എട്ടാം നമ്പർ ജഴ്സി സ്റ്റാറ്റസ് ഇട്ട് രവീന്ദ്ര ജഡേജ; താരം ഏകദിന ടീമിന് പുറത്തേക്കെന്ന് റിപ്പോർട്ട്, ടെസ്റ്റിലേക്കും പരിഗണിച്ചേക്കില്ല

Mail This Article
ന്യൂഡൽഹി∙ ഇന്ത്യൻ ക്രിക്കറ്റ് വലിയ മാറ്റങ്ങൾക്ക് തയാറെടുക്കുന്നതിനിടെ, വെറ്ററൻ താരം രവീന്ദ്ര ജഡേജയും ടീമിനു പുറത്തേക്കെന്ന് റിപ്പോർട്ട്. ഏകദിന ഫോർമാറ്റിൽ രവീന്ദ്ര ജഡേജയെ ഇനി പരിഗണിക്കേണ്ടതില്ലെന്ന് സിലക്ടർമാർ തീരുമാനിച്ചുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് താരം ജഴ്സി സ്റ്റാറ്റസ് ഇട്ടത്. ഏകദിന ഫോർമാറ്റിൽനിന്ന് ജഡേജയെ ഒഴിവാക്കാൻ തീരുമാനിച്ചാൽ സ്വാഭാവികമായും അടുത്ത മാസം നടക്കുന്ന ചാംപ്യൻസ് ട്രോഫിയിൽനിന്ന് താരത്തെ തഴയുമെന്നാണ് വിവരം.
കഴിഞ്ഞ വർഷം നടന്ന ട്വന്റി20 ലോകകപ്പിനു പിന്നാലെ വിരാട് കോലി, രോഹിത് ശർമ എന്നിവർക്കൊപ്പം രവീന്ദ്ര ജഡേജയും ട്വന്റി20 ഫോർമാറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ ഇനി ജഡേജയെ പരിഗണിക്കേണ്ടെന്ന താൽപര്യത്തിനാണ് അജിത് അഗാർക്കർ നേതൃത്വം നൽകുന്ന സിലക്ഷൻ കമ്മിറ്റിയിൽ മുൻതൂക്കമെന്നാണ് റിപ്പോർട്ട്.
ഏകദിനത്തിനു പുറമേ, ടെസ്റ്റിലും രവീന്ദ്ര ജഡേജയ്ക്ക് ഇനി കാര്യമായ ഭാവിയില്ലെന്നാണ് ദേശീയ മാധ്യമങ്ങളിലെ റിപ്പോർട്ടുകൾ. ജഡേജയ്ക്കു പകരം യുവതാരങ്ങൾക്ക് അവസരം നൽകാനാണ് സിലക്ഷൻ കമ്മിറ്റി ആലോചിക്കുന്നത്. ഇതിനിടെയാണ്, ടെസ്റ്റ് ജഴ്സിയുടെ ചിത്രം ജഡേജ സ്റ്റാറ്റസ് ഇട്ടത്.
ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലും ജഡേജയുടെ പ്രകടനം ഒട്ടും ആശാസ്യമായിരുന്നില്ല. അഞ്ച് മത്സരങ്ങൾ ഉൾപ്പെടുന്ന പരമ്പരയിലെ മൂന്നു മത്സരങ്ങളിലും കളിച്ചെങ്കിലും ജഡേജയ്ക്ക് കാര്യമായ തോതിൽ ബാറ്റുകൊണ്ടോ പന്തുകൊണ്ടോ സംഭാവന നൽകാനായില്ല. ആകെ 135 റൺസ് മാത്രം നേടിയ ജഡേജയുടെ ശരാശരി 27 മാത്രമായിരുന്നു. മൂന്നു ടെസ്റ്റുകളിൽനിന്ന് നേടാനായത് നാലു വിക്കറ്റും. പരമ്പര 3–1ന് തോറ്റ ഇന്ത്യ 10 വർഷങ്ങൾക്കു ശേഷം ബോർഡർ – ഗാവസ്കർ ട്രോഫി കൈവിടുകയും ചെയ്തു.