ജമീമയ്ക്ക് (102) കന്നി സെഞ്ചറി, സ്മൃതിക്കും പ്രതികയ്ക്കും ഹാർലീനും അർധസെഞ്ചറി; 116 റൺസ് വിജയത്തോടെ ഇന്ത്യയ്ക്ക് പരമ്പര

Mail This Article
രാജ്കോട്ട്∙ തുടർച്ചയായ രണ്ടാം ഏകദിനത്തിലും അയർലൻഡിനെ തകർത്തെറിഞ്ഞ് പരമ്പര സ്വന്തമാക്കി ഇന്ത്യ. രാജ്കോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 116 റൺസിനാണ് ഇന്ത്യയുടെ വിജയം. മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ നേടിയത് 370 റൺസ്. ഏകദിനത്തിൽ ഇന്ത്യയുടെ ഉയർന്ന സ്കോറാണിത്. മറുപടി ബാറ്റിങ്ങിൽ അയർലൻഡ് വനിതകൾ 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 254 റൺസെടുത്തു. ഇതോടെ, മൂന്നു മത്സരങ്ങൾ ഉൾപ്പെടുന്ന പരമ്പര ഇന്ത്യ സ്വന്തമാക്കി. ആദ്യ മത്സരം ഇന്ത്യ ആറു വിക്കറ്റിന് ജയിച്ചിരുന്നു. മൂന്നാം ഏകദിനം ജനുവരി 15ന് ഇതേ വേദിയിൽ നടക്കും.
ഇന്ത്യ ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത അയർലൻഡിനെ, കൂൾട്ടർ റെയ്‌ലിയുടെ അർധസെഞ്ചറിയാണ് വൻ തോൽവിയിൽനിന്ന് രക്ഷപ്പെടുത്തിയത്. റെയ്‌ലി 113 പന്തിൽ 10 ഫോറുകൾ സഹിതം 80 റൺസെടുത്തു. സാറ ഫോർബ്സ് (63 പന്തിൽ 38), ലോറ ഡെലാനി (36 പന്തിൽ 37), ലീ പോൾ (22 പന്തിൽ പുറത്താകാതെ 27) എന്നിവരും തിളങ്ങി. ഇന്ത്യയ്ക്കായി 100–ാം ഏകദിനം കളിച്ച ദീപ്തി ശർമ മൂന്നും പ്രിയ മിശ്ര രണ്ടും ടൈറ്റസ് സന്ധു, സയാലി സാത്ഗരെ, എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി.
∙ ഒരു സെഞ്ചറി, 3 ഫിഫ്റ്റി
നേരത്തേ, അസാമാന്യ ബാറ്റിങ് മികവുമായി മുൻനിര താരങ്ങൾ തകർത്തടിച്ചതോടെയാണ് ഇന്ത്യ അയർലൻഡിനു മുന്നിൽ 371 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം ഉയർത്തിയത്. മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ, നിശ്ചിത 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 370 റൺസെടുത്തത്. ഇന്ത്യയ്ക്കായി ജമീമ റോഡ്രിഗസ് സെഞ്ചറി നേടി. 90 പന്തിൽ 12 ഫോറുകൾ സഹിതമാണ് ജമീമ രാജ്യാന്തര കരിയറിൽ തന്റെ കന്നി സെഞ്ചറി കുറിച്ചത്. തൊട്ടടുത്ത പന്തിൽ ജമീമ (102) പുറത്താവുകയും ചെയ്തു. ഇതിനിടെ, വനിതാ ഏകദിനത്തിൽ 1000 റൺസ് തികയ്ക്കുന്ന 11–ാമത്തെ താരമായും ജമീമ റോഡ്രിഗസ് മാറി.
ഓപ്പണർമാരായ സ്മൃതി മന്ഥന (73), പ്രതിക റാവൽ (67), ഹർലീൻ ഡിയോൾ (89) എന്നിവരും ഇന്ത്യൻ നിരയിൽ അർധസെഞ്ചറി നേടി. 54 പന്തുകൾ നേരിട്ട സ്മൃതി മന്ഥന, 10 ഫോറും രണ്ടു സിക്സും സഹിതമാണ് 73 റൺസെടുത്തത്. പ്രതിക റാവൽ 61 പന്തിൽ എട്ടു ഫോറും ഒരു സിക്സും സഹിതം 67 റൺസെടുത്തു. 84 പന്തുകൾ നേരിട്ട ഹർലീൻ ഡിയോൾ, 12 ഫോറുകളോടെയാണ് 89 റൺസെടുത്തത്.
ഓപ്പണിങ് വിക്കറ്റിൽ 156 റൺസിന്റെ തകർപ്പൻ കൂട്ടുകെട്ടുമായി സ്മൃതി മന്ഥന – പ്രതിക റാവൽ സഖ്യം ഇന്ത്യയ്ക്ക് തകർപ്പൻ തുടക്കമാണ് സമ്മാനിച്ചത്. വെറും 114 പന്തിലാണ് ഇരുവരും 156 റൺസ് അടിച്ചുകൂട്ടിയത്. അതേ സ്കോറിൽ ഇരുവരും തുടർച്ചയായി പുറത്തായെങ്കിലും, മൂന്നാം വിക്കറ്റിൽ വീണ്ടും സെഞ്ചറി കൂട്ടുകെട്ടുമായി ഹർലീൻ ഡിയോൾ – ജമീമ റോഡ്രിഗസ് സഖ്യം ഇന്ത്യയെ കൂറ്റൻ സ്കോറിലേക്ക് നയിച്ചു. 168 പന്തിൽ ഇരുവരും ഇന്ത്യൻ സ്കോർ ബോർഡിൽ എത്തിച്ചത് 183 റൺസ്.
അവസാന ഓവറുകളിൽ ക്രീസിലെത്തിയ റിച്ച ഘോഷ് അഞ്ച് പന്തിൽ രണ്ടു ഫോറുകൾ സഹിതം 10 റൺസെടുത്ത് പുറത്തായി. തേജൽ ഹസാബ്‌നിസ് (രണ്ടു പന്തിൽ രണ്ട്), സയാലി സാത്ഗരെ (മൂന്നു പന്തിൽ രണ്ട്) എന്നിവർ പുറത്താകാതെ നിന്നു. അയർലൻഡിനായി ഓർല പ്രെൻഡർഗാസ്റ്റ് എട്ട് ഓളറിൽ 75 റൺസ് വഴങ്ങിയും ആർലീൻ കെല്ലി 10 ഓവറിൽ 82 റൺസ് വഴങ്ങിയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.