പഞ്ചാബ് കിങ്സിനെ ശ്രേയസ് അയ്യർ നയിക്കും; ബിഗ് ബോസ് ഷോയ്ക്കിടെ നാടകീയ പ്രഖ്യാപനവുമായി സൽമാൻ ഖാൻ- വിഡിയോ

Mail This Article
ന്യൂഡൽഹി∙ ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) 2025 സീസണിൽ പഞ്ചാബ് കിങ്സിനെ ശ്രേയസ് അയ്യർ നയിക്കും. കഴിഞ്ഞ സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ കിരീടവിജയത്തിലേക്കു നയിച്ച അയ്യരെ, ഇത്തവണ താരലേലത്തിൽ 26.75 കോടി രൂപയ്ക്കാണ് പഞ്ചാബ് കിങ്സ് സ്വന്തമാക്കിയത്. ഇതോടെ ഐപിഎൽ ചരിത്രത്തിൽ ഏറ്റവും ഉയർന്ന വില ലഭിക്കുന്ന രണ്ടാമത്തെ താരമായും അയ്യർ മാറിയിരുന്നു. ഐപിഎലിൽ ഇതുവരെ കിരീടം നേടാനാകാത്ത ടീമുകളിൽ ഒന്നായ പഞ്ചാബ്, ആ കുറവു പരിഹരിക്കാനാണ് അയ്യരെ ടീമിലെത്തിച്ച് നായകസ്ഥാനം കൈമാറിയിരിക്കുന്നത്.
ശ്രേയസ് അയ്യർ പഞ്ചാബ് നായകനാകുമെന്ന കാര്യം പ്രതീക്ഷിച്ചിരുന്നതാണെങ്കിലും, താരത്തെ നായകനായി പ്രഖ്യാപിച്ച രീതി അപ്രതീക്ഷിതമായി. ടെലിവിഷൻ റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ ഹിന്ദി പതിപ്പിൽ, ബോളിവുഡ് താരം സൽമാൻ ഖാനാണ് പ്രഖ്യാപനം നടത്തിയത്. ഇന്ത്യൻ താരം യുസ്‌വേന്ദ്ര ചെഹൽ, ശശാങ്ക് സിങ് തുടങ്ങിയവർക്കൊപ്പം ബിഗ് ബോസ് എപ്പിസോഡിൽ അതിഥിയായി എത്തിയപ്പോഴാണ്, പഞ്ചാബ് കിങ്സ് നായകനായി ശ്രേയസ് അയ്യരെ പ്രഖ്യാപിച്ചത്.
നായകനായി പ്രഖ്യാപിച്ചതിനു പിന്നാലെ, പഞ്ചാബ് കിങ്സ് മാനേജ്മെന്റിന് ശ്രേയസ് അയ്യർ നന്ദിയറിയിച്ചു. ‘‘ടീം എന്നിൽ അർപ്പിച്ച വിശ്വാസത്തിന് നന്ദി. മുഖ്യ പരിശീലകനായ റിക്കി പോണ്ടിങ്ങിനൊപ്പം ഒരിക്കൽക്കൂടി ഒന്നുചേർന്ന് പ്രവർത്തിക്കാൻ ലഭിക്കുന്ന അവസരത്തിനായി കാത്തിരിക്കുന്നു. ഇത്തവണ പഞ്ചാബ് ടീം ശക്തമാണ്. ഇതിനകം മികവു തെളിയിച്ചവരും മികവു തെളിയിക്കാൻ കെൽപ്പുള്ളവരും ടീമിലുണ്ട്. ടീം മാനേജ്മെന്റ് എന്നിലർപ്പിച്ച വിശ്വാസം, കന്നിക്കിരീടം ടീമിനു സമ്മാനിച്ച് കാത്തുസൂക്ഷിക്കാൻ സാധിക്കുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്’ – അയ്യർ പറഞ്ഞു.
കഴിഞ്ഞ സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ ഐപിഎൽ കിരീടവിജയത്തിലേക്കു നയിച്ച ശ്രേയസ് അയ്യർ, രഞ്ജി ട്രോഫി ജയിച്ച മുംബൈ ടീമിലും അംഗമായിരുന്നു. പിന്നീട് മുംബൈയെ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കിരീടവിജയത്തിലേക്കു നയിച്ചു. ഇറാനി കപ്പ് ജയിച്ച മുംബൈ ടീമിലും അംഗമായിരുന്നു.