ഓസ്ട്രേലിയയിലെ പരുക്ക് വിനയായി, ബുമ്രയ്‌ക്ക് കളിക്കാനാകില്ലെന്ന് റിപ്പോർട്ട്; ചാംപ്യൻസ് ട്രോഫിക്കു മുൻപേ ഇന്ത്യയ്‌ക്ക് കനത്ത തിരിച്ചടി

Mail This Article
മുംബൈ∙ ചാംപ്യൻസ് ട്രോഫിക്ക് ഒരുങ്ങുന്ന ഇന്ത്യയ്‌ക്ക് കനത്ത തിരിച്ചടിയായി സൂപ്പർതാരം ജസ്പ്രീത് ബുമ്രയുടെ പരുക്ക്. ഓസ്ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്‌ക്കിടെ പരുക്കേറ്റ ബുമ്രയ്‌ക്ക്, ചാംപ്യൻസ് ട്രോഫിയിൽ കളിക്കാനാകില്ലെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പുറംവേദനയെ തുടർന്ന് സിഡ്നി ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ ബോൾ ചെയ്യാതിരുന്ന ബുമ്രയുടെ പരുക്ക് ഭേദമാകാൻ സമയമെടുക്കുമെന്നാണ് വിവരം. ഫലത്തിൽ, ഒരു മാസം മാത്രം അകലെയുള്ള ചാംപ്യൻസ് ട്രോഫിയിൽ ബുമ്രയെ കൂടാതെ കളിക്കേണ്ട അവസ്ഥയിലാണ് ഇന്ത്യ.
ചികിത്സയുടെ ഭാഗമായി ഏതാനും ദിവസങ്ങൾക്കുള്ളിൽ ബുമ്ര ബെംഗളൂരുവിലെ സെന്റർ ഓഫ് എക്സലൻസിൽ റിപ്പോർട്ട് ചെയ്യുമെന്നാണ് വിവരം. ലോക റാങ്കിങ്ങിൽ ആദ്യ എട്ടു സ്ഥാനങ്ങളിലുള്ള ടീമുകൾ മത്സരിക്കുന്ന ചാംപ്യൻസ് ട്രോഫിക്ക്, ഫെബ്രുവരി 19നാണ് തുടക്കമാകുക. പാക്കിസ്ഥാനാണ് ടൂർണമെന്റിന് ആതിഥ്യം വഹിക്കുന്നതെങ്കിലും, ഇന്ത്യയുടെ ലീഗ് മത്സരങ്ങൾ ദുബായിലാണ് നടക്കുക.
ഇന്നലെ പ്രഖ്യാപിച്ച, ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയ്‌ക്കുള്ള ടീമിൽനിന്ന് ജസ്പ്രീത് ബുമ്രയെ സിലക്ടർമാർ ഒഴിവാക്കിയിരുന്നു. താരത്തിന് മതിയായ വിശ്രമം ഉറപ്പാക്കുന്നതിനാണ് ഇത്. ബുമ്രയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് ഇപ്പോഴും സമ്പൂർണ റിപ്പോർട്ട് സിലക്ടർമാർക്ക് ലഭിച്ചിട്ടില്ല. എങ്കിലും, സ്ഥിതി തീരെ മോശമാണെന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം, റിസർവ് താരമെന്ന നിലയിൽ ബുമ്രയെ 15 അംഗ ടീമിൽ ഉൾപ്പെടുത്താൻ സിലക്ടർമാർ തയാറാകുമോ എന്ന കാര്യത്തിലും അവ്യക്തതയുണ്ട്. ബുമ്രയുടെ കാര്യത്തിൽ ഉൾപ്പെടെ അവ്യക്തത തുടരുന്ന സാഹചര്യത്തിൽ, ചാംപ്യൻസ് ട്രോഫി ടീമിനെ പ്രഖ്യാപിക്കാൻ ഐസിസിയിൽനിന്ന് ഇന്ത്യ സാവകാശം തേടുമെന്നും റിപ്പോർട്ടുണ്ട്.
അടുത്തിടെ സമാപിച്ച ബോർഡർ – ഗാവസ്കർ ട്രോഫിയിൽ അഞ്ച് മത്സരങ്ങളിലും കളിച്ച ബുമ്ര 32 വിക്കറ്റ് വീഴ്ത്തി പരമ്പരയുടെ താരമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ആകെ 151.2 ഓവർ ബോൾ ചെയ്താണ് ബുമ്ര 32 വിക്കറ്റ് വീഴ്ത്തിയത്. അവസാന ടെസ്റ്റിനിടെ പരുക്കേറ്റതിനെ തുടർന്ന് നിർണായകമായ രണ്ടാം ഇന്നിങ്സിൽ പന്തെറിയാനുമായില്ല.