ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പര: ഷമി റിട്ടേൺസ്!, വിക്കറ്റ് കീപ്പറായി സഞ്ജു തന്നെ; അക്ഷർ പട്ടേൽ വൈസ് ക്യാപ്റ്റൻ

Mail This Article
മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്ക് തിരിച്ചെത്തി പേസർ മുഹമ്മദ് ഷമി. ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയിലൂടെയാണ് ഷമിയുടെ തിരിച്ചുവരവ്. പരമ്പരയ്ക്കുള്ള ടീമിനെ ബിസിസിഐ ഔദ്യോഗികമായി പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസൺ വിക്കറ്റ് കീപ്പറായി ട്വന്റി20 ടീമിൽ തുടരും. രണ്ടാം വിക്കറ്റ് കീപ്പറായി ജിതേഷ് ശർമയ്ക്കു പകരം ധ്രുവ് ജുറെലും ടീമിൽ സ്ഥാനം പിടിച്ചു. പരുക്ക് മാറി രാജ്യാന്തര മത്സരത്തിലേക്ക് തിരിച്ചുവന്നെങ്കിലും ട്വന്റി20യിൽ ഋഷഭ് പന്തിന് അവസരം നൽകിയില്ല.
ബോർഡർ-ഗാവസ്‌കർ ട്രോഫിയിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഓൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡിയും ട്വന്റി20 ടീമിലുണ്ട്. സൂര്യകുമാർ യാദവ് നയിക്കുന്ന ടീമിൽ അഭിഷേക് ശർമ, തിലക് വർമ, റിങ്കു സിങ് എന്നിവർ സ്ഥാനം നിലനിർത്തിയപ്പോൾ റിയാൻ പരാഗ്, ശിവം ദുബെ എന്നിവരെ പരുക്കിനെ തുടർന്നു പരിഗണിച്ചില്ല. അക്ഷർ പട്ടേലാണ് വൈസ് ക്യാപ്റ്റൻ.
ജസ്പ്രീത് ബുമ്രയുടെ ഫിറ്റ്‌നസിൽ ആശങ്കയുള്ള ടീം ഇന്ത്യയ്ക്ക് മുഹമ്മദ് ഷമിയുടെ തിരിച്ചുവരവ് ആശ്വാസമാണ്. ഓസ്‌ട്രേലിയയ്‍ക്കെതിരായ അഞ്ചാം ടെസ്റ്റിനിടെയാണ് ബുമ്രയ്ക്കു പരുക്കേറ്റത്. ചാംപ്യൻസ് ട്രോഫിയിലും ബുമ്ര കളിക്കുന്നത് സംശയത്തിലാണ്. ഈ സാഹചര്യത്തിൽ ഷമിയുടെ സാന്നിധ്യം ബോളിങ് നിരയ്ക്ക് കരുത്ത് നൽകും. അഞ്ച് മത്സരങ്ങളുള്ള ട്വന്റി20 പരമ്പര ജനുവരി 22ന് ആരംഭിക്കും. ഇതിനു ശേഷം മൂന്നു ഏകദിനങ്ങളും ഇംഗ്ലണ്ടിനെതിരെ കളിക്കുന്നുണ്ട്.
ട്വന്റി20 ടീം: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), അഭിഷേക് ശർമ, തിലക് വർമ, നിതീഷ് കുമാർ റെഡ്ഡി, മുഹമ്മദ് ഷമി, അർഷ്ദീപ് സിങ്, ഹർഷിത് റാണ, ധ്രുവ് ജുറെൽ (വിക്കറ്റ് കീപ്പർ), റിങ്കു സിങ്, ഹാർദിക് പാണ്ഡ്യ, അക്ഷർ പട്ടേൽ, രവി ബിഷ്ണോയ്, വരുൺ ചക്രവർത്തി, വാഷിങ്ടൻ സുന്ദർ.