ഗില്ലിനെ പുറത്തിരുത്തി ക്യാപ്റ്റൻ രോഹിത്തിനെ കളിപ്പിക്കണോ, ഈ ‘പരീക്ഷണം’ എത്ര നാൾ തുടരും?

Mail This Article
സിഡ്നി ∙ തോൽവികളിൽ ക്യാപ്റ്റൻ വിമർശനമേറ്റു വാങ്ങുന്നത് ക്രിക്കറ്റിൽ അസാധാരണമല്ല. പക്ഷേ ടീമിൽ ക്യാപ്റ്റന്റെ സ്ഥാനം തന്നെ ചോദ്യം ചെയ്യപ്പെടുന്നത് അസാധാരണം തന്നെ. ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമ ഇപ്പോൾ അത്തരമൊരു അവസ്ഥയിലാണ്! മെൽബൺ ടെസ്റ്റിൽ തോൽവിയേറ്റു വാങ്ങി ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയിൽ ഇന്ത്യ 2–1നു പിന്നിലായതോടെ ടീമിൽ ബാറ്ററെന്ന നിലയിൽ തന്നെ രോഹിത്തിന്റെ സ്ഥാനത്തിനു ഭീഷണി ഉയർന്നു കഴിഞ്ഞു.
മെൽബണിൽ ശുഭ്മൻ ഗില്ലിനെ പുറത്തിരുത്തിയാണ് രോഹിത്തിനു സ്ഥാനം കണ്ടെത്തിയതെങ്കിൽ വിജയം അനിവാര്യമായ അഞ്ചാം ടെസ്റ്റിൽ ഇന്ത്യ ഇനിയും ആ പരീക്ഷണം തുടരുമോയെന്നു കണ്ടറിയണം. ബോർഡർ–ഗാവസ്കർ ട്രോഫി നിലനിർത്താനും ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനൽ സാധ്യത നിലനിർത്താനും വെള്ളിയാഴ്ച സിഡ്നിയിൽ തുടങ്ങുന്ന ടെസ്റ്റിൽ ഇന്ത്യയ്ക്കു വിജയം അനിവാര്യം.
കുഞ്ഞു പിറന്നതു മൂലം രോഹിത് വിട്ടുനിന്ന പെർത്തിലെ ഒന്നാം ടെസ്റ്റിൽ ജസ്പ്രീത് ബുമ്രയുടെ ക്യാപ്റ്റൻസിയിൽ ഇന്ത്യ ജയിച്ചിരുന്നു. അഡ്‌ലെയ്ഡിലെ രണ്ടാം ടെസ്റ്റിൽ തിരിച്ചെത്തിയ രോഹിത് ഓപ്പണിങ് സ്ഥാനം കെ.എൽ.രാഹുലിനു വിട്ടുകൊടുത്തു. ആറാമനായി ഇറങ്ങിയ രോഹിത്തിനു രണ്ട് ഇന്നിങ്സിലുമായി നേടാനായത് 9 റൺസ് മാത്രം. മഴ മുടക്കിയ ബ്രിസ്ബെയ്ൻ ടെസ്റ്റിൽ ഒന്നാം ഇന്നിങ്സിൽ മാത്രമാണ് രോഹിത്തിനു ബാറ്റു ചെയ്യാനായത്. നേടിയത് 10 റൺസ്. ഇതോടെ മെൽബണിൽ രോഹിത് ഓപ്പണിങ് സ്ഥാനത്തേക്കു തന്നെ തിരിച്ചെത്തി. എന്നിട്ടും കഥ മാറിയില്ല. രണ്ട് ഇന്നിങ്സിലുമായി 12 റൺസ്. ആകെ 5 ഇന്നിങ്സുകളിലായി വെറും 31 റൺസാണ് ഇന്ത്യൻ ക്യാപ്റ്റന്റെ സമ്പാദ്യം.
ഓസ്ട്രേലിയൻ മണ്ണിൽ ഒരു എതിർ ടീം ക്യാപ്റ്റന്റെ ഏറ്റവും കുറഞ്ഞ ബാറ്റിങ് ശരാശരിയാണ് രോഹിത്തിന്റെ 6.20! ബാറ്റർ എന്നതിൽ നിന്ന് ഒട്ടും ഭേദമല്ല ക്യാപ്റ്റൻ എന്ന നിലയിൽ രോഹിത്തിനു നേരെ ഉയരുന്ന ചോദ്യങ്ങളും. മെൽബണിൽ നേഥൻ ലയണും സ്കോട്ട് ബോളണ്ടും ഓസീസിന്റെ 10–ാം വിക്കറ്റിൽ അപ്രതീക്ഷിത ചെറുത്തുനിൽപ് നടത്തിയപ്പോൾ ക്ലോസ് ഇൻ പൊസിഷനിൽ ഫീൽഡർമാരെ വിന്യസിച്ച് ബാറ്റർമാരെ സമ്മർദത്തിലാക്കാൻ രോഹിത് ശ്രമിച്ചില്ല എന്നതാണ് പ്രധാന വിമർശനം. ഈ പരമ്പരയോടെ മുപ്പത്തിയേഴുകാരൻ രോഹിത് ടെസ്റ്റിൽ നിന്നു വിരമിച്ചേക്കും എന്നതായിരുന്നു മുൻപുണ്ടായിരുന്ന അഭ്യൂഹങ്ങൾ. ഇപ്പോഴത് മാറിയിരിക്കുന്നു. ഈ പരമ്പര അവസാനിക്കുന്നതിനു മുൻപു തന്നെ രോഹിത് വിരമിക്കുമോ എന്നതാണത്!