താരങ്ങളേറെ, പക്ഷേ ടീമില്ല..; ചാംപ്യൻസ് ട്രോഫി ടീം പ്രഖ്യാപനം വൈകുന്നു, സമയം നീട്ടി ചോദിക്കാൻ ബിസിസിഐ

Mail This Article
ന്യൂഡൽഹി ∙ തേഡ് അംപയറുടെ തീരുമാനം അറിയാൻ ഗ്രൗണ്ടിലെ ബിഗ് സ്ക്രീനിലേക്ക് കണ്ണുനട്ടിരിക്കുന്നതുപോലെയാണ് ഇപ്പോൾ ഇന്ത്യൻ ക്രിക്കറ്റ് ആരാധകരുടെ അവസ്ഥ. അടുത്തമാസം നടക്കുന്ന ചാംപ്യൻസ് ട്രോഫി ക്രിക്കറ്റിലെ ടീം പ്രഖ്യാപനത്തിനുള്ള സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെ പ്രാഥമിക പട്ടികപോലും പൂർത്തിയാക്കാൻ ബിസിസിഐയ്ക്കു കഴിഞ്ഞിട്ടില്ല. ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പര ടീമിനെ ഇന്നലെ ബിസിസിഐ പ്രഖ്യാപിച്ചെങ്കിലും ചാംപ്യൻസ് ട്രോഫി ടീം സംബന്ധിച്ച് തീരുമാനമൊന്നുമായില്ല.
ടീം പ്രഖ്യാപനത്തിനായി ഇന്ത്യ ഐസിസിയോട് സമയം നീട്ടി ചോദിക്കുമെന്നുമാണ് റിപ്പോർട്ടുകൾ. ഫെബ്രുവരി 19നാണ് ചാംപ്യൻസ് ട്രോഫി ക്രിക്കറ്റിനു തുടക്കം. അതിനു മുൻപ് ഫെബ്രുവരി 6ന് ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര ടീമിനെയും പ്രഖ്യാപിച്ചിട്ടില്ല.
∙ എന്തിനാണ് ഇത്ര സമയം?
2023ലെ ഏകദിന ലോകകപ്പിനുശേഷം ഇതുവരെ 6 ഏകദിന മത്സരങ്ങൾ മാത്രമാണ് ഇന്ത്യൻ ടീം കളിച്ചത്. 2024ൽ 3 മത്സരങ്ങളും. രാജ്യാന്തര മത്സരങ്ങളിലെ സമീപകാല പ്രകടനം കണക്കാക്കി മാത്രം ടീമിനെ തിരഞ്ഞെടുക്കാനാകില്ലെന്നതാണ് ഇന്ത്യൻ സിലക്ടർമാർ നേരിടുന്ന പ്രധാന വെല്ലുവിളി. രോഹിത് ശർമ, ശുഭ്മൻ ഗിൽ, വിരാട് കോലി എന്നിവർ ലോകകപ്പിനുശേഷം 3 മത്സരങ്ങളും കെ.എൽ.രാഹുൽ 2 മത്സരവും മാത്രമാണ് കളിച്ചത്. ലോകകപ്പ് ടീമിൽ അംഗമല്ലാതിരുന്ന ഋഷഭ് പന്ത് കഴിഞ്ഞ രണ്ടര വർഷത്തിനിടെ കളിച്ചത് ഒരേയൊരു ഏകദിന മത്സരം. അതിൽ നേടാനായത് വെറും 4 റൺസും.
ഇക്കാരണത്താൽ ചാംപ്യൻസ് ട്രോഫിക്കുള്ള ഇന്ത്യയുടെ അന്തിമ ടീമിനെ നിശ്ചയിക്കുന്നത് ഫെബ്രുവരി 12ന് അവസാനിക്കുന്ന ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുശേഷമാകും. നേരത്തേ പ്രഖ്യാപിക്കുന്ന ആദ്യഘട്ട പട്ടികയിൽ മാറ്റങ്ങൾ വരുത്താൻ ഫെബ്രുവരി 13 വരെ ടീമുകൾക്ക് അവസരമുണ്ട്.
∙ ബുമ്രയുടെ ഫിറ്റ്നസ്?
ബോർഡർ ഗാവസ്കർ ടെസ്റ്റ് പരമ്പരയ്ക്കിടെ പുറത്തിനു പരുക്കേറ്റ ജസ്പ്രീത് ബുമ്ര ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പര ടീമിലില്ല. 14 മാസത്തിനുശേഷം ഇന്ത്യൻ ടീമിൽ തിരിച്ചെത്തുന്ന ഷമിക്ക് ടീമിൽ സ്ഥാനമുറപ്പിക്കാനുള്ള അവസരമാണ് ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പര. ഷമിയുടെ ഫോമും ബുമ്രയുടെ ഫിറ്റ്നസും വിലയിരുത്താനും സമയം ആവശ്യമാണ്.
2023 ലോകകപ്പിനുശേഷം ഇതുവരെ ഒരു ഏകദിന മത്സരവും കളിച്ചിട്ടില്ലാത്ത ബുമ്രയെയും ഷമിയെയും ചാംപ്യൻസ് ട്രോഫിക്ക് മുൻപ് ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര ടീമിൽ ഉൾപ്പെടുത്തിയേക്കും. സ്പിന്നർ കുൽദീപ് യാദവും പരുക്കിന്റെ നിഴലിലാണ്.
∙ സിലക്ഷൻ തലവേദനകൾ
ഏകദിന ലോകകപ്പിൽ ഇന്ത്യൻ ഇന്നിങ്സ് ഓപ്പൺ ചെയ്ത രോഹിത് ശർമ– ശുഭ്മൻ ഗിൽ കൂട്ടുകെട്ടിനെ ചാംപ്യൻസ് ട്രോഫിയിലും പരീക്ഷിക്കാനാണ് കൂടുതൽ സാധ്യത. ഇടംകൈ ബാറ്റർ യശസ്വി ജയ്സ്വാളിന്റെ സാധ്യതകൾ തുലാസിലാണ്. ടെസ്റ്റിലും ട്വന്റി20യിലും ടീമിൽ നിലയുറപ്പിച്ച താരം ഇതുവരെ ഒരു രാജ്യാന്തര ഏകദിനം പോലും കളിച്ചിട്ടില്ലെന്നതാണ് തിരിച്ചടി. ഋഷഭ് പന്ത് തിരിച്ചെത്തുമെങ്കിലും ലോകകപ്പിലെ വിക്കറ്റ് കീപ്പറായിരുന്ന കെ.എൽ.രാഹുൽ ബാറ്ററായി ടീമിലുണ്ടാകും.
രാഹുലിനുശേഷം മറ്റൊരു ബാക്കപ്പ് വിക്കറ്റ് കീപ്പറെ ഉൾപ്പെടുത്തിയാൽ സഞ്ജു സാംസണിന് സാധ്യത തെളിയും. ഹാർദിക് പാണ്ഡ്യ, അക്ഷർ പട്ടേൽ, ശിവം ദുബെ, റിയാൻ പരാഗ്, വാഷിങ്ടൻ സുന്ദർ, രവീന്ദ്ര ജഡേജ എന്നിങ്ങനെ ഓൾറൗണ്ടർമാരുടെ പട്ടികയിൽ ആൾത്തിരക്ക് കൂടുതലാണ്.