യുവരാജ് സിങ്ങിനു ശേഷം ഇത്ര അനായാസം സ്ഥിരതയോടെ സിക്സടിക്കുന്ന താരം വേറെയില്ല: സഞ്ജുവിനെ പുകഴ്ത്തി ബംഗാർ- വിഡിയോ

Mail This Article
മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളായ യുവരാജ് സിങ്ങിനു ശേഷം ഏറ്റവും അനായാസമായി സ്ഥിരതയോടെ സിക്സടിക്കുന്ന താരം സഞ്ജു സാംസണാണെന്ന് മുൻ ഇന്ത്യൻ താരവും ബാറ്റിങ് പരിശീലകനുമായ സഞ്ജയ് ബംഗാർ. ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയ്‌ക്കുള്ള ടീമിൽ ഋഷഭ് പന്തിനെ മറികടന്ന് ഇടംപിടിച്ചതിനു പിന്നാലെയാണ് സഞ്ജുവിനെ പുകഴ്ത്തി ബംഗാർ രംഗത്തെത്തിയത്. ജനുവരി 22ന് കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ നടക്കുന്ന ട്വന്റി20 മത്സരത്തോടെയാണ് ഇംഗ്ലണ്ടിന്റെ ഇന്ത്യ പര്യടനത്തിനു തുടക്കമാകുക. ഋഷഭ് പന്ത് ഉൾപ്പെടെയുള്ളവരെ മറികടന്നാണ് ഇംഗ്ലണ്ടിനെ നേരിടുന്നതിനുള്ള ഇന്ത്യൻ ടീമിൽ സഞ്ജു ഇടംപിടിച്ചത്.
2024ൽ മികച്ച ഫോമിലായിരുന്ന സഞ്ജു, ആ വർഷം ട്വന്റി20യിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ഇന്ത്യൻ താരം കൂടിയാണ്. ബംഗ്ലദേശിനെതിരായ മത്സരത്തിൽ ഹൈദരാബാദിൽ സെഞ്ചറിയുമായി വരവറിയിച്ച സഞ്ജു, പിന്നീട് ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ ഒന്നാം ട്വന്റിയിലും നാലാം ട്വന്റി20യിലും വീണ്ടും സെഞ്ചറി നേടി.
‘‘രാജ്യാന്തര ക്രിക്കറ്റിൽ സഞ്ജു സാംസൺ ഇപ്പോൾ സ്വന്തമാക്കിയ ഈ നേട്ടങ്ങൾ വലിയ സന്തോഷം നൽകുന്നു. ദീർഘനാളായി അദ്ദേഹം ഇന്ത്യൻ ക്രിക്കറ്റിന്റെ പടിവാതിൽക്കൽ അവസരം കാത്തുനിൽക്കുന്നുണ്ട്. ഇപ്പോഴാണ് സഞ്ജുവിന് ശരിയായ രീതിയിൽ തുടർച്ചയായി അവസരം ലഭിച്ചത്. ഏതൊരു താരമാണെങ്കിലും, മൂന്നോ നാലോ മത്സരങ്ങളിൽ തുടർച്ചയായി അവസരം ലഭിച്ചെങ്കിൽ മാത്രമേ സ്വതന്ത്രമായി തനത് ശൈലിയിൽ കളിക്കാനാകൂ’ – ബംഗാർ പറഞ്ഞു.
‘‘ബാറ്റിങ്ങിൽ ടോപ് ഓർഡറിൽ കളിക്കുന്ന സഞ്ജുവിനെ സംബന്ധിച്ച് ഒരു സാഹചര്യത്തിലും ആശങ്കയ്ക്ക് വകയില്ല എന്നതാണ് വാസ്തവം. ആദ്യ ഓവറുകളിൽ ഫീൽഡിങ് നിയന്ത്രണമുള്ളത് അദ്ദേഹത്തിന് അനുകൂലമാണ്. സഞ്ജുവാണെങ്കിൽ തുടർച്ചയായി സിക്സറുകൾ നേടാൻ കഴിവുള്ള താരവും. എത്ര അനായാസമാണ് സഞ്ജു സിക്സടിക്കുന്നത്. സാക്ഷാൽ യുവരാജ് സിങ്ങിനു ശേഷം ഇത്ര അനായാസം സ്ഥിരതയോടെ സിക്സർ നേടുന്ന താരം സഞ്ജുവാണ്. സഞ്ജു ഫോമിലായിക്കഴിഞ്ഞാൽ ആ ബാറ്റിങ് കാണുന്നതുതന്നെ എന്തൊരു അഴകാണ്’ – ബംഗാർ ചൂണ്ടിക്കാട്ടി.
ലോകകപ്പ് ഉൾപ്പെടെ സ്വന്തമാക്കി ഇന്ത്യ തിളങ്ങിയ 2024ൽ, ട്വന്റി20 ഫോർമാറ്റിൽ റൺവേട്ടക്കാരിൽ ഒന്നാമൻ സഞ്ജുവായിരുന്നു. ഇന്ത്യ ലോകകപ്പ് ജേതാക്കളായ വർഷത്തിൽ, ലോകകപ്പിൽ ഒരു മത്സരം പോലും കളിക്കാതെയാണ് സഞ്ജു റൺവേട്ടക്കാരിൽ ഒന്നാമനായതെന്നതും ശ്രദ്ധേയം. 13 മത്സരങ്ങളിൽനിന്ന് 43.60 ശരാശരിയിൽ 436 റൺസ് അടിച്ചെടുത്താണ് സഞ്ജു ഒന്നാമനായത്.
രാജ്യാന്തര ട്വന്റി20യിൽ ആകെ മൂന്നു സെഞ്ചറികളാണ് പോയ വർഷം സഞ്ജു നേടിയത്. 111 റൺസാണ് ഉയർന്ന സ്കോർ. 12 ഇന്നിങ്സുകളിൽനിന്ന് 436 റൺസ് നേടി എന്നതിനേക്കാൾ, 180.16 എന്ന തകർപ്പൻ സ്ട്രൈക്ക് റേറ്റിലാണ് ഈ നേട്ടം എന്നതും ശ്രദ്ധേയമാണ്. മൂന്നു സെഞ്ചറിക്കു പുറമേ ഒരു അർധസെഞ്ചറിയും 2024ൽ സഞ്ജുവിന്റെ പേരിലുണ്ട്. ആകെ 35 ഫോറുകളും 31 സിക്സറുകളും സഞ്ജു നേടി.