ADVERTISEMENT

ന്യൂഡൽഹി∙ ചാംപ്യൻസ് ട്രോഫിക്കും ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുമുള്ള ഇന്ത്യൻ ടീമിൽ മലയാളി താരം സഞ്ജു സാംസണും ട്വന്റി20 ടീം ക്യാപ്റ്റനായ സൂര്യകുമാർ യാദവും ഇടംപിടിക്കാൻ ഇടയില്ലെന്ന പ്രവചനയവുമായി മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. തന്റെ യുട്യൂബ് ചാനലിൽ പങ്കുവച്ച വിഡിയോയിലാണ്, ഇരുവർക്കും ടീമിൽ ഇടംകിട്ടില്ലെന്ന ചോപ്രയുടെ പ്രവചനം. സഞ്ജു സാംസൺ വിജയ് ഹസാരെ ട്രോഫി കളിക്കാതെ ഒഴിവാക്കിയതും സൂര്യകുമാർ യാദവ് കളിച്ചിട്ടെങ്കിലും റൺസ് നേടാനാകാത്തതുമാണ് ചോപ്രയുടെ വിലയിരുത്തലിന് ആധാരം.

ഫെബ്രുവരി 19നാണ് ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിന് തുടക്കമാകുക. ഇന്ത്യയുടെ ആദ്യ മത്സരം ദുബായിൽവച്ച് ബംഗ്ലദേശിനെതിരെയാണ്. അതിനു മുന്നോടിയായി ഇന്ത്യ സ്വന്തം നാട്ടിൽ ഇംഗ്ലണ്ടിനെതിരെ മൂന്നു മത്സരങ്ങൾ ഉൾപ്പെടുന്ന ഏകദിന പരമ്പര കളിക്കുന്നുണ്ട്. ഈ പരമ്പര, ചാംപ്യൻസ് ട്രോഫി ടൂർണമെന്റിനുള്ള മുന്നൊരുക്കമായാണ് വിലയിരുത്തപ്പെടുന്നത്. ഈ സാഹചര്യത്തിലാണ്, രണ്ടു ടീമുകളിലും സഞ്ജുവിനും സൂര്യയ്‌ക്കും ഇടംലഭിക്കില്ലെന്ന ചോപ്രയുടെ നിലപാട്.

2023ലെ ഏകദിന ലോകകപ്പിൽ കളിച്ച ഇന്ത്യൻ ടീമിൽ കാര്യമായ മാറ്റങ്ങൾക്ക് ഇടയില്ലെന്നാണ് ചോപ്രയുടെ നിഗമനം. രോഹിത് ശർമ തന്നെയാകും ഇത്തവണയും ക്യാപ്റ്റനായി എത്തുകയെന്നും ചോപ്ര ചൂണ്ടിക്കാട്ടുന്നു.

‘‘സൂര്യകുമാർ യാദവ് ചാംപ്യൻസ് ട്രോഫി ടീമിൽ ഉണ്ടാകില്ലെന്നാണ് എന്റെ വിലയിരുത്തൽ. അദ്ദേഹം പൊതുവെ ഏകദിന ഫോർമാറ്റിൽ കളിക്കാറില്ല. വിജയ് ഹസാരെ ട്രോഫിയിൽ കളിച്ചെങ്കിലും കാര്യമായ രീതിയിൽ റൺസ് സ്കോർ ചെയ്യാനുമായില്ല. സഞ്ജു സാംസണാണെങ്കിൽ വിജയ് ഹസാരെ ട്രോഫിയിൽ ഒരു മത്സരം പോലും കളിച്ചിട്ടില്ല. അതായത് ഒരാൾ കളിച്ചിട്ടുമില്ല രണ്ടാമൻ കളിച്ചെങ്കിലും റൺസും നേടാനായില്ല. അതുകൊണ്ട് ഇരുവരെയും ടീമിലേക്ക് പരിഗണിക്കാൻ സാധ്യത തീർത്തും വിരളം’ – ചോപ്ര പറഞ്ഞു.

മധ്യനിരയിൽ ശ്രേയസ് അയ്യർ ഇടമുറപ്പിക്കുമെന്നാണ് ചോപ്രയുടെ മറ്റൊരു വിലയിരുത്തൽ. കഴിഞ്ഞ ലോകകപ്പിനു ശേഷം ഏകദിന ഫോർമാറ്റിൽ ഉൾപ്പെടെ ശ്രേയസ് അയ്യരുടെ പ്രകടനം മെച്ചപ്പെട്ടതും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘‘കഴിഞ്ഞ ഏകദിന ലോകകപ്പനു ശേഷം 15 ഇന്നിങ്സുകളിൽനിന്ന് 620 റൺസാണ് ശ്രേയസ് അയ്യരുടെ ആകെ സമ്പാദ്യം. അതിൽ രണ്ടു സെഞ്ചറികളും ഉൾപ്പെടുന്നു. സ്ട്രൈക്ക് റേറ്റ് 112നു മുകളിലാണ്. ശരാശരി 52ഉം. അയ്യർ ടീമിൽ ഇടംപിടിക്കുമെന്ന് തീർച്ച.’ – ചോപ്ര പറഞ്ഞു.

കെ.എൽ. രാഹുലും ഋഷഭ് പന്തുമാകും ടീമിലെ വിക്കറ്റ് കീപ്പർമാർ. 2023 ലോകകപ്പിനു ശേഷമുള്ള രാഹുലിന്റെ പ്രകടനവും ചോപ്ര വിശദമായി വിലയിരുത്തി.

‘‘ലോകകപ്പിനു ശേഷം കെ.എൽ. രാഹുൽ മികച്ച പ്രകടനമാണ് കാഴ്ചവച്ചിട്ടുള്ളത്. 2023 ലോകകപ്പനു ശേഷം 14 ഇന്നിങ്സുകളിൽനിന്ന് 56 ശരാശരിയിൽ അദ്ദേഹം 560 റൺസ് നേടി. ഒരു സെഞ്ചറിയും മൂന്ന് അർധസെഞ്ചറികളും ഉൾപ്പെടെയാണിത്. അതുകൊണ്ട് രാഹുലും ടീമിൽ ഉണ്ടാകുമെന്ന് തീർച്ച. മുൻപ് വിക്കറ്റ് കീപ്പറായി കളിച്ചിട്ടുള്ളതിനാൽ രാഹുലിനെ വിക്കറ്റ് കീപ്പറായി ടീമിൽ ഉൾപ്പെടുത്താനാണ് സാധ്യത’ – ചോപ്ര പറഞ്ഞു.

‘‘ഋഷഭ് പന്ത് ഏകദിന ലോകകപ്പിൽ കളിച്ചിരുന്നില്ല. പക്ഷേ, അദ്ദേഹത്തിന്റെ ഏകദിന ഫോർമാറ്റിലെ പ്രകടനം ശ്രദ്ധേയമാണ്. 106നു മുകളിൽ സ്ട്രൈക്ക് റേറ്റും 33.5 ശരാശരിയും വച്ചാണ് അദ്ദേഹം റൺസ് നേടുന്നത്. ഒരു സെഞ്ചറിയും അഞ്ച് അർധസെഞ്ചറികളും സ്വന്തമാക്കിയിട്ടുണ്ട്. ഈ നമ്പറുകൾ അത്ര വലുതല്ലെന്നു തോന്നാം. പക്ഷേ, ഇഷാൻ കിഷനു പകരം പന്തു തന്നെയാകും ടീമിലെത്തുക’ – ചോപ്ര പറഞ്ഞു.

English Summary:

Aakash-chopra-explains-why-suryakumar-yadav-and-sanju-samson-won-t-feature-in-india-s-odi-squad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com