ADVERTISEMENT

മുംബൈ∙ നടിയും നർത്തകിയുമായ ധനശ്രീ വർമയുമായുള്ള വിവാഹബന്ധം വേർപ്പെടുത്തിയേക്കുമെന്ന റിപ്പോർട്ടുകൾക്കിടെ, ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചെഹൽ ജനപ്രിയ ടെലിവിഷൻ ഷോയായ ബിഗ് ബോസിന്റെ സെറ്റിൽ. വിവിധ ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇന്ത്യൻ താരം ശ്രേയസ് അയ്യർ, ഐപിഎൽ താരം ശശാങ്ക് സിങ് എന്നിവർക്കൊപ്പമാണ് ചെഹൽ ബിഗ് ബോസ് സെറ്റിൽ എത്തിയത്. ബോളിവുഡ് താരം സൽമാൻ ഖാൻ അവതാരകനായി എത്തുന്ന ബിഗ് ബോസിൽ, ഇവരുടെ റോൾ എന്താണെന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം.

ബിഗ് ബോസിൽ പങ്കെടുക്കാനാണോ ഇവർ എത്തിയതെന്ന കാര്യത്തിൽ സ്ഥിരീകരണമില്ല. അതേസമയം, ഷോയുടെ സ്പെഷൽ എപ്പിസോഡിൽ പങ്കെടുക്കാനാണ് ഇവർ എത്തിയിരിക്കുന്നതെന്നാണ് ഒരു വിഭാഗം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 

വിവാഹമോചന വാർത്തകൾ ചൂടുപിടിക്കുന്നതിനിടെ പ്രതികരണവുമായി ചെഹലും ധനശ്രീ വർമയും രംഗത്തെത്തിയിരുന്നു. വാർത്തകൾ സ്ഥിരീകരിക്കുകയോ തള്ളുകയോ ചെയ്യാതെയായിരുന്നു ഇവരുടെ പ്രതികരണം.

‘‘എന്നെ സ്നേഹിക്കുകയും ഉറച്ച പിന്തുണ നൽകുകയും ചെയ്യുന്ന ആരാധകരോട് ഞാൻ എക്കാലവും നന്ദിയുള്ളവനായിരിക്കും. നിങ്ങളുടെ ഈ സ്നേഹമാണ് എന്നെ ഇവിടെ എത്തിച്ചത്. പക്ഷേ, ഈ യാത്ര ഇപ്പോഴും പൂർത്തിയായിട്ടില്ല. ഈ രാജ്യത്തിനായും ടീമിനായും ആരാധകർക്കായും എത്രയോ ഓവറുകൾ ഇനിയും ബോൾ ചെയ്യാൻ ബാക്കികിടക്കുന്നു.’’ – ചെഹൽ പറഞ്ഞു.

‘‘അഭിമാനമുള്ള ഒരു കായികതാരമായിരിക്കുമ്പോൾത്തന്നെ ഞാൻ ഒരു മകനും സഹോദരനും സുഹൃത്തുമെല്ലാമാണ്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി എന്റെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന അഭ്യൂഹങ്ങളെക്കുറിച്ച് ആളുകൾക്കുള്ള ആകാംക്ഷ എനിക്കു മനസ്സിലാകും. എങ്കിലും ചില സമൂഹമാധ്യമ പോസ്റ്റുകളിലൂടെ സത്യമാണോ അല്ലയോ എന്ന് യാതൊരു ഉറപ്പുമില്ലാത്ത ചില കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്’ – ചെഹൽ കുറിച്ചു.

അഭ്യൂഹങ്ങളിൽ പരോക്ഷ പ്രതികരണവുമായി ധനശ്രീ വർമയും രംഗത്തെത്തിയിരുന്നു. സമൂഹമാധ്യമത്തിൽ പങ്കുവച്ച സാമാന്യം സുദീർഘമായ പോസ്റ്റിലൂടെ, വിവാഹ മോചന വാർത്തകളുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നവരെ ധനശ്രീ വർമ വിമർശിച്ചു. സത്യം എക്കാലവും അതേപടി നിലനിൽക്കുമെന്നും ധനശ്രീ കുറിച്ചു. ആളുകൾ സത്യം മനസ്സിലാക്കാതെ നിഷ്കരുണം സ്വഭാവഹത്യ നടത്തുകയാണെന്നും ധനശ്രീ വർമ തുറന്നടിച്ചു. 2020ലാണ് ധനശ്രീയും ചെഹലും വിവാഹിതരായത്.

English Summary:

Yuzvendra Chahal Spotted At Bigg Boss Set With Shreyas Iyer Amid Divorce Rumours