അർഷ്ദീപിന്റെ പോരാട്ടം (3 വിക്കറ്റ്, 49 റൺസ്) വിഫലം; പഞ്ചാബിനെ തകർത്ത് മഹാരാഷ്ട്രയും ബറോഡയെ വീഴ്ത്തി കർണാടകയും സെമിയിൽ

Mail This Article
മുംബൈ∙ വിജയ് ഹസാരെ ട്രോഫിയിൽ പഞ്ചാബിനെ തകർത്ത് മഹാരാഷ്ട്രയും കർണാടകയെ വീഴ്ത്തി മഹാരാഷ്ട്രയും സെമിഫൈനലിൽ. ആവേശപ്പോരാട്ടത്തിൽ മഹാരാഷ്ട്ര പഞ്ചാബിനെ 70 റൺസിനും കർണാടക ബറോഡയെ അഞ്ച് റൺസിനും തോൽപ്പിച്ചു. നാളെ നടക്കുന്ന ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങളിൽ ഗുജറാത്ത് നിലവിലെ ചാംപ്യൻമാരായ ഹരിയാനയെയും വിദർഭ രാജസ്ഥാനെയും നേരിടും. ഇന്ത്യൻ താരം അർഷ്ദീപ് സിങ്ങിന്റെ തകർപ്പൻ ഓൾറൗണ്ട് പ്രകടനം വിഫലമാക്കിയാണ് മഹാരാഷ്ട്രയുടെ വിജയക്കുതിപ്പ്. മൂന്നു വിക്കറ്റെടുത്ത് ബോളിങ്ങിൽ തിളങ്ങിയ അർഷ്ദീപ്, പിന്നീട് ബാറ്റിങ്ങിൽ 39 പന്തിൽ മൂന്നു വീതം സിക്സും ഫോറും സഹിതം 49 റൺസെടുത്തും തിളങ്ങി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മഹാരാഷ്ട്ര, ഓപ്പണർ അർഷിൻ കുൽക്കർണിയുടെ സെഞ്ചറി മികവിൽ (137 പന്തിൽ 107) നിശ്ചിത 50 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 275 റൺസ്. അങ്കിത് ബാവ്‌നെ (85 പന്തിൽ 60), നിഖിൽ നായിക്ക് (29 പന്തിൽ പുറത്താകാതെ 52) എന്നിവരുടെ പ്രകടനവും ശ്രദ്ധേയമായി. അർഷ്ദീപ് ഒൻപത് ഓവറിൽ 56 റൺസ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു.
മറുപടി ബാറ്റിങ്ങിൽ പഞ്ചാബ് 44.4 ഓവറിൽ 205 റൺസിന് എല്ലാവരും പുറത്തായി. 49 പന്തിൽ മൂന്നു വീതം സിക്സും ഫോറും സഹിതം 49 റൺസെടുത്ത അർഷ്ദീപാണ് അവരുടെ ടോപ് സ്കോറർ. അൻമോൽപ്രീത് സിങ് 77 പന്തിൽ മൂന്നു ഫോറും ഒരു സിക്സും സഹിതം 48 റൺസെടുത്തു. മഹാരാഷ്ട്രയ്ക്കായി മുകേഷ് ചൗധരി എട്ട് ഓവറിൽ 44 റൺസ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു. പ്രദീപ് ദാദെ രണ്ടു വിക്കറ്റെടുത്തു.
രണ്ടാം ക്വാർട്ടർ പോരാട്ടത്തിൽ ഓപ്പണർ ശാശ്വത് റാവത്തിന്റെ സെഞ്ചറിക്കരുത്തിൽ പൊരുതിയ ബറോഡയെ നേരിയ വ്യത്യാസത്തിലാണ് കർണാടക മറികടന്നത്. റാവത്ത് 126 പന്തിൽ ഒൻപതു ഫോറും ഒരു സിക്സും സഹിതം 104 റൺസെടുത്ത് പുറത്തായി. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കർണാടക നിശ്ചിത 50 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 281 റൺസ്. ഓപ്പണർ ദേവ്ദത്ത് പടിക്കലിന്റെ സെഞ്ചറിയും (99 പന്തിൽ 102), കെ.വി. അനീഷിന്റെ അർധസെഞ്ചറിയുമാണ് (64 പന്തിൽ 52) കർണാടകയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചത്. ബറോഡയ്ക്കായി രാജ് ലിംബാനി, അതിത് സേത്ത് എന്നിവർ 3 വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിങ്ങിൽ റാവത്തിന്റെ സെഞ്ചറിക്കൊപ്പം (104) അതിത് സേത്തിന്റെ അർധസെഞ്ചറി (59 പന്തിൽ 56) കൂടി ചേർന്നതോടെയാണ് ബറോഡ വിജയത്തിന്റെ വക്കിലെത്തിയത്. അവസാന ഓവറിൽ രണ്ട് വിക്കറ്റ് കയ്യിലിരിക്കെ ബറോഡയ്ക്ക് വിജയത്തിലേക്ക് വേണ്ടിയിരുന്നത് 13 റൺസാണ്. ഏഴ് റൺസ് എടുക്കുന്നതിനിടെ 2 വിക്കറ്റും നഷ്ടമാക്കി ബറോഡ തോൽവിയിലേക്ക് വീണു. കർണാടകയ്ക്കായി വാസുകി കൗശിക്, പ്രസിദ്ധ് കൃഷ്ണ, അഭിലാഷ് ഷെട്ടി, ശ്രേയസ് ഗോപാൽ എന്നിവർ 2 വിക്കറ്റ് വീതം വീഴ്ത്തി.