ കൈകളിലേക്ക് നീങ്ങിയ പന്തിൽ അനാവശ്യ സിംഗിളിനു ശ്രമിച്ച് റണ്ണൗട്ടാകുമ്പോൾ സെഞ്ചറിക്ക് 18 റൺസ് മാത്രം അകലെയായിരുന്നു ഇന്ത്യൻ ഓപ്പണർ. മെൽബൺ സ്റ്റേഡിയത്തിലെ ബോളിങ് ട്രാക്കിൽ കരുതലോടെ വളയം പിടിച്ച ജയ്സ്വാൾ (82) വീണതോടെ നാലാം ടെസ്റ്റിൽ ഇന്ത്യൻ ബാറ്റിങ്ങിനും വഴി പിഴച്ചു. രണ്ടിന് 153 എന്ന സുരക്ഷിത നിലയിലായിരുന്ന ഇന്ത്യയ്ക്ക് അടുത്ത 4 ഓവറിനുള്ളിൽ നഷ്ടമായത് 3 വിക്കറ്റുകൾ. നേരത്തെ ഓസ്ട്രേലിയ ഒന്നാം ഇന്നിങ്സിൽ 474 റൺസ് നേടിയിരുന്നു.
കെ.എൽ.രാഹുലിനെ മൂന്നാമതാക്കി ഓപ്പണിങ്ങിലേക്ക് തിരിച്ചെത്തിയിട്ടും രോഹിത് ശർമയുടെ രണ്ടക്ക ദോഷം മാറിയില്ല. ഓസ്ട്രേലിയ ഉയർത്തിയ റൺമല കീഴടക്കാനിറങ്ങിയ ഇന്ത്യയ്ക്ക് രണ്ടാം ഓവറിൽ തന്നെ ക്യാപ്റ്റനെ (3) നഷ്ടമായി. പരമ്പരയിൽ ഇതുവരെ കളിച്ച 4 ഇന്നിങ്സുകളിൽ നിന്ന് 22 റൺസ് മാത്രം നേടാനായ ഇന്ത്യൻ ക്യാപ്റ്റന്റെ ശരാശരി ആറിൽ താഴെയാണ്. പരമ്പരയിൽ ആദ്യമായി സ്ഥാനം മാറി ബാറ്റിങ്ങിനിറങ്ങിയ കെ.എൽ.രാഹുലിനും അധികം ആയുസ്സുണ്ടായില്ല (22). എന്നാൽ ക്രീസിലുറച്ചുനിന്ന ജയ്സ്വാൾ, വിരാട് കോലിക്കൊപ്പം (36) 102 റൺസിന്റെ കൂട്ടുകെട്ടുമായി ഇന്ത്യയെ മത്സരത്തിലേക്കു തിരിച്ചെത്തിച്ചു.
രണ്ടാംദിനത്തിൽ മത്സരം അവസാനിക്കാൻ ഏതാനും ഓവറുകൾ മാത്രം ബാക്കിനിൽക്കെയായിരുന്നു ഇന്ത്യയെ ഞെട്ടിച്ച ജയ്സ്വാളിന്റെ പുറത്താകൽ. 41–ാം ഓവറിൽ സ്കോട് ബോളണ്ടിന്റെ അവസാന പന്ത് മിഡോണിലേക്ക് ഫ്ലിക് ചെയ്ത ജയ്സ്വാൾ സിംഗിളിനായി ‘കോൾ’ ചെയ്ത് നോൺ സ്ട്രൈക്കർ എൻഡിലേക്ക് കുതിച്ചു. റണ്ണിനായി ആദ്യം ക്രീസ് വിട്ടിറങ്ങിയെങ്കിലും പന്ത് കമിൻസിന്റെ കയ്യിലേക്കെത്തുന്നതു കണ്ട് കോലി തിരിച്ചുകയറി. ഇതിനിടെ അപായ സൂചന നൽകി ജയ്സ്വാളിനെ മടക്കി അയയ്ക്കാൻ കോലിയും മറന്നു. 2 ഇന്ത്യൻ ബാറ്റർമാരും നോൺ സ്ട്രൈക്കർ എൻഡിൽ ഒരുമിച്ചെത്തിയതോടെ മറുവശത്തെ സ്റ്റംപ് തെറിപ്പിക്കാൻ ഓസീസ് ഫീൽഡർമാർക്ക് പ്രയാസമുണ്ടായില്ല.
ഓഫ് സ്റ്റംപിന് പുറത്തേക്കുള്ള പന്തുകളെയെല്ലാം ഒഴിവാക്കിവിട്ട് കരുതലോടെ പിടിച്ചുനിന്ന കോലിയെ ജയ്സ്വാളിന്റെ പുറത്താകൽ മാനസികമായി ഉലച്ചുകളഞ്ഞു. 2 ഓവറുകൾക്കുശേഷം ഓഫ്സ്റ്റംപിനു പുറത്തേക്കു നീങ്ങിയ സ്കോട് ബോളണ്ടിന്റെ പന്തിൽ ഡ്രൈവിനു ശ്രമിച്ച കോലിയെ വിക്കറ്റ് കീപ്പർ അലക്സ് ക്യാരി പിടികൂടി. നൈറ്റ് വാച്ച്മാനായെത്തിയ ആകാശ് ദീപിനെക്കൂടി (0) പുറത്താക്കിയ ബോളണ്ട് ഇന്ത്യയെ വലിയ നിരാശയിലേക്ക് തള്ളിയിട്ടു. രണ്ടാംദിനം അവസാനിക്കുമ്പോൾ ഋഷഭ് പന്തും (6 ബാറ്റിങ്) രവീന്ദ്ര ജഡേജയുമായിരുന്നു (4 ബാറ്റിങ്) ക്രീസിൽ.
വീണ്ടും സ്മിത്ത്
6ന് 311 എന്ന സ്കോറിൽ രണ്ടാംദിനം ബാറ്റിങ് ആരംഭിച്ച ഓസ്ട്രേലിയയെ എളുപ്പത്തിൽ ചുരുട്ടിക്കെട്ടാമെന്ന ഇന്ത്യൻ ബോളർമാരുടെ പ്രതീക്ഷകൾ തകർത്തത് കരിയറിലെ 34–ാം ടെസ്റ്റ് സെഞ്ചറി നേടിയ സ്റ്റീവ് സ്മിത്തിന്റെ (140) ഉജ്വല ബാറ്റിങ്ങാണ്. പാറ്റ് കമിൻസിനൊപ്പം (49) ഏഴാം വിക്കറ്റിൽ 112 റൺസും മിച്ചൽ സ്റ്റാർക്കിനൊപ്പം (15) എട്ടാം വിക്കറ്റിൽ 44 റൺസും നേടിയാണ് സ്മിത്ത് ആതിഥേയരെ മികച്ച സ്കോറിലെത്തിച്ചത്. ഇന്ത്യയ്ക്കെതിരെ കൂടുതൽ ടെസ്റ്റ് സെഞ്ചറികളെന്ന റെക്കോർഡിൽ സ്മിത്ത് (11) ജോ റൂട്ടിനെ മറികടന്നു.