ചാംപ്യൻസ് ട്രോഫിക്കായി ഇന്ത്യൻ ടീം പാക്കിസ്ഥാനിലേക്കില്ല; ടൂർണമെന്റിന് മുൻപേ രോഹിത് പാക്കിസ്ഥാൻ സന്ദർശിക്കും

Mail This Article
മുംബൈ∙ ചാംപ്യൻസ് ട്രോഫി ടൂർണമെന്റിലെ മത്സരങ്ങൾക്കു മുൻപ് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമ പാക്കിസ്ഥാനിലേക്കു പോകും. എട്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം നടക്കുന്ന ചാംപ്യൻസ് ട്രോഫിയുടെ ഉദ്ഘാടന ചടങ്ങുകളിൽ ഇന്ത്യൻ ക്യാപ്റ്റനും പങ്കെടുക്കുമെന്നാണു പുറത്തുവരുന്ന വിവരം. ഫെബ്രുവരി 16, 17 തീയതികളിൽ ഒരു ദിവസം ചാംപ്യൻസ് ട്രോഫിയുടെ ഉദ്ഘാടന പരിപാടികൾ ആഘോഷമായി നടത്താനാണ് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ആലോചിക്കുന്നത്.
എല്ലാ ടീമുകളുടേയും ക്യാപ്റ്റൻമാർ ഉദ്ഘാടന വേദിയിലുണ്ടാകും. 29 വർഷങ്ങൾക്കു ശേഷമാണ് ഒരു ഐസിസി ടൂർണമെന്റ് പാക്കിസ്ഥാനിൽ നടക്കുന്നത്. ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കുമൊപ്പം 1996ലെ ഏകദിന ലോകകപ്പിന് ആതിഥേയത്വം വഹിച്ചതായിരുന്നു പാക്കിസ്ഥാനിൽ ഒടുവിൽ നടന്ന ഐസിസി ടൂർണമെന്റ്. ഫെബ്രുവരി 19നാണ് ചാംപ്യൻസ് ട്രോഫി മത്സരങ്ങൾക്കു തുടക്കമാകുക. ടൂർണമെന്റിലെ ഇന്ത്യയുടെ കളികൾ മാത്രം ദുബായിലാണു നടക്കുന്നത്.
ഇന്ത്യ സെമി ഫൈനലും ഫൈനലും കളിച്ചാൽ ആ മത്സരങ്ങളും ദുബായിലേക്കു മാറ്റും. അല്ലെങ്കിൽ ലഹോറാണ് ഫൈനൽ വേദിയായി തീരുമാനിച്ചിട്ടുള്ളത്. ഇന്ത്യയ്ക്കും പാക്കിസ്ഥാനും പുറമേ അഫ്ഗാനിസ്ഥാൻ, ഓസ്ട്രേലിയ, ബംഗ്ലദേശ്, ഇംഗ്ലണ്ട്, ന്യൂസീലൻഡ്, ദക്ഷിണാഫ്രിക്ക ടീമുകളാണ് ടൂര്‍ണമെന്റിൽ പങ്കെടുക്കുന്നത്. ആദ്യ മത്സരത്തിൽ പാക്കിസ്ഥാനും ന്യൂസീലൻഡും ഏറ്റുമുട്ടും. ഫെബ്രുവരി 23 ന് ദുബായിൽ വച്ചാണ് ഇന്ത്യ– പാക്കിസ്ഥാൻ പോരാട്ടം.