ബിസിസിഐ യോഗത്തിൽ ടെസ്റ്റ് ടീമിന്റെ നായക സ്ഥാനത്തു തുടരാൻ ആഗ്രഹമറിയിച്ച് രോഹിത്; ചോദിച്ചത് ‘ഏതാനും മാസം കൂടി’!

Mail This Article
മുംബൈ∙ ഓസ്ട്രേലിയൻ പര്യടനത്തിൽ ഇന്ത്യൻ ടീമിന്റെ പ്രകടനം വിലയിരുത്താൻ വിളിച്ചുചേർത്ത ബിസിസിഐ യോഗത്തിൽ, ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ നായകസ്ഥാനത്തു തുടരാൻ ആഗ്രഹം പ്രകടിപ്പിച്ച് രോഹിത് ശർമ. ടീമിന്റെ മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ, സിലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത് അഗാർക്കർ തുടങ്ങിയവർ പങ്കെടുത്ത യോഗത്തിലാണ്, ടീമിന്റെ നായകസ്ഥാനത്തു തുടരാൻ രോഹിത് ആഗ്രഹം പ്രകടിപ്പിച്ചത്. ഏതാനും മാസങ്ങൾകൂടി തൽസ്ഥാനത്തു തുടരാനാണ് രോഹിതിന്റെ ആഗ്രഹം.
താൻ ക്യാപ്റ്റനായി തുടരുന്ന കാലയളവിൽ പുതിയ ക്യാപ്റ്റനെ കണ്ടുപിടിക്കാനും രോഹിത് ബിസിസിഐയോട് ആവശ്യപ്പെട്ടതായാണ് വിവരം. പുതിയ ക്യാപ്റ്റന് തന്റെ സമ്പൂർണ പിന്തുണയുണ്ടാകുമെന്നും രോഹിത് ബിസിസിഐയെ അറിയിച്ചിട്ടുണ്ട്. ദൈനിക് ജാഗ്രണിലെ റിപ്പോർട്ട് പ്രകാരം, മുംബൈയിൽ വച്ച് ശനിയാഴ്ചയാണ് രോഹിത് ബിസിസിഐ അധികൃതരുമായി ചർച്ച നടത്തിയത്.
ഈ കൂടിക്കാഴ്ചയിലാണ്, ഏതാനും മാസങ്ങൾ കൂടി ഇന്ത്യൻ നായകസ്ഥാനത്തു തുടരാനുള്ള താൽപര്യം രോഹിത് അറിയിച്ചത്. ഈ യോഗത്തിൽ രോഹിത് ശർമയുടെ പിൻഗാമിയായി പേസ് ബോളർ ജസ്പ്രീത് ബുമ്രയുടെ പേര് ചർച്ചയ്‌ക്കെത്തിയെങ്കിലും, ഒരു വിഭാഗം ഇതിനെ എതിർത്തതായാണ് റിപ്പോർട്ട്.
അഞ്ച് ടെസ്റ്റുകൾ ഉൾപ്പെടുന്ന പരമ്പരകളിൽ ബുമ്രയ്‌ക്ക് ഇന്ത്യയെ നയിക്കാനാകുമോയെന്ന ചോദ്യം ഉയർത്തിയാണ് ഇവർ എതിർപ്പ് ഉന്നയിച്ചത്. ഓസ്ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ അഞ്ച് ടെസ്റ്റിലും കളിച്ച ബുമ്രയ്ക്ക്, ഒടുവിൽ പരുക്കേറ്റിരുന്നു. ഇതോടെ നിർണായകമായ സിഡ്നി ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ ബോൾ ചെയ്യാനുമായില്ല. ഇത്തരത്തിൽ പരുക്കേൽക്കാൻ സാധ്യത കൂടുലുള്ള താരത്തെ ക്യാപ്റ്റനാക്കുന്നത് തിരിച്ചടിക്കുമോയെന്നാണ് ഇവരുടെ ചോദ്യം.
അതേസമയം, ഫെബ്രുവരി 19ന് ആരംഭിക്കുന്ന ചാംപ്യൻസ് ട്രോഫിയിൽ രോഹിത് ശർമ തന്നെയാകും ഇന്ത്യൻ നായകനെന്നാണ് റിപ്പോർട്ട്. ബിസിസിഐയും ഐസിസിയും പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡും നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിൽ, ദുബായിലാണ് ഇന്ത്യയുടെ മത്സരങ്ങൾ നടത്തുക.
ചാംപ്യൻസ് ട്രോഫിക്കു ശേഷം ഇന്ത്യൻ താരങ്ങളെല്ലാം ഇന്ത്യൻ പ്രിമിയർ ലീഗിന്റെ തിരക്കിലേക്കു മാറും. ഈ ഘട്ടത്തിൽ ഇന്ത്യയുടെ പുതിയ നായകന്റെ കാര്യത്തിൽ ബിസിസിഐ തീരുമാനം കൈക്കൊള്ളുമെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ വർഷം നടന്ന ട്വന്റി20 ലോകകപ്പിലെ കിരീടനേട്ടത്തോടെ രോഹിത് ട്വന്റി20യിൽനിന്ന് വിരമിച്ചിരുന്നു. അതേസമയം, ജൂൺ 20ന് ലീഡ്സിൽ ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റുകളുടെ പരമ്പരയിൽ രോഹിത് കളിക്കുമോയെന്ന കാര്യത്തിൽ അവ്യക്തതയുണ്ട്.