ദേശീയ വനിതാ അണ്ടർ 23 ട്വന്റി20 ക്രിക്കറ്റ്: തോൽവിയറിയാതെ ഗ്രൂപ്പ് ചാംപ്യന്മാരായി കേരളം നോക്കൗട്ടിൽ

Mail This Article
ഗുവഹാത്തി∙ ദേശീയ വനിതാ അണ്ടർ 23 ട്വന്റി20 ക്രിക്കറ്റിൽ തോൽവിയറിയാതെ കേരളം നോക്കൗട്ടിൽ. കളിച്ച അഞ്ച് മത്സരങ്ങളിലും ആധികാരിക വിജയവുമായി ഗ്രൂപ്പ് ചാംപ്യന്മാരായാണ് കേരള വനിതകൾ നോക്കൗട്ടിലേക്ക് യോഗ്യത നേടിയത്. ലീഗ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഗുജറാത്തിനെ 32 റൺസിനാണ് കേരളം തോൽപിച്ചത്. ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 124 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഗുജറാത്തിന് 8 വിക്കറ്റ് നഷ്ടത്തിൽ 92 റൺസ് മാത്രമാണ് നേടാനായത്.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കേരളത്തിന് ഓപ്പണർമാരായ മാളവിക സാബുവും വൈഷ്ണയും മികച്ച തുടക്കം നൽകി. ഇരുവരും ചേർന്ന് ആദ്യ വിക്കറ്റിൽ 44 റൺസെടുത്തു. മാളവിക 27 റൺസെടുത്തും വൈഷ്ണ 31 റൺസെടുത്തും പുറത്തായി. അവസാന ഓവറുകളിൽ വേഗത്തിൽ റൺസുയർത്തിയ ക്യാപ്റ്റൻ നജ്‌ലയുടെയും (23) അജന്യയുടെയും (16) പ്രകടനം കൂടി ചേർന്നതോടെ കേരളത്തിന്റെ ഇന്നിങ്സ് 124 റൺസിൽ അവസാനിച്ചു.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഗുജറാത്തിനെ മികച്ച ബോളിങ്ങിലൂടെയും ഫീൽഡിങ്ങിലൂടെയും കേരള താരങ്ങൾ സമ്മർദ്ദത്തിലാക്കി. വിക്കറ്റുകൾ മുറയ്ക്ക് വീണതോടെ ഗുജറാത്തിന്റെ മറുപടി 92 റൺസിൽ അവസാനിച്ചു. 21 റൺസെടുത്ത ചക്സു പട്ടേലാണ് ഗുജറാത്തിന്റെ ടോപ് സ്കോറർ. കേരളത്തിനായി അജന്യ രണ്ടും സ്റ്റെഫ് സ്റ്റാൻലി, അലീന, ഭദ്ര പരമേശ്വരൻ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. മൂന്ന് ഗുജറാത്ത് താരങ്ങൾ റണ്ണൗട്ടായി.
ജനുവരി 16 മുതൽ തിരുവനന്തപുരത്താണ് നോക്കൗട്ട് മത്സരങ്ങൾ നടക്കുക. കേരളത്തിന്‍റെ ക്വാര്‍ട്ടര്‍ ഫൈനല്‍ 18ന് തിരുവനന്തപുരം മംഗലാപുരത്തുള്ള കെസിഎ സ്റ്റേഡിയത്തില്‍ നടക്കും.