മെൽബൺ ടെസ്റ്റിനു ശേഷം വിരമിക്കാനൊരുങ്ങി രോഹിത്, ‘ബാഹ്യ ഇടപെടലി’ൽ തീരുമാനം മാറ്റി; വിവരം അറിഞ്ഞ് ഗംഭീറിന് ‘കലിപ്പ്’!

Mail This Article
മുംബൈ∙ ഓസ്ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മോശം പ്രകടനത്തിന്റെ പശ്ചാത്തലത്തിൽ, മെൽബൺ ക്രിക്കറ്റ് ടെസ്റ്റിനു ശേഷം വിരമിക്കൽ പ്രഖ്യാപിക്കാൻ ഇന്ത്യൻ നായകൻ രോഹിത് ശർമ തയാറെടുത്തിരുന്നതായി റിപ്പോർട്ട്. പരമ്പരയിൽ കളിച്ച മൂന്നു ടെസ്റ്റുകളിലെ അഞ്ച് ഇന്നിങ്സുകളിൽനിന്ന് 31 റൺസ് മാത്രം നേടിയ രോഹിത്, സിഡ്നിയിൽ നടന്ന അവസാന ടെസ്റ്റിൽനിന്ന് വിട്ടുനിൽക്കുകയും ചെയ്തിരുന്നു. അതിനു മുൻപായി ബംഗ്ലദേശ്, ന്യൂസീലൻഡ് ടീമുകൾക്കെതിരായ പരമ്പരയിലും പ്രകടനം മോശമായതോടെയാണ് രോഹിത് കളി നിർത്താം എന്ന തീരുമാനത്തിലേക്ക് എത്തിയത്.
മെൽബൺ ടെസ്റ്റിലെ ദയനീയ പ്രകടനത്തിനൊപ്പം ടീമും തോറ്റതോടെ, വിരമിക്കാനുള്ള സന്നദ്ധത രോഹിത് അധികൃതരെ അറിയിച്ചിരുന്നതായാണ് ദേശീയ മാധ്യമങ്ങളിലെ റിപ്പോർട്ട്. എന്നാൽ, ടീമിനു പുറത്തുള്ള ചിലരുടെ ഇടപെടലിനെ തുടർന്ന് രോഹിത് തീരുമാനം മാറ്റുകയായിരുന്നുവെന്നാണ് വിവരം. അടുത്ത ബന്ധമുള്ള ഇവരുടെ ഇടപെടൽ ഇല്ലായിരുന്നെങ്കിൽ രോഹിത് വിരമിക്കൽ പ്രഖ്യാപിക്കുമായിരുന്നുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
അതേസമയം, വിരമിക്കൽ തീരുമാനത്തിൽനിന്ന് പിൻമാറിയ രോഹിത്തിന്റെ നടപടി പരിശീലകൻ ഗൗതം ഗംഭീറിന് ദഹിച്ചില്ലെന്ന വെളിപ്പെടുത്തലും റിപ്പോർട്ടിലുണ്ട്. സിഡ്നി ടെസ്റ്റിനു മുന്നോടിയായുള്ള വാർത്താ സമ്മേളനത്തിന് പതിവിനു വിപരീതമായി ക്യാപ്റ്റനു പകരം പരിശീലകൻ ഗൗതം ഗംഭീറാണ് എത്തിയത്. അപ്പോൾ മുതൽ ഇരുവർക്കുമിടയിൽ പ്രശ്നങ്ങളുണ്ടെന്ന അഭ്യൂഹങ്ങൾ സജീവമായിരുന്നു. പിന്നീട് രോഹിത് പരിശീലനത്തിൽനിന്ന് വിട്ടുനിന്നത് അഭ്യൂഹങ്ങൾക്ക് കരുത്തുപകർന്നു.
ഓസ്ട്രേലിയൻ പരമ്പരയ്‌ക്കിടെ ക്യാപ്റ്റനും പരിശീലകനും തമ്മിൽ പല വിഷയങ്ങളിലും അഭിപ്രായഭിന്നതകളുണ്ടായിരുന്നതായി റിപ്പോർട്ടുകളുണ്ട്. ടീം സിലക്ഷൻ മുതൽ ടോസിന്റെ കാര്യത്തിൽ പോലും ഇരുവരും വ്യത്യസ്ത നിലപാടിലായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. ഇതിനിടെയാണ്, രോഹിത് വിരമിക്കൽ തീരുമാനം മാറ്റിയതിൽ ഗംഭീർ അതൃപ്തനായിരുന്നുവെന്ന റിപ്പോർട്ട് കൂടി വരുന്നത്.