വാക്കുകളിൽപ്പോലും ‘ഒരുപോലെ’ ഗംഭീറിനെ പിന്തുണച്ച് ഹർഷിത് റാണ, നിതീഷ് റാണ; ഇത് ‘ചാറ്റ് ജിപിറ്റി’ പിന്തുണയെന്ന് പരിഹാസം

Mail This Article
മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ ഗൗതം ഗംഭീറിന്റെ പിന്തുണച്ച് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച പോസ്റ്റിന്റെ പേരിൽ യുവതാരങ്ങളായ ഹർഷിത് റാണ, നിതീഷ് റാണ എന്നിവരെ രൂക്ഷമായി പരിഹസിച്ച് മുൻ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. മുൻ താരം മനോജ് തിവാരി ഉയർത്തിയ കടുത്ത വിമർശനത്തിന്റെ പശ്ചാത്തലത്തിലാണ് ഇരുവരും ഗംഭീറിനെ പിന്തുണച്ച് രംഗത്തെത്തിയത്. സമൂഹമാധ്യമത്തിൽ പങ്കുവച്ച പോസ്റ്റ് സമാനമായതോടെ, ‘ചാറ്റ് ജിപിറ്റി’ പിന്തുണയാണ് ഇവരുടേതെന്ന് യുട്യൂബിൽ പങ്കുവച്ച വിഡിയോയിൽ ആകാശ് ചോപ്ര പരിഹസിച്ചു.
‘‘ഹർഷിത് റാണയും നിതീഷ് റാണയും സമൂഹമാധ്യമങ്ങളിലൂടെ ഗൗതം ഗംഭീറിനെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. പക്ഷേ, അവരുടെ കുറിപ്പുകൾ പരിശോധിച്ചാൽ, അതിനൊരു ചാറ്റ് ജിപിറ്റി സ്വഭാവമുണ്ട്’ – ആകാശ് ചോപ്ര പറഞ്ഞു.
‘‘രണ്ടുപേരുടെയും പോസ്റ്റുകളിൽ ഒട്ടേറെ സമാനതകളുണ്ട്. ഒന്നുകിൽ ഒരാൾത്തന്നെയാണ് ഇരുവർക്കും സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കാനുള്ള കുറിപ്പ് തയാറാക്കി അയച്ചുകൊടുത്തത്. ഒരേ വ്യക്തിയോ മെഷീനോ ആണ് ഇരുവരുടെയും കുറിപ്പുകൾ തയാറാക്കിയതെന്നാണ് ഒറ്റനോട്ടത്തിൽ തോന്നുക. അല്ലെങ്കിൽ ഇത് ചാറ്റ് ജിപിറ്റിയിൽ നിന്ന് കിട്ടിയതായിരിക്കും’ – ആകാശ് ചോപ്ര പറഞ്ഞു.
ഗൗതം ഗംഭീറിനെ കടുത്ത ഭാഷയിൽ വിമർശിച്ച് കഴിഞ്ഞ ദിവസാണ് മനോജ് തിവാരി രംഗത്തെത്തിയത്. ഗൗതം ഗംഭീർ കപടനാട്യക്കാരനാണെന്നായിരുന്നു തിവാരിയുടെ പ്രധാന വിമർശനം. പരിശീലകനാകുന്നതിനു മുൻപ് ഗംഭീർ പറഞ്ഞ കാര്യങ്ങളും, പരിശീലകനായ ശേഷം ചെയ്യുന്ന കാര്യങ്ങളും തമ്മിൽ ഒരുവിധത്തിലും ഒത്തുപോകുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കപടനാട്യക്കാരൻ എന്ന് വിമർശിച്ചത്. മുൻപ് വിദേശ പരിശീലകരെ നിയമിക്കുന്നതിൽ കടുത്ത വിമർശനം ഉയർത്തിയ ഗംഭീർ, ഇപ്പോൾ രണ്ട് വിദേശ പരിശീലകരെയാണ് അദ്ദേഹത്തിന്റെ ടീമിൽനിന്ന് ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് മനോജ് തിവാരി ചൂണ്ടിക്കാട്ടിയിരുന്നു.