പാണ്ഡ്യയ്ക്ക് ഇക്കുറിയും അവഗണന; ടീമിലുണ്ടെങ്കിലും വൈസ് ക്യാപ്റ്റൻ സ്ഥാനം അക്ഷർ പട്ടേലിന്, സഞ്ജുവിനെയും പരിഗണിച്ചില്ല

Mail This Article
മുംബൈ∙ ഇന്ത്യൻ ട്വന്റി20 ടീമിന്റെ നായകനാകുമെന്നുപോലും ഇടക്കാലത്ത് പ്രതീക്ഷിക്കപ്പെട്ടിരുന്ന ഹാർദിക് പാണ്ഡ്യയെ തഴഞ്ഞ്, ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയിൽ അക്ഷർ പട്ടേലിനെ ഉപനായകനായി പ്രഖ്യാപിച്ച് ബിസിസിഐയുടെ നാടകീയ നീക്കം. ഹാർദിക് പാണ്ഡ്യയ്‌ക്കു പുറമേ, ഐപിഎലിൽ ഉൾപ്പെടെ നായകമികവു പ്രകടമാക്കിയിട്ടുള്ള മലയാളി താരം സഞ്ജു സാംസണും ടീമിലുള്ളപ്പോഴാണ് അക്ഷർ പട്ടേലിനെ ടീമിന്റെ ഉപനായകനായി സിലക്ഷൻ കമ്മിറ്റി അവരോധിച്ചത്. ഒരു വർഷത്തോളം നീണ്ട ഇടവേളയ്ക്കു ശേഷം വെറ്ററൻ പേസ് ബോളർ മുഹമ്മദ് ഷമി ടീമിൽ തിരിച്ചെത്തിയതാണ് മറ്റൊരു സർപ്രൈസ്.
കഴിഞ്ഞ വർഷം നടന്ന ട്വന്റി20 ലോകകപ്പിൽ ഇന്ത്യയുടെ കിരീടനേട്ടത്തിൽ പ്രധാന പങ്കുവഹിച്ച താരമാണ് ഓൾറൗണ്ടറായ അക്ഷർ പട്ടേൽ. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തെ ഉപനായകനായി നിയോഗിച്ചതെന്നു കരുതുന്നു. കഴിഞ്ഞ വർഷം നടന്ന ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി20 പരമ്പരയിൽ ശുഭ്മന‍് ഗില്ലിനെയാണ് സിലക്ടർമാർ വൈസ് ക്യാപ്റ്റനായി നിയോഗിച്ചിരുന്നത്. ഇത്തവണ ഗില്ലിന് ടീമിൽ ഇടംപോലും നഷ്ടമായതോടെയാണ് അക്ഷർ പട്ടേലിന്റെ വരവ്.
ശ്രീലങ്കൻ പര്യടനത്തിനു ശേഷം നടന്ന ബംഗ്ലദേശ്, ദക്ഷിണാഫ്രിക്ക എന്നീ ടീമുകൾക്കെതിരായ ട്വന്റി20 പരമ്പരകളിലേക്കും ശുഭ്മൻ ഗില്ലിനെ പരിഗണിക്കാതിരുന്ന സിലക്ടർമാർ, ഈ പരമ്പരകളിൽ വൈസ് ക്യാപ്റ്റനെ തിരഞ്ഞെടുത്തിരുന്നില്ല. ഇതിനു പിന്നാലെയാണ് സൂര്യകുമാർ നയിക്കുന്ന ടീമിന്റെ ഉപനായകനായി അക്ഷർ പട്ടേലിനെ പ്രഖ്യാപിച്ച് ഞെട്ടിച്ചത്.
ട്വന്റി20 ലോകകപ്പിൽ അഞ്ച് ഇന്നിങ്സുകളിൽനിന്ന് 92 റൺസാണ് അക്ഷർ പട്ടേൽ നേടിയത്. ഫൈനലിൽ ദക്ഷണാഫ്രിക്കയ്‌ക്കെതിരെ 31 പന്തിൽ നേടിയ 47 റൺസും ഇക്കൂട്ടത്തിലുണ്ട്. ഇതിനു പുറമേ എട്ടു മത്സരങ്ങളിൽനിന്ന് അക്ഷർ ഒൻപതു വിക്കറ്റും സ്വന്തമാക്കി. ഇതിൽ പാക്കിസ്ഥാനും ഇംഗ്ലണ്ടിനുമെതിരായ ബോളിങ് പ്രകടനങ്ങൾ ശ്രദ്ധിക്കപ്പെട്ടു.
മലയാളി താരം സഞ്ജു സാംസൺ ടീമിൽ ഇടമുറപ്പിച്ചതോടെ, ഋഷഭ് പന്ത് പുറത്തായതാണ് ടീം പ്രഖ്യാപനത്തിലെ മറ്റൊരു ഹൈലൈറ്റ്. ഏറ്റവും ഒടുവിൽ കളിച്ച ഏഴ് ട്വന്റി20 മത്സരങ്ങളിൽനിന്ന് മൂന്നു സെഞ്ചറികൾ ഉൾപ്പെടെ നേടിയ പ്രകടനമാണ് സഞ്ജുവിനെ ടീമിൽ സ്ഥിരാംഗമാക്കിയത്. ധ്രുവ് ജുറേലിനെ രണ്ടാം വിക്കറ്റ് കീപ്പറായി തിരഞ്ഞെടുത്തതോടെ, ജിതേഷ് ശർമയ്‌ക്കും ടീമിലെ സ്ഥാനം നഷ്ടമായി.
ഇന്ത്യൻ ടീം ഇങ്ങനെ: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), അഭിഷേക് ശർമ, തിലക് വർമ, ഹാർദിക് പാണ്ഡ്യ, റിങ്കു സിങ്, നിതീഷ് കുമാർ റെഡ്ഡി, അക്ഷർ പട്ടേൽ (വൈസ് ക്യാപ്റ്റൻ), ഹർഷിത് റാണ, അർഷ്ദീപ് സിങ്, മുഹമ്മദ് ഷമി, വരുൺ ചക്രവർത്തി, രവി ബിഷ്ണോയ്, വാഷിങ്ടൻ സുന്ദർ, ധ്രുവ് ജുറേൽ (വിക്കറ്റ് കീപ്പർ)