ചെഹലിനു പിന്നാലെ വിവാഹമോചന അഭ്യൂഹങ്ങളിൽ മറ്റൊരു താരം; മനീഷ് പാണ്ഡെയും ആശ്രിത ഷെട്ടിയും വേർപിരിയുന്നു?

Mail This Article
ബെംഗളൂരു∙ ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചെഹലും നടിയും നർത്തകിയുമായ ഭാര്യ ധനശ്രീ വർമയും വിവാഹമോചനത്തിന് തയാറെടുക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടെ, മറ്റൊരു ക്രിക്കറ്റ് – സിനിമാ താര ദമ്പതികൾ കൂടി വിവാഹമോചനത്തിന്റെ വക്കിലെന്ന് റിപ്പോർട്ട്. കർണാടകയിൽ നിന്നുള്ള ഇന്ത്യൻ താരം മനീഷ് പാണ്ഡെയും നടി കൂടിയായ ഭാര്യ ആശ്രിത ഷെട്ടിയും വിവാഹ മോചനത്തിന് തയാറെടുക്കുന്നുവെന്നാണ് റിപ്പോർട്ട്.
ഇന്ത്യയ്ക്കായി വിവിധ ഫോർമാറ്റുകളിലായി 68 മത്സരങ്ങൾ കളിച്ചിട്ടുള്ള താരമാണ് മനീഷ് പാണ്ഡെ. ഇൻസ്റ്റഗ്രാമിൽ ഉൾപ്പെടെ ഇരുവരും പരസ്പരം അൺഫോളോ ചെയ്തതായി റിപ്പോർട്ടുകൾ പറയുന്നു. ഇതോടെയാണ് മനീഷ് പാണ്ഡെയ്‌ക്കും ആശ്രിതയ്ക്കും ഇടയിൽ അസ്വാരസ്യങ്ങൾ ഉള്ളതായി റിപ്പോർട്ടുകൾ പ്രചരിക്കുന്നത്.
2019 ഡിസംബറിലാണ് മനീഷ് പാണ്ഡെയും ആശ്രിത ഷെട്ടിയും വിവാഹിതരായത്. അതിനുശേഷം ഇരുവരും ഒരുമിച്ച് സ്ഥിരമായി പൊതുചടങ്ങുകളിൽ പങ്കെടുത്തിരുന്നു. ഒരുമിച്ചുള്ള ഫോട്ടോകളും വിഡിയോകളും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ അടുത്ത കാലത്തായി ഇരുവരും ഒരുമിച്ച് പൊതുചടങ്ങുകളിൽ പങ്കെടുക്കുന്നില്ലെന്നാണ് വിവരം. ഒരുമിച്ചുള്ള ഫോട്ടോകളും പങ്കുവയ്ക്കുന്നില്ല.
2024 ജൂണിൽത്തന്നെ മനീഷ് പാണ്ഡെയ്ക്കൊപ്പമുള്ള എല്ലാ ചിത്രങ്ങളും ആശ്രിത ഷെട്ടി സമൂഹമാധ്യമങ്ങളിൽനിന്ന് നീക്കിയിരുന്നതായാണ് വിവരം. അടുത്തിടെ, ആശ്രിതയ്‌ക്കൊപ്പമുള്ള ദൃശ്യങ്ങൾ മനീഷ് പാണ്ഡെയും ഇൻസ്റ്റഗ്രാമിൽനിന്ന് ഉൾപ്പെടെ നീക്കം ചെയ്തു.