ഏകദിനത്തിൽ അരങ്ങേറിയിട്ടില്ല, ‘കൊൽക്കത്തയിലെ വിശ്വസ്തനെ’ ചാംപ്യൻസ് ട്രോഫി കളിപ്പിക്കാൻ ഗംഭീർ
Mail This Article
മുംബൈ∙ ചാംപ്യൻസ് ട്രോഫി ടൂർണമെന്റിനുള്ള ഇന്ത്യൻ ടീമിലേക്ക് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിലെ വിശ്വസ്തനായ താരത്തെ കൊണ്ടുവരാൻ ഇന്ത്യന്‍ പരിശീലകൻ ഗൗതം ഗംഭീർ. ഇന്ത്യൻ ജഴ്സിയിൽ ഏകദിന ക്രിക്കറ്റിൽ അരങ്ങേറിയിട്ടില്ലാത്ത വരുൺ ചക്രവർത്തിയെ ചാംപ്യൻസ് ട്രോഫി ടീമിൽ കളിപ്പിക്കാൻ ഗംഭീർ നീക്കം തുടങ്ങിയതായി ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. ജനുവരി 12 വരെയാണ് ചാംപ്യൻസ് ട്രോഫി പ്രാഥമിക ടീമിനെ പ്രഖ്യാപിക്കാന്‍ സമയമുള്ളത്.
വെറ്ററൻ താരം രവീന്ദ്ര ജഡേജയ്ക്കും മറ്റു പ്രധാന സ്പിന്നർമാർക്കും പകരം വരുണിനെ കളിപ്പിക്കാനാണു ഗംഭീറിനു താൽപര്യം. കുൽദീപ് യാദവിനെ ചാംപ്യൻസ് ട്രോഫിക്കു പരിഗണിക്കുന്നുണ്ടെങ്കിലും താരത്തിന്റെ ഫിറ്റ്നസ് പ്രശ്നങ്ങളാണു തിരിച്ചടിയാകുന്നത്. കുൽദീപ് കളിച്ചില്ലെങ്കിൽ രവി ബിഷ്ണോയിയെയും ഏകദിന ടീമിലേക്കു പരിഗണിക്കാൻ സാധ്യതയുണ്ട്.
33 വയസ്സുകാരനായ വരുൺ ചക്രവർത്തി ഇന്ത്യയ്ക്കായി 13 ട്വന്റി20 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 19 വിക്കറ്റുകളാണ് ഇന്ത്യൻ ജഴ്സിയിൽ താരം ഇതുവരെ വീഴ്ത്തിയിട്ടുള്ളത്. 12 കോടി രൂപ മുടക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരത്തെ അടുത്ത സീസണിലേക്കു നിലനിര്‍ത്തിയിരുന്നു.